ജി സുധാകരനെതിരായ പരാതി പിന്‍വലിച്ചെന്ന് പൊലീസ്

ആലപ്പുഴ: മന്ത്രി ജി സുധാകരന് എതിരായ മുന്‍ പേഴ്‌സണല്‍ സ്റ്റാഫംഗത്തിന്റെ ഭാര്യ നല്‍കിയ പരാതി പിന്‍വലിച്ചെന്ന് പൊലീസ്. പരാതിയില്‍ ഉറച്ച് നില്‍ക്കുന്നില്ലന്ന് പരാതിക്കാരി പൊലീസിനെ വിളിച്ച് അറിയിക്കുകയായിരുന്നു എന്നും പൊലീസ് പറഞ്ഞു. എന്നാല്‍, പരാതി പിന്‍വലിക്കില്ലെന്ന് മുന്‍ പരാതിക്കാരി പറഞ്ഞു. പല ഭാഗത്തു നിന്നും സമ്മര്‍ദ്ദം ഉണ്ടായെങ്കിലും പരാതി പിന്‍വലിക്കാന്‍ ഒരുക്കമല്ല. പിന്‍വലിച്ചു എന്ന് പോലീസ് പറയുന്നത് ശരിയല്ല എന്നും അവര്‍ പ്രതികരിച്ചു.

സംഭവത്തില്‍ പരാതിക്കാരിയുടെ ഭര്‍ത്താവിനോട് വിശദീകരണം തേടാന്‍ സിപിഎം ഇന്നലെ തീരുമാനിച്ചിരുന്നു. പുറക്കാട് ലോക്കല്‍ കമ്മിറ്റിയുടേതായിരുന്നു തീരുമാനം. സ്ത്രീത്വത്തെ അപമാനിക്കുകയും വര്‍ഗീയ സംഘര്‍ഷത്തിനിടയാക്കുകയും ചെയ്യുന്ന പരാമര്‍ശങ്ങള്‍ നടത്തിയെന്നാരോപിച്ചാണ് ജി സുധാകരനെതിരെ പരാതി ഉയര്‍ന്നത്. മന്ത്രിയുടെ മുന്‍ പേഴ്‌സണല്‍ സ്റ്റാഫ് അംഗത്തിന്റെ ഭാര്യ അമ്പലപ്പുഴ പൊലീസിലാണ് പരാതി നല്‍കിയത്.

എസ്എഫ്‌ഐ ആലപ്പുഴ മുന്‍ ജില്ലാ കമ്മിറ്റി അംഗവുമാണ് ഇവര്‍. കഴിഞ്ഞ ജനുവരി 8 ന് പരാതിക്കാരിയെ വിവാഹം ചെയ്തതിന് പിന്നാലെ മന്ത്രി പേഴ്‌സണല്‍ സ്റ്റാഫിനെ ഒഴിവാക്കിയെന്ന് പരാതി ഉയര്‍ന്നിരുന്നു.

 

Top