പൊലിക പൊലിക; ചാവേര്‍ ആദ്യഗാനം പുറത്തിറങ്ങി

കൊച്ചി: ടിനു പാപ്പച്ചനും കുഞ്ചാക്കോ ബോബനും ആദ്യമായി ഒന്നിക്കുന്ന ‘ചാവേര്‍’ ഒക്ടോബര്‍ അഞ്ചിന് തിയേറ്ററുകളില്‍ എത്തുകയാണ്. സിനിമയുടെ റിലീസിന് മുന്നോടിയായി സിനിമയിലേതായ പൊലിക പൊലിക എന്ന ആദ്യ ഗാനമാണ് പ്രേക്ഷക ശ്രദ്ധ നേടുന്നത്. ഹരീഷ് മോഹനന്‍ എഴുതിയിരിക്കുന്ന വരികള്‍ക്ക് ജസ്റ്റിന്‍ വര്‍ഗ്ഗീസാണ് ത്രസിപ്പിക്കുന്ന സംഗീതം നല്‍കിയിരിക്കുന്നത്. ഗോവിന്ദ് വസന്ത, ബേബി ജീന്‍, സന്തോഷ് വര്‍മ്മ എന്നിവര്‍ ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്.

സ്വജീവന്‍ പണയം വെച്ച് എന്തും ചെയ്യാനിറങ്ങുന്നവരുടെ ജീവിതം പറയുന്ന രക്തരൂക്ഷിതമായ കഥയുമായെത്തുന്ന ‘ചാവേറി’ലെ ചടുലമായ ദൃശ്യങ്ങളുമായാണ് പൊലിക പൊലിക എന്ന ഗാനം ഇറങ്ങിയിരിക്കുന്നത്. കണ്ണൂരിലെ രാഷ്ട്രീയ കൊലപാതകങ്ങളും വന്യമായ മനസ്സുള്ള ചില മനുഷ്യരും അവരുടെ ജീവിത വഴികളിലെ രക്തരൂക്ഷിതമായ സംഭവങ്ങളുമൊക്കെയാണ് സിനിമയുടെ പശ്ചാത്തലം. ജീവനെപോലെ വിശ്വസിക്കുന്ന പാര്‍ട്ടിക്കുവേണ്ടി സ്വന്തം ജീവന്‍ പോലും നോക്കാതെ ഇറങ്ങിപ്പുറപ്പെടുന്നവരുടേയും, കൊണ്ടും കൊടുത്തും പയറ്റി തെളിഞ്ഞവരുടേയുമൊക്കെ ജീവിതം പറയുന്ന ഒരു പൊളിറ്റിക്കല്‍ ട്രാവല്‍ ത്രില്ലറാണ് സിനിമയെന്നാണ് ട്രയ്‌ലര്‍ നല്‍കുന്ന സൂചനകള്‍.

കണ്ണൂര്‍ പശ്ചാത്തലമാക്കിക്കൊണ്ട് നടനും സംവിധായകനുമായ ജോയ് മാത്യു ഒരുക്കിയിരിക്കുന്ന തിരക്കഥയിലാണ് ടിനു പാപ്പച്ചന്‍ ‘ചാവേര്‍’ ഒരുക്കിയിരിക്കുന്നത്. സ്വാതന്ത്ര്യം അര്‍ദ്ധരാത്രിയില്‍, അജഗജാന്തരം സിനിമകള്‍ക്ക് ശേഷം ടിനു പാപ്പച്ചന്‍ ഒരുക്കുന്ന ചിത്രമായതിനാല്‍ തന്നെ ചാവേര്‍ തിയേറ്ററുകളില്‍ തന്നെ കാണാന്‍ പ്രേക്ഷകര്‍ ഏറെ കാത്തിരിക്കുന്ന സിനിമയാണ്. കുഞ്ചാക്കോ ബോബന്‍, ആന്റണി വര്‍ഗ്ഗീസ,് അര്‍ജുന്‍ അശോകന്‍ എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഇതുവരെ കാണാത്ത രീതിയിലുള്ള വേഷപ്പകര്‍ച്ചയിലാണ് കുഞ്ചാക്കോ ബോബനേയും അര്‍ജുന്‍ അശോകനേയും ആന്റണി വര്‍ഗ്ഗീസിനേയും ജോയ് മാത്യുവിനേയുമൊക്കെ ട്രെയിലറില്‍ കാണാനാകുന്നത്. കാവ്യ ഫിലിം കമ്പനി, അരുണ്‍ നാരായണ്‍ പ്രൊഡക്ഷന്‍സ് എന്നീ ബാനറുകളില്‍ അരുണ്‍ നാരായണ്‍, വേണു കുന്നപ്പിള്ളി എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.

ഛായാഗ്രഹണം: ജിന്റോ ജോര്‍ജ്ജ്, എഡിറ്റര്‍: നിഷാദ് യൂസഫ്, സംഗീതം: ജസ്റ്റിന്‍ വര്‍ഗീസ്, പ്രൊഡക്ഷന്‍ ഡിസൈന്‍: ഗോകുല്‍ ദാസ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: ആസാദ് കണ്ണാടിക്കല്‍, സൗണ്ട് ഡിസൈന്‍: രംഗനാഥ് രവി, മേക്കപ്പ്: റോണക്‌സ് സേവ്യര്‍, കോസ്റ്റ്യൂം: മെല്‍വി ജെ, സംഘട്ടനം: സുപ്രീം സുന്ദര്‍, ലൈന്‍ പ്രൊഡ്യൂസര്‍: സുനില്‍ സിംഗ്, ചീഫ് അസോ. ഡയറക്ടര്‍: രതീഷ് മൈക്കിള്‍, പ്രൊഡക്ഷന്‍ എക്‌സിക്യുട്ടീവ്: ബ്രിജീഷ് ശിവരാമന്‍, സ്റ്റില്‍സ്: അര്‍ജുന്‍ കല്ലിങ്കല്‍, വി എഫ് എക്‌സ്: ആക്‌സല്‍ മീഡിയ, ഡിജിറ്റല്‍ പി ആര്‍ അനൂപ് സുന്ദരന്‍, ഡിസൈന്‍സ്: മക്ഗുഫിന്‍, പി.ആര്‍.ഓ: ഹെയിന്‍സ്, ആതിര ദില്‍ജിത്ത്, മാര്‍ക്കറ്റിംഗ്: സ്‌നേക്ക്പ്ലാന്റ്.

Top