‘1930 എന്ന നമ്പര്‍ മറക്കരുത്’; ഓണ്‍ലൈന്‍ തട്ടിപ്പില്‍ പൊലീസ് മുന്നറിയിപ്പ്

തിരുവനന്തപുരം: ഓൺലൈൻ സാമ്പത്തിക തട്ടിപ്പുകൾ വർധിച്ചു വരുന്ന പശ്ചാത്തലത്തിൽ മുന്നറിയിപ്പുമായി കേരള പൊലീസ്. വിവിധ രീതിയിലാണ് ഓൺലൈൻ വഴിയുള്ള സാമ്പത്തിക തട്ടിപ്പുകൾ നടക്കുന്നത്. സാമൂഹിക മാധ്യമങ്ങളിലെ ഫോട്ടോ ഉപയോഗിച്ച് വ്യാജ അക്കൗണ്ട് ഉണ്ടാക്കി ഫ്രണ്ട് ലിസ്റ്റിൽ ഉൾപ്പെട്ട ആളുകൾക്ക് സന്ദേശം അയച്ച് പണം തട്ടുന്ന രീതിയാണ് ഇതിൽ ഒന്ന്. ഇതുമായി ബന്ധപ്പെട്ട് നിരവധി പരാതികൾ ഉയർന്നു വരുന്ന സാഹചര്യത്തിലാണ് കേരള പൊലീസ് മുന്നറിയിപ്പ് നൽകിയത്.

ഒരു നമ്പർ അയച്ച് അതിലേക്ക് ഓൺലൈൻ വഴി പണം അയയ്ക്കൽ, ഗിഫ്റ്റ് കൂപ്പൺ പർചേസ് ചെയ്ത് അയച്ചുകൊടുക്കൽ തുടങ്ങിയ രീതികളിലാണ് പണം ആവശ്യപ്പെടുന്നത്. ഇതിനുള്ള പോംവഴി സാമൂഹിക മാധ്യമത്തിലെ അക്കൗണ്ടുകൾ ‘പ്രൈവറ്റ്’ ആയി സൂക്ഷിക്കുകയാണെന്ന് തിരുവനന്തപുരം സിറ്റി സൈബർ ക്രൈം പൊലീസ് സ്‌റ്റേഷൻ എസിപി ടി ശ്യാംലാൽ പറയുന്നു.

ഇതുപോലുള്ള സന്ദേശങ്ങൾ ലഭിച്ചാൽ നാഷനൽ സൈബർ ക്രൈം റിപ്പോർട്ടിങ് പോർട്ടലിന്റെ 1930 എന്ന നമ്പരിൽ വിളിച്ച് പരാതി രജിസ്റ്റർ ചെയ്യാം. ഒരു കാരണവശാലും ഇത്തരത്തിൽ വരുന്ന സന്ദേശങ്ങളിൽ വീഴരുത്. ഉന്നതരുമായി ബന്ധപ്പെട്ടാണ് ഇത്തരം ഓൺലൈൻ തട്ടിപ്പുകൾ നടക്കുന്നത്. ഉന്നതരായിട്ടുള്ള ആളുകളുടെ പേരിൽ വ്യാജ അക്കൗണ്ട് സൃഷ്ടിച്ചാണ് തട്ടിപ്പ് നടത്തുന്നത്. അടുപ്പമുള്ളവർക്ക് സന്ദേശം അയച്ചാണ് തട്ടിപ്പ് നടത്തുന്നത്. ഇത്തരത്തിൽ സന്ദേശങ്ങൾ ലഭിച്ചാൽ ബന്ധപ്പെട്ട ആളുകളെ വിളിച്ച് സന്ദേശത്തിന്റെ നിജസ്ഥിതി ഉറപ്പുവരുത്തേണ്ടതാണെന്നും ശ്യാംലാൽ പറയുന്നു.

Top