ക്രമസമാധാന പ്രശ്‌നങ്ങള്‍ ഉണ്ടാകുമ്പോള്‍ പൊലീസ് കാഴ്ചക്കാരായി നില്‍ക്കുന്നത് ശരിയല്ലെന്ന് വിഎസ്

vs achuthanandan

തിരുവനന്തപുരം: ശബരിമല ദര്‍ശനത്തിനെത്തിയ യുവതികളെ പൊലീസ് തിരിച്ചിറക്കിയതില്‍ ശക്തമായ പ്രതിഷേധവുമായി ഭരണപരിഷ്‌ക്കാര കമ്മിഷന്‍ അദ്ധ്യക്ഷന്‍ വി.എസ്.അച്യുതാന്ദന്‍. ക്രമസമാധാന പ്രശ്‌നങ്ങള്‍ ഉണ്ടാകുമ്പോള്‍ പൊലീസ് കാഴ്ചക്കാരായി നില്‍ക്കുന്നത് ശരിയല്ലെന്ന് വി.എസ് പറഞ്ഞു. ശബരിമലയിലേക്ക് പോയ യുവതികളുടെ വീട്ടില്‍ അതിക്രമം നടത്തുന്ന ഗുണ്ടകളെ അറസ്റ്റ് ചെയ്യണമെന്നും വി.എസ് ആവശ്യപ്പെട്ടു.

മലകയറാനെത്തിയ യുവതികള്‍ക്കെതിരേ വന്‍ ഭക്തജന പ്രതിഷേധമാണ് രാവിലെ ഉണ്ടായത്. പ്രതിഷേധം മറികടന്ന് യുവതികളെ സന്നിധാനത്ത് എത്തിക്കാന്‍ കഴിയില്ലെന്ന് ഉറപ്പായതിനെ തുടര്‍ന്ന് കൊയിലാണ്ടി സ്വദേശി ബിന്ദു, അങ്ങാടിപ്പുറം സ്വദേശി കനകദുര്‍ഗ എന്നിവരെ പൊലീസ് മലയിറക്കി. യുവതികളുടെ വിസമ്മതം വകവെക്കാതെ യുവതികളെ പൊലീസ് തിരിച്ചിറക്കുകയായിരുന്നു. തിരിച്ചിറങ്ങാന്‍ വിസമ്മതിച്ച ബിന്ദു നിലത്ത് കിടന്ന് പ്രതിഷേധിച്ചു. ആംബുലന്‍സിലാണ് ഇവരെ തിരിച്ചിറക്കിയത്.
ക്രമസമാധാന പ്രശ്‌നം കാരണമാണ് ഇവരെ തിരിച്ചിറക്കുന്നതെന്ന് പൊലീസ് അറിയിച്ചിരുന്നു.

ഇതിനിടെ യുവതികളില്‍ ഒരാള്‍ക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു. കനകദുര്‍ഗയ്ക്കാണ് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. എന്നാല്‍ കനകദുര്‍ഗയ്ക്ക് ദേഹാസ്വാസ്ഥ്യമില്ലെന്നും പൊലീസ് തങ്ങളെ നിര്‍ബന്ധിച്ച് തിരിച്ചിറക്കുകയാണെന്നും ബിന്ദു പറഞ്ഞു. യുവതികളെ മരക്കൂട്ടത്തുനിന്ന് തിരിച്ചിറക്കിയത് ആംബുലന്‍സിലായിരുന്നു.

Top