അട്ടപ്പാടിയില്‍ പൊലീസ് അതിക്രമം; പ്രതിഷേധവുമായി ആദിവാസി സംഘടനകള്‍

പാലക്കാട്: അട്ടപ്പാടിയില്‍ പൊലീസ് അതിക്രമം. ഊരുമൂപ്പനെയും മകനെയും പൊലീസ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച് പിടികൂടിയതായി പരാതി. ഷോളയൂര്‍ വട്ടലക്കി ഊരുമൂപ്പനായ ചൊറിയമൂപ്പനെയും മകന്‍ മുരുകനെയുമാണ് പൊലീസ് പിടികൂടിയത്. കുടുംബവഴക്കുമായി ബന്ധപ്പെട്ട പരാതിയിലാണ് പൊലീസ് നടപടി. മരുകന്റെ 17 വയസ്സുളള മകനേയും പൊലീസ് മര്‍ദിച്ചു.

കുറച്ചു ദിവസം മുമ്പ് മുരുകനും കുടുംബവും ചേര്‍ന്ന് മറ്റൊരു ആദിവാസി കുടുംബത്തിന് നേരെ ആക്രമണം നടത്തിയതായി പരാതി ഉണ്ടായിരുന്നു. സംഭവത്തില്‍ മുരുകനും പരാതി നല്‍കിയിരുന്നു. പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ മുരുകനെയും മുരുകന്റെ പിതാവിനെയും അറസ്റ്റ് ചെയ്യുന്നതിനായി പൊലീസ് ശ്രമിച്ചു. ഇത് സ്ത്രീകളുള്‍പ്പടെയുളളവര്‍ തടഞ്ഞു. മുരുകന്റെ 17 വയസ്സുളള മകന്റെ മുഖത്ത് പൊലീസ് അടിച്ചതായും പരാതിയുണ്ട്.

പൊലീസ് സ്റ്റേഷനില്‍ വിളിപ്പിച്ച് പറഞ്ഞുതീര്‍ക്കാവുന്ന ഒരു കേസില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ച് മുരുകനെയും മൂപ്പനേയും പിടിച്ചുകൊണ്ടുപോയതിനെതിരേ ആദിവാസി സംഘടനകള്‍ പ്രതിഷേധിച്ചു. ഷോളയൂര്‍ പൊലീസ് സ്റ്റേഷന്‍ ഉപരോധിച്ച ഇവര്‍ പിന്നീട് അട്ടപ്പാടി എഎസ്പി ഓഫീസിന് മുന്നിലേക്ക് സമരം മാറ്റി.

കൃത്യനിര്‍വഹണം നടത്തുന്നതില്‍ തടസ്സം നിന്നതിനാലാണ് സംഘര്‍ഷമുണ്ടായതെന്ന് പൊലീസ് പറയുന്നു. മരുകന്‍ പൊലീസിനെ കബളിപ്പിക്കാന്‍ ശ്രമിച്ചതായും മുരുകന്റെയും കുടുംബത്തിന്റെയും ആക്രമണത്തില്‍ മറ്റൊരു ആദിവാസിക്ക് തലയില്‍ വലിയ പരിക്കേറ്റിട്ടുണ്ടെന്നും പൊലീസ്‌ പറഞ്ഞു.

 

Top