സ്ഫോടക വസ്തു പൊട്ടിത്തെറിച്ച് കാട്ടാന ചരിഞ്ഞ സംഭവം; പൊലീസ് കേസെടുത്തു

പാലക്കാട്: പാലക്കാട് കൈതച്ചക്കയില്‍ ഒളിപ്പിച്ച സ്ഫോടക വസ്തു പൊട്ടിത്തെറിച്ച് ഗര്‍ഭിണിയായ കാട്ടാന ചരിഞ്ഞ സംഭവത്തില്‍ പൊലീസ് കേസെടുത്തു. സ്‌ഫോടക വസ്തുകൈവശം വെക്കല്‍, വന്യം ജീവികളെ വേട്ടയാടല്‍ എന്നീ നിയമപ്രകാരമാണ് വ്യാഴാഴ്ച രാവിലെ മണ്ണാര്‍ക്കാട് പൊലീസ് കേസെടുത്തത്.വനം വകുപ്പ് നേരത്തെതന്നെ കേസെടുത്ത് അന്വേഷണം നടത്തുന്നുണ്ട്.

സൈലന്റ് വാലിയുടെ അതിര്‍ത്തിയായ മലപ്പുറം ജില്ലയിലെ വെള്ളിയാറിലാണ് 15 വയസ്സ് തോന്നിക്കുന്ന ആനയ്ക്ക് ദാരുണാന്ത്യം സംഭവിച്ചത്. സ്ഫോടക വസ്തു പൊട്ടിത്തെറിച്ച് ആനയുