ഫാത്തിമയുടെ മരണം; സഹപാഠികളുടെ മൊഴി വീണ്ടും എടുക്കും

ചെന്നൈ: ഫാത്തിമ ലത്തീഫിന്റെ ദുരൂഹ മരണത്തില്‍ സഹപാഠികളുടെ മൊഴി വീണ്ടും എടുക്കും. ഫാത്തിമയുടെ സഹപാഠികള്‍ ഉള്‍പ്പടെ മുപ്പതോളം പേരുടെ മൊഴി ഇന്നലെ രേഖപ്പെടുത്തിയതിന് പിന്നാലെയാണ് വീണ്ടും ചോദ്യംചെയ്യാന്‍ തീരുമാനമായത്. കമ്മീഷണര്‍ ഓഫീസിലേക്ക് വിളിച്ച് വരുത്തി വിശദമായി ചോദ്യം ചെയ്യാനാണ് തീരുമാനം. അവധിയായതിനാല്‍ വീട്ടിലേക്ക് മടങ്ങിയ വിദ്യാര്‍ഥികളോടും ചോദ്യം ചെയ്യലിന് ഹാജരാവാന്‍ ആവശ്യപ്പെട്ടു.

അതിനിടെ ഫാത്തിമയുടെ മരണവുമായി ബന്ധപ്പെട്ട് ആരോപണ വിധേയരായ അധ്യാപകരെ ചോദ്യം ചെയ്തു.ഫാത്തിമ ലത്തീഫിന്റെ ആത്മഹത്യ കുറിപ്പില്‍ പേരു പരാമര്‍ശിക്കപെട്ട സുദര്‍ശന്‍ പത്മനാഭന്‍, ഹേമചന്ദ്രന്‍, മിലിന്ദ് എന്നിവരെയാണ് ചോദ്യം ചെയ്തത്.ഐ.ജി. ഈശ്വരമൂര്‍ത്തിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘമാണ് ചോദ്യം ചെയ്തത്.

അതേസമയം സംഭവത്തില്‍ ആഭ്യന്തര അന്വഷണം അടക്കം ആവശ്യപ്പെട്ട് ഐഐടിയില്‍ ഒരു വിഭാഗം വിദ്യാര്‍ത്ഥികള്‍ നടത്തുന്ന നിരാഹാര സമരം രണ്ടാം ദിവസത്തിലേക്ക് കടന്നു. അതിനിടെ ഐഐടി ഡയറക്ടറെ കേന്ദ്രസര്‍ക്കാര്‍ അടിയന്തിരമായി ഡല്‍ഹിക്കു വിളിപ്പിച്ചു. ഫാത്തിമയുടെ മരണം പാര്‍ലമെന്റ് സമ്മേളനത്തെ ബാധിക്കുന്ന സാഹചര്യം ഉണ്ടായതോടെയാണ് ഐഐടി ഡയറക്ടറെ ഡല്‍ഹിക്കു വിളിപ്പിച്ചത്. കേന്ദ്ര മാനവ വിഭവ ശേഷി മന്ത്രലയത്തില്‍ എത്തി ഡയറക്ടര്‍ സാഹചര്യങ്ങള്‍ ധരിപ്പിക്കും.

Top