നെയ്യാറ്റിന്‍കരയില്‍ യുവതി ഭര്‍ത്തൃവീട്ടില്‍ തൂങ്ങി മരിച്ചു; ദുരൂഹതയെന്ന് ബന്ധുക്കള്‍

നെയ്യാറ്റിന്‍കര: നെയ്യാറ്റിന്‍കരയില്‍ യുവതി ഭര്‍ത്തൃവീട്ടില്‍ തൂങ്ങി മരിച്ചു. നിയമസഭയിലെ പൊലീസ് ഉദ്യോഗസ്ഥനായ സുരേഷ് കുമാറിന്റെ ഭാര്യബാലരാമപുരം സ്വദേശി അഞ്ജുവിനെയാണ് ഇന്നലെ മരിച്ചനിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ ദുരൂഹതയുണ്ടെന്നാരോപിച്ച് ബന്ധുക്കള്‍ രംഗത്തെത്തിയിട്ടുണ്ട്.

മൂന്ന് വര്‍ഷം മുന്‍പായിരുന്നു ഇരുവരുടെയും വിവാഹം. ഭര്‍ത്താവിന് മറ്റൊരു ബന്ധമുണ്ടെന്ന് ആരോപിച്ച് ഇരുവരും തമ്മില്‍ നേരത്തെ മുതല്‍ തര്‍ക്കം നിലനിന്നിരുന്നതായി അഞ്ജുവിന്റെബന്ധുക്കള്‍ പറയുന്നു.കഴിഞ്ഞ ദിവസവും ഇരുവരും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായി. ഉച്ച തിരിഞ്ഞ് മൂന്ന് മണിയോടെയാണ് അഞ്ജുവിനെ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഉടന്‍ ആശുപത്രിയില്‍ കൊണ്ടുപോകാന്‍ തയ്യാറായില്ലെന്നും മൂന്ന് മണിക്കൂറിന് ശേഷമാണ് മറ്റുളളവരെ വിവരമറിയിച്ചതെന്നും ബന്ധുക്കള്‍ ആരോപിക്കുന്നു.

അഞ്ജു തൂങ്ങിമരിച്ചുവെന്നാണ് സുരേഷിന്റെ കുടുംബം പറയുന്നത്. എന്നാല്‍, മറ്റുളളവര്‍ വീട്ടിലെത്തുമ്പോള്‍ കട്ടിലില്‍ ആയിരുന്നു മൃതദേഹം. ഇതും ദുരൂഹമാണെന്നാണ് അഞ്ജുവിന്റെ കുടുംബത്തിന്റെ ആരോപണം. യുവതിയുടെ ശരീരത്തില്‍ അടിയുടെ പാടുകള്‍ കണ്ടെത്തിയിട്ടുണ്ട്. നെയ്യാറ്റിന്‍കര പൊലീസ്‌കേസെടുത്തിട്ടുണ്ട്.

Top