സംസ്ഥാനത്ത് പൊലീസിങ്ങ് ശക്തമല്ല, മുഖ്യമന്ത്രി ഉടൻ ഇടപെടണം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇപ്പോള്‍ പൊലീസിങ് ഉണ്ടോ ? ഈ ചോദ്യത്തിന് ആഭ്യന്തര വകുപ്പാണ് മറുപടി പറയേണ്ടത്. പൊലീസിന്റെ ആത്മവീര്യം ചോര്‍ത്തി കളയുന്നതില്‍ നിര്‍ണ്ണായക സംഭാവന നല്‍കിയത് മുന്‍ ഡി.ജി.പി ലോകനാഥ് ബഹ്‌റയാണ്. പൊലീസ് സ്‌റ്റേഷന്‍ എസ്.എച്ച്.ഒ പദവിയില്‍ സി.ഐമാരെ നിയമിച്ചത് തന്നെ വലിയ പിഴവായിരുന്നു. ഒറ്റപ്പെട്ട ലോക്കപ്പ് മരണം മുന്‍ നിര്‍ത്തിയായിരുന്നു ഈ തീരുമാനം നടപ്പാക്കിയിരുന്നത്. ചുറു ചുറുക്കുള്ള എസ്.ഐമാര്‍ മാറി അവിടെ സി.ഐമാര്‍ എത്തിയപ്പോള്‍ പൊലീസ് സ്‌റ്റേഷനുകളുടെ പ്രവര്‍ത്തനത്തെ തന്നെയാണ് അത് സാരമായി ബാധിച്ചിരുന്നത്. ഇത് ക്രൈം വര്‍ദ്ധിക്കാന്‍ ഒരു പ്രധാന കാരണമായതായി ചൂണ്ടികാണിക്കപ്പെടുന്നുണ്ട്.

മുന്‍പ് രണ്ടും മൂന്നും പൊലീസ് സ്‌റ്റേഷനുകള്‍ ഓരോ സി.ഐമാരുടെയും കീഴില്‍ ഉണ്ടായിരുന്നു. അവരെയാണ് ഒരു പൊലീസ് സ്‌റ്റേഷന്റെ ചുമതലയില്‍ ഒതുക്കിയിരുന്നത്. ഫലത്തില്‍ തരം താഴ്ത്തല്‍ പോലെയാണ് ഈ മാറ്റത്തെ സി.ഐമാരില്‍ പലരും നോക്കി കണ്ടിരുന്നത്. ഇപ്പോള്‍ സ്‌റ്റേഷന്‍ എസ്.എച്ച്.ഒ യുടെ കീഴില്‍ എസ്.ഐമാര്‍ ഉണ്ടെങ്കിലും മിക്കയിടത്തും അവരുടെ പ്രവര്‍ത്തനവും മോശമാണ്. സ്‌റ്റേഷന്‍ ചുമതല ഇല്ലാത്തതാണ് ഇതിനു കാരണമായി പറയപ്പെടുന്നത്. ജില്ലാ പൊലീസ് സൂപ്രണ്ട് മുതല്‍ ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പി വരെയുള്ളവരുടെ നിയമനത്തിലും ബഹ്‌റയുടെ സ്വാധീനം പ്രകടമായിരുന്നു. സീനിയറായ പലരെയും തഴഞ്ഞാണ് ക്രമസമാധാന ചുമതലയില്‍ പുതിയ എ.ഡി.ജി.പിയെ നിയമിച്ചിരുന്നത്. ഇതിനു പിന്നിലും ബഹ്‌റയുടെ സ്വാധീനമാണ് പ്രകടമായിരുന്നത്.

കോവിഡ് കാലത്തെ ഇദ്ദേഹത്തിന്റെ പ്രവര്‍ത്തനമായിരുന്നു നിയമനത്തിനു കാരണമായി ചൂണ്ടിക്കാണിക്കപ്പെട്ടിരുന്നത്. എന്നാല്‍ ഈ വാദം തന്നെ തെറ്റാണ്. ഈ ഉദ്യോഗസ്ഥനേക്കാള്‍ കോവിഡ് കാലത്ത് പ്രവര്‍ത്തിച്ച നിരവധി ഉദ്യോഗസ്ഥരുണ്ട്. അവസരം ലഭിക്കുമ്പോഴാണ് ഉദ്യോഗസ്ഥര്‍ ആക്ട് ചെയ്യുക. അതാകട്ടെ ക്രമസമാധാന ചുമതലയില്‍ ഉള്ളവരുടെ കടമയുമാണ്. അതിനെ പര്‍വതീകരിച്ച് എടുത്ത് കാണിക്കുന്നതില്‍ തന്നെ, ‘പ്രത്യേക ‘ താല്‍പ്പര്യവും പ്രകടമാണ്.

