ഇസ്രയേല്‍ യുദ്ധ ഭൂമിയിലെ പോലീസുകാര്‍ അണിയുന്നത് കണ്ണൂരിലെ മരിയന്‍ അപ്പാരല്‍ നിര്‍മിച്ച യൂണിഫോം

കണ്ണൂര്‍: ലോകത്തെ തന്നെ ഭീതിയിലാക്കി ഇസ്രയേല്‍-ഹമാസ് പോരാട്ടം തുടരുകയാണ്. ഏത് നിമിഷവും ഗാസയിലേക്ക് ഇരച്ചുകയറി ആക്രമണം നടത്താനാണ് ഇസ്രയേലിന്റെ പടപ്പുറപ്പാട്.കരയുദ്ധത്തിന് ഇസ്രയേല്‍ മുന്നൊരുക്കം നടത്തുകയാണെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് ഇസ്രയേല്‍ പൊലീസ് സേനയുടെ കണ്ണൂര്‍ ബന്ധവും വാര്‍ത്തകളില്‍ ഇടം നേടുന്നത്.

തൊടുപുഴ സ്വദേശിയായ മുംബൈ മലയാളി വ്യവസായി തോമസ് ഓലിക്കലിന്റെ ഉടമസ്ഥതയിലുള്ള ഈ കമ്പനിയില്‍ ആയിരത്തി അഞ്ഞൂറോളം ജീവനക്കാരാണ് ജോലി ചെയ്യുന്നത്. കണ്ണൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മരിയന്‍ അപ്പാരലാണ് കഴിഞ്ഞ കുറെ വര്‍ഷങ്ങളായി ഇസ്രയേല്‍ പൊലീസിന് യൂണിഫോം കയറ്റുമതി ചെയ്യുന്നത്. വര്‍ഷത്തില്‍ ഒരു ലക്ഷം യൂണിഫോമുകളാണ് കമ്പനി നല്‍കുന്നത്. ഇസ്രയേലിനെ കൂടാതെ ലോകത്തെ മറ്റ് രാജ്യങ്ങളിലെ സായുധ സേനകള്‍ക്കും മരിയന്‍ അപ്പാരല്‍ യൂണിഫോം എത്തിച്ചു നല്‍കുന്നുണ്ട്.

2015 മുതല്‍ ഇസ്രയേല്‍ പൊലീസിന് ആവശ്യമായ യൂണിഫോം തങ്ങളാണ് വിതരണം ചെയ്യുന്നതെന്ന് മരിയാന്‍ അപ്പാരല്‍ എംഡി തോമസ് ഒളിക്കല്‍ ഓണ്‍ലൈന്‍ മാദ്ധ്യമമായ ഓപ്പണ്‍ ഡൈജസ്റ്റിനോട് പറഞ്ഞു. ‘ഇസ്രയേലിലേക്ക് ഒരു പുതിയ ബാച്ച് ചരക്ക് അയക്കാനുള്ള തിരക്കിലാണ് ഞങ്ങള്‍. സൗദി അറേബ്യ, കുവൈറ്റ്, ഖത്തര്‍ തുടങ്ങിയ മിഡില്‍ ഈസ്റ്റ് രാജ്യങ്ങളിലെ സര്‍ക്കാര്‍ വകുപ്പുകളിലെ യൂണിഫോം ഞങ്ങളാണ് വിതരണം ചെയ്യുന്നത്’- തോമസ് ഒളിക്കല്‍ പറഞ്ഞു.

2015ല്‍ ഇസ്രയേല്‍ പൊലീസിന്റെ പ്രതിനിധി കണ്ണൂരിലെ ഫാക്ടറി സന്ദര്‍ശിച്ചിരുന്നു. യൂണിഫോം നിര്‍മ്മാണത്തില്‍ കമ്പനി പിന്തുടരുന്ന ഗുണനിലവാര മാനദണ്ഡങ്ങള്‍ ഇസ്രയേലിന് ബോദ്ധ്യപ്പെട്ടതോടെയാണ് യൂണിഫോം വിതരണം ചെയ്യാനുള്ള കരാര്‍ അപ്പാരല്‍ കമ്പനി നേടിയത്. കണ്ണൂര്‍ വലിയവെളിച്ചത്ത് സ്ഥിതി ചെയ്യുന്ന ഇന്‍ഡസ്ട്രിയല്‍ പാര്‍ക്കിലാണ് മരിയന്‍ അപ്പാരല്‍ പ്രവര്‍ത്തിക്കുന്നത്. വിവിധ രാജ്യങ്ങളിലെ സേനകള്‍ക്കും സര്‍ക്കാര്‍ വകുപ്പുകള്‍ക്കും ആവശ്യമായ യൂണിഫോം മാത്രമാണ് പ്രധാന ഉത്പാദനം.

കുവൈറ്റിലെ നാഷണല്‍ ഗാര്‍ഡിനും അഗ്‌നിശമന സേനയ്ക്കും യൂണിഫോം വിതരണം ചെയ്യുന്നത് മരിയന്‍ അപ്പാരലാണ്. ഒരു ചൈനീസ് കമ്പനി കരാര്‍ നേടുന്നതിന് മുമ്പ് ഇസ്രയേല്‍ പൊലീസിന് ട്രൗസറുകള്‍ വിതരണം ചെയ്തതും ഈ കമ്പനിയായിരുന്നു. ഫിലിപ്പൈന്‍സ് സൈന്യം, യുകെ, ജര്‍മ്മനി, ഖത്തര്‍, സൗദി അറേബ്യ എന്നീ രാജ്യങ്ങളിലെ ആരോഗ്യ പ്രവര്‍ത്തകര്‍ എന്നിവര്‍ക്കും മരിയാന്‍ അപ്പാരലാണ് യൂണിഫോം എത്തിക്കുന്നത്. 900 ജീവനക്കാരാണ് ഇവിടെയുള്ളത്.

Top