സംവിധാനം, ഡി.ഐ.ജി സഞ്ജയ്, ആ വീഡിയോ കലക്കി, വൈറല്‍ !

ലോക്ഡൗണ്‍ കാലത്ത് കൊലയാളി വൈറസിനെ പേടിച്ച് ലോകം തന്നെ വീട്ടിലിരിക്കുമ്പോള്‍ കര്‍മ്മനിരതരായി ഓടി നടക്കുന്ന പൊലീസുകാരുടെ കഷ്ടപ്പാടുകള്‍ ആരെങ്കിലും ഓര്‍ക്കാറുണ്ടോ?

കൊറോണ വരുന്നുണ്ടോ എന്ന് നോക്കാന്‍ വീടിന് പുറത്തിറങ്ങി കറങ്ങിനടക്കുന്ന വിവരദോഷികളായ ചിലരെങ്കിലും കേരളത്തിലുണ്ടാകും. അത്തരക്കാര്‍ ഒന്നോര്‍ക്കണം… സ്വന്തം ജീവന്‍വരെ കൈക്കുള്ളിലാക്കിയാണ് കാക്കിപ്പട കേരളത്തിലെ ക്രമസമാധാനം പാലിക്കാന്‍ പാടുപെടുന്നത്.

പൊലീസിന്റെ ഈ കഷ്ടപാടുകള്‍ 24 സെക്കന്റിലെ ഒരു വീഡിയോയില്‍ കൂടി ജനങ്ങളിലെക്കെത്തിക്കുകയാണ് ഡി.ഐ.ജി സഞ്ജയ് കുമാര്‍ ഗരുഡിന്‍. സ്വന്തം വീട്ടില്‍ ഡ്യൂട്ടി കഴിഞ്ഞ് വരുന്ന പൊലീസ് ഓഫീസറുടെ അടുത്തേക്ക് മക്കള്‍ ഓടി വരുമ്പോള്‍ അകറ്റി നിര്‍ത്തി കൈ കഴുകാന്‍ അകത്തേക്ക് പോകുന്ന ദൃശ്യമാണ് വീഡിയോയിലുള്ളത്.

വൈറസ് ബാധയെ കുറിച്ച് പൊലീസ് ഓഫീസര്‍ക്കുള്ള ബോധമാണ് ഇവിടെ സമൂഹത്തിന് പകര്‍ന്നു നല്‍കിയിരിക്കുന്നത്. സാഹചര്യം എന്ത് തന്നെയായാലും സര്‍ക്കാരിന്റെ നിര്‍ദേശം കര്‍ശനമായി നടപ്പാക്കാനാണ് കേരള പൊലീസിന്റെ തീരുമാനം. വീഡിയോയില്‍ അഭിനയിച്ചതും സംവിധാനം ചെയ്തതുമെല്ലാം ഡി.ഐ.ജി തന്നെയാണ്. അനാവശ്യമായി വീടിന് പുറത്തിറങ്ങി നടക്കുന്നവരാണ് പൊലീസിന് ഇപ്പോഴും തലവേദനയാകുന്നത്.

അന്യ സംസ്ഥാന തൊഴിലാളികളുടെ കേന്ദ്രത്തില്‍ നേരിട്ട് പോയി അവരെ സാന്ത്വനിപ്പിച്ചതും ഡി.ഐ.ജി സഞ്ജയ് ഗരുഡിന്‍ ഉള്‍പ്പെടെയുള്ള പൊലീസ് ഓഫീസര്‍മാരാണ്. കോട്ടയം പായിപ്പാട്ടെ അതിഥി തൊഴിലാളി പ്രതിഷേധത്തെ തുടര്‍ന്നായിരുന്നു ഇത്.

ഉത്തരേന്ത്യക്കാരായ ഐ.പി.എസുകാരുടെ സേവനം ഏറ്റവും അധികം കേരളത്തിന് ഉപകാരപ്പെട്ട ഒരു സന്ദര്‍ഭം കൂടിയായിരുന്നു അത്. യു.പി. സ്വദേശിയായ സഞ്ജയ് കുമാര്‍ ഗരുഡിന്‍ നിലവില്‍ തിരുവനന്തപുരം റെയ്ഞ്ച് ഡി.ഐ.ജിയാണ്. കുട്ടികള്‍ക്കെതിരായ സൈബര്‍ കുറ്റകൃത്യങ്ങള്‍ക്കെതിരെ സഞ്ജയ് രചിച്ച പുസ്തകം വിദേശത്ത് പോലും വലിയ പ്രചാരം നേടിയിട്ടുള്ളതാണ്.

Top