ഇതു പോലെ വിവിധ ക്രമസമാധാന ചുമതലയുള്ള എസ്.പിമാര്‍, ഡി.ഐ.ജി, ഐ.ജി നിയമനങ്ങളും അന്നത്തെ ഡി.ജി.പിയുടെ താല്‍പ്പര്യ പ്രകാരമാണ് സർക്കാർ നടത്തിയിരിക്കുന്നത്. പൊലീസ് നിയമനങ്ങള്‍ നടക്കുമ്പോള്‍, സംസ്ഥാന പൊലീസ് ചീഫിനെ സര്‍ക്കാര്‍ മുഖവിലക്കെടുക്കേണ്ടത് ആവശ്യം തന്നെയാണ്. കാരണം, തന്റെ കീഴിലുള്ള ടീമിന്റെ കാര്യത്തില്‍ പൊലീസ് ചീഫിന് അഭിപ്രായം പറയാനുള്ള അര്‍ഹതയുണ്ട്. എന്നാല്‍ ഈ അവസരം ‘ഇഷ്ടക്കാരെ’ തിരുകി കയറ്റാന്‍ ഉപയോഗിക്കുന്നത് ഒരിക്കലും അംഗീകരിക്കാന്‍ കഴിയുന്നതല്ല. ബഹ്റ ചെയ്തത് അതാണ്.

ഇങ്ങനെ സംഭവിക്കുമ്പോള്‍ അത് സംസ്ഥാനത്തെ പൊലീസിന്റെ പ്രവര്‍ത്തനങ്ങളെയാണ് ബാധിക്കുക. തിരുവനന്തപുരത്ത് യുവാവിനെ വെട്ടിക്കൊന്ന് കാല്‍ റോഡിലേക്ക് വലിച്ചെറിയാന്‍ ഗുണ്ടകള്‍ക്ക് ധൈര്യം നല്‍കിയത് പൊലീസിങ്ങിന്റെ പരാജയമാണ്. ഇപ്പോള്‍, ആലപ്പുഴയില്‍ ഉണ്ടായ ഇരട്ട കൊലപാതകങ്ങളും നാട്ടിൽ വലിയ പരിഭ്രാന്തിയാണ് സൃഷ്ടിച്ചിരിക്കുന്നത്.ദേശീയ തലത്തിലും ഈ സംഭവം വലിയ വാർത്തയായിരിക്കുകയാണ്.

എസ്.ഡി.പി.ഐ നേതാവിന്റെ കൊലപാതകം അപ്രതീക്ഷിതമായിരുന്നു എന്ന പൊലീസ് വാദം അംഗീകരിച്ചാല്‍ തന്നെ, ബി.ജെ.പി നേതാവിന്റെ കൊലപാതകം പൊലീസിന്റെ വീഴ്ച കൊണ്ടു സംഭവിച്ചതാണ് എന്നു തന്നെ പറയേണ്ടി വരും.

കാരണം, കൊല്ലപ്പെട്ടത് എസ്.ഡി.പി.ഐ സംസ്ഥാന സെക്രട്ടറിയാണ്. ഈ സംഭവം നടന്ന ഉടനെ തന്നെ സംഘപരിവാര്‍ ആണ് കൊലപാതകത്തിനു പിന്നിലെന്നാണ് എസ്.ഡി.പി.ഐ ആരോപിച്ചിരുന്നത്. ഇതു ഗൗരവമായി കണ്ട് തിരിച്ചടി തടുക്കാന്‍ പൊലീസ് നടപടി സ്വീകരിക്കണമായിരുന്നു. എല്ലാവരുടെയും വീട്ടില്‍ സംരക്ഷണം ഒരുക്കാന്‍ പൊലീസിനു കഴിയില്ല. എന്നാല്‍ കൊലപാതകം നടന്ന ജില്ലയിലെ സംസ്ഥാന – ജില്ലാ നേതാക്കളുടെ വീടിന് സംരക്ഷണം ഏര്‍പ്പെടുത്താമായിരുന്നല്ലോ? എന്തുകൊണ്ട് അത് ചെയ്തില്ല? പുലര്‍ച്ചെ ആറ് ബൈക്കുകളില്‍ അക്രമികള്‍ കൊല്ലപ്പെട്ട ബി.ജെ.പി സംസ്ഥാന നേതാവ് രഞ്ജിത്തിന്റെ വീട്ടിലേക്ക് പോകുന്നത് സി.സി.ടി.വി ദൃശ്യത്തില്‍ വ്യക്തമാണ്. ഈ റോഡില്‍ എവിടെയും ഒരു പൊലീസ് വാഹനം പോലും കാണാനില്ലായിരുന്നു. കൃത്യം നിര്‍വ്വഹിച്ച് എളുപ്പത്തിലാണ് പ്രതികള്‍ കടന്നു കളഞ്ഞിരിക്കുന്നത്. ക്രമസമാധാന ചുമതലയുള്ള സി.ഐ മുതൽ എ.ഡി.ജി.പി വരെയുള്ളവരുടെ വീഴ്ചയാണിത്. ജാഗ്രത പാലിക്കാൻ ഡി.ജി.പി അനിൽ കാന്ത് നൽകിയ നിർദ്ദേശം പാലിക്കപ്പെട്ടിരുന്നു എങ്കിൽ, രണ്ടാമത്തെ കൊലപാതകമെങ്കിലും ഒഴിവാക്കാമായിരുന്നു.

