പൊലീസിനെ കൊണ്ട് കൊള്ളില്ല, സൈന്യത്തെ ഇറക്കണം; ഡല്‍ഹി അക്രമങ്ങളില്‍ കെജ്രിവാള്‍

kejriwal

ക്രമം പടര്‍ന്ന നോര്‍ത്ത് ഈസ്റ്റ് ഡല്‍ഹിയിലെ സ്ഥിതിഗതികള്‍ ഭയപ്പെടുത്തുന്നതാണെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍. കഠിനമായി പരിശ്രമിച്ചിട്ടും സ്ഥിതി നിയന്ത്രണവിധേയമാക്കാന്‍ സാധിക്കാത്ത അവസ്ഥയിലാണ് പൊലീസ്. ഈ സമയത്ത് ഡല്‍ഹിയില്‍ സൈന്യത്തെ ഇറക്കണമെന്നും കെജ്രിവാള്‍ ആവശ്യപ്പെട്ടു. ഈ വിഷയം ആവശ്യപ്പെട്ട് ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് കത്തയയ്ക്കാന്‍ ഒരുങ്ങുകയാണ് മുഖ്യമന്ത്രി.

‘രാത്രി മുഴുവന്‍ നിരവധി ആളുകളുമായി സംസാരിച്ചു. സ്ഥിതിഗതികള്‍ ഭയപ്പെടുത്തുന്നതാണ്. കിണഞ്ഞ് പരിശ്രമിച്ചിട്ടും പൊലീസിന് സ്ഥിതി നിയന്ത്രിക്കാന്‍ സാധിച്ചിട്ടില്ല, ആത്മവിശ്വാസം വളര്‍ത്താനും കഴിഞ്ഞില്ല. സൈന്യത്തെ ഇറക്കണം, പ്രശ്‌നബാധിതമായ ഇടങ്ങളില്‍ കര്‍ഫ്യൂ ഏര്‍പ്പെടുത്തണം. ഇക്കാര്യത്തില്‍ ആഭ്യന്തര മന്ത്രിക്ക് കത്തെഴുതും’, മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ ട്വീറ്റ് ചെയ്തു.

ഡല്‍ഹിയിലെ സ്ഥിതിഗതികള്‍ സംബന്ധിച്ച് സുരക്ഷാകാര്യങ്ങള്‍ സംബന്ധിച്ച ക്യാബിനറ്റ് കമ്മിറ്റിയില്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ വിശദീകരണം നല്‍കും. പ്രശ്‌നബാധിതമായ ജാഫ്രാബാദ്, സീലാംപൂര്‍ ഉള്‍പ്പെടെയുള്ള നോര്‍ത്ത് ഈസ്റ്റ് ഡല്‍ഹിയിലെ സ്ഥലങ്ങളില്‍ എന്‍എസ്എ ഡോവല്‍ നേരിട്ടെത്തി പരിശോധന നടത്തി. പൗരത്വ നിയമ ഭേദഗതിയുടെ പേരില്‍ ഡല്‍ഹിയില്‍ നടന്ന അക്രമസംഭവങ്ങളില്‍ മരണസംഖ്യ 20 ആയി ഉയര്‍ന്നു.

രണ്ട് സംഘങ്ങളില്‍ പെട്ടവര്‍ പെട്രോള്‍ ബോംബും, തീവെപ്പും നടത്തിയതോടെയാണ് ഡല്‍ഹി തെരുവുകളില്‍ തീപടര്‍ന്നത്. ജാഫ്രാബാദ് മെട്രോ സ്‌റ്റേഷനില്‍ റോഡ് തടഞ്ഞ് സിഎഎ വിരുദ്ധ പ്രതിഷേധക്കാര്‍ എത്തുകയും ഇതിന് വിരുദ്ധമായി നിയമത്തെ അനുകൂലിച്ച് പ്രതിഷേധം നടക്കുകയും ചെയ്തതോടെയാണ് രാജ്യതലസ്ഥാനം അക്രമാസക്തമായത്.

Top