സിഎഎക്കെതിരെ റാലിയില്‍ പങ്കെടുത്തതിന് യുവാവിന് പിസിസി നിഷേധിച്ചു

കൊച്ചി: പൗരത്വ നിയമത്തിനെതിരെ റാലിയില്‍ പങ്കെടുത്ത യുവാവിന് പൊലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് (പിസിസി) നിഷേധിച്ചു. മഹല്ല് കോഓര്‍ഡിനേഷന്‍ കമ്മിറ്റി സംഘടിപ്പിച്ച റാലിയിലാണ് യുവാവ് പങ്കെടുത്തത്. യുസി കോളജിനു സമീപം കടൂപ്പാടം തൈവേലിക്കകത്ത് ടി.എം അനസിനാണ് ആലുവ ഈസ്റ്റ് പൊലീസ് പിസിസി നിഷേധിച്ചത്.

മെക്കാനിക്കല്‍ ഡിപ്ലോമക്കാരനായ അനസ് കൊച്ചി ഷിപ്യാര്‍ഡില്‍ കരാറുകാരന്റെ കീഴില്‍ ജോലി ചെയ്യുന്നതിനു വേണ്ടി ചൊവ്വാഴ്ച പിസിസിക്ക് അപേക്ഷിച്ചിരുന്നു. ബുധനാഴ്ച വൈകിട്ടു സര്‍ട്ടിഫിക്കറ്റ് വാങ്ങാന്‍ എത്തിയപ്പോഴാണു തരാന്‍ പറ്റില്ലെന്ന് പൊലീസ് അറിയിച്ചത്. യാതൊരു ക്രിമിനല്‍ കേസിലും പ്രതിയല്ലാത്ത യുവാവിന് റാലിയില്‍ പങ്കെടുത്തെന്ന കാരണമാണ് പൊലീസ് കണ്ടെത്തിയത്.

സംഭവം അറിഞ്ഞ് വി.കെ. ഇബ്രാഹിംകുഞ്ഞ് എംഎല്‍എ അടക്കം ഒട്ടേറെയാളുകള്‍ പ്രതിഷേധവുമായി രാത്രി പൊലീസ് സ്റ്റേഷനിലെത്തി. അന്‍വര്‍ സാദത്ത് എംഎല്‍എയും വിഷയത്തില്‍ ഇടപെട്ടു. സംഭവം വഷളാകുമെന്ന് മനസ്സിലാക്കിയതോടെ പിസിസി നല്‍കുമെന്ന് പൊലീസ് അറിയിച്ചിട്ടുണ്ട്.

Top