അക്രമം നടന്നതിനു ശേഷം പ്രതികളെ പിടിക്കുന്നതിലല്ല, അക്രമം നടക്കാതെ നോക്കുന്നതിലാണ് പൊലീസ് മിടുക്ക് കാട്ടേണ്ടത്. അത് ആലപ്പുഴയിലും തിരുവനന്തപുരത്തും സംഭവിച്ചിട്ടില്ല. പാലക്കാട്ട് ബി.ജെ.പി പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ട കേസിലും പൊലീസ് ഇരുട്ടില്‍ തപ്പുകയാണ് ചെയ്യുന്നത്. മുന്‍പ് എസ്.എഫ്.ഐ നേതാവ് അഭിമന്യു കൊലക്കേസിലും പൊലീസിന്റെ ഈ അനാസ്ഥ പ്രകടമായിരുന്നു. ഇതു പോലെ ചൂണ്ടിക്കാട്ടാന്‍ ഇനിയും നിരവധി സംഭവങ്ങളുണ്ട്. സര്‍ക്കാറിനെ പ്രതിരോധത്തിലാക്കുന്ന ഇത്തരം വീഴ്ചകള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ പൊലീസ് ഭരണം കാര്യക്ഷമമാക്കേണ്ടത് അനിവാര്യമാണ്. അനാവശ്യമായ ഇടപെടല്‍ പൊലീസില്‍ നടത്തുന്നതിന് സ്വന്തം പാര്‍ട്ടിക്കാര്‍ക്കു വരെ റെഡ് സിഗ്‌നല്‍ ഉയര്‍ത്തിയ മുഖ്യമന്ത്രിയാണ് പിണറായി വിജയന്‍.

ഇങ്ങനെ പൊലീസിന് സ്വാതന്ത്ര്യം നല്‍കുന്ന മുഖ്യമന്ത്രി ഒരു സംസ്ഥാനത്തും ഉണ്ടാകുകയില്ല. ഈ സ്വാതന്ത്യം ഫലപ്രദമാകാന്‍ മിടുക്കരായ ഉദ്യോഗസ്ഥരുടെ ഒരു ടീം തന്നെ ആവശ്യമാണ്. അത്തരക്കാരെ തിരഞ്ഞെടുക്കുമ്പോള്‍ മുഖ്യമന്ത്രിയുടെ ഓഫീസും പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. ‘ബഹ്‌റ’ മാരുടെയും സൂപ്പര്‍ ഡി.ജി.പി ചമയുന്ന എസ്.പിമാരുടെയും ശുപാര്‍ശയല്ല നിയമനത്തില്‍ ബാധകമാക്കേണ്ടത്. കഴിവിനാണ് പ്രാമുഖ്യം കൊടുക്കേണ്ടത്. തലപ്പത്ത് ആരോപണ വിധേയര്‍ ഇരുന്നാല്‍ താഴെയുള്ള ഉദ്യോഗസ്ഥരുടെ പ്രവര്‍ത്തനങ്ങളെയും അതു ബാധിക്കും.

ചങ്കുറപ്പുള്ള ഉദ്യോഗസ്ഥരെ കണ്ടെത്തിയാണ് നിയമിക്കേണ്ടത്. ഇതു സംബന്ധമായ തീരുമാനം മുഖ്യമന്ത്രി തന്നെ നേരിട്ട് എടുക്കുന്നതാണ് ഉചിതമാകുക. അപ്പോള്‍ മാത്രമേ പൊലീസിന് മുഖ്യമന്ത്രി നല്‍കിയ സ്വാതന്ത്ര്യം ഫലപ്രദമായി ഉപയോഗിക്കപ്പെടുകയൊള്ളു. നാട്ടില്‍ കലാപം ഉണ്ടാകാന്‍ തക്കം പാര്‍ത്തിരിക്കുന്ന ശക്തികള്‍ കരുത്താര്‍ജിച്ചു കൊണ്ടിരിക്കുന്ന പുതിയ കാലത്ത് പൊലീസ് ഉദ്യോഗസ്ഥരുടെ നിയമനത്തിലും ഗൗരവപരമായ പരിശോധനക്ക് മുഖ്യമന്ത്രി തയ്യാറാകണം. ടീം ബഹ്റക്ക് പകരം ടീം അനിൽ കാന്തിനെയാണ് ക്രമസമാധാന ചുമതലയിൽ നിയമിക്കേണ്ടത്.

EXPRESS KERALA VIEW

Top