50 ലക്ഷം തട്ടിച്ചുവെന്ന കേസ്: പിവി അന്‍വര്‍ എംഎല്‍എയെ പൊലീസ് ചോദ്യം ചെയ്തേക്കും

anwar

മലപ്പുറം: ബിസിനസില്‍ പങ്കാളിയാക്കാമെന്ന് പറഞ്ഞ് മലപ്പുറം സ്വദേശിയില്‍ നിന്ന് പണം തട്ടിയ കേസില്‍ പിവി അന്‍വര്‍ എംഎല്‍എയെ പൊലീസ് ചോദ്യം ചെയ്‌തേക്കും. എംഎല്‍എക്ക് പണം കൈമാറിയതിന്റെ ബാങ്ക് രേഖകള്‍ പൊലീസിന് ലഭിച്ചിട്ടുണ്ട്. തട്ടിപ്പുമായി ബന്ധപ്പെട്ട രേഖകള്‍ പരിശോധിക്കാന്‍ അന്വേഷണ സംഘം മാംഗ്ലൂരിലെത്തി.

ക്വാറി ബിസിനസില്‍ പങ്കാളിയാക്കാമെന്ന് പറഞ്ഞ് പിവി അന്‍വര്‍ എംഎല്‍എ 50 ലക്ഷം രൂപ തട്ടിയെടുത്തുവെന്ന മലപ്പുറം പട്ടര്‍ക്കടവ് സ്വദേശി സലീമിന്റെ പരാതിയില്‍ പൊലീസ് അന്വേഷണം രണ്ടാം ഘട്ടത്തിലാണ്.

എംഎല്‍എ തട്ടിപ്പിന് ചൂണ്ടിക്കാട്ടിയ ക്വാറി ബിസിനസുമായി ബന്ധപ്പെട്ട ലൈസന്‍സും മറ്റു രേഖകളും അന്വേഷണം സംഘം പരിശോധിച്ചു. അതേസമയം എംഎല്‍എ തന്റേതാണെന്ന് പറഞ്ഞ ക്വാറി രേഖകളിലും ക്രമക്കേടുകളുണ്ട്.

മാംഗ്ലൂരിലെ ബാല്‍ത്തങ്ങാടിയിലെ കെഇ ക്രഷര്‍ എന്ന സ്ഥാപനവും അതിനോടനുബന്ധിച്ച സ്ഥലവും തന്റേതാണെന്ന് ചൂണ്ടി കാണിച്ചാണ് എംഎല്‍എ നിയമ വ്യവസ്ഥയുണ്ടാക്കിയത്. എന്നാല്‍ ഈ സ്ഥലം ലീസില്‍ മറ്റാര്‍ക്കോ ഉടമപ്പെട്ട സ്വത്താണെന്ന് പരാതിക്കാരന്‍ പറയുന്നു. 50 ലക്ഷത്തിന്റെ പണമിടപാട് നടന്നതിന്റെ തെളിവുകള്‍ പൊലീസിന് ബാങ്കില്‍ നിന്ന് ലഭിച്ചിരുന്നു. അന്‍വറിന്റെ അക്കൗണ്ടിലേക്ക് പണം കൈമാറിയതിന്റെ രേഖകളും സലിം പൊലീസിന് നല്‍കിയിരുന്നു. മാംഗ്ലൂരിലുള്ള അന്വേഷണ സംഘം തിരിച്ചെത്തിയാലുടന്‍ എംഎല്‍എ യെ ചോദ്യം ചെയ്‌തേക്കും.

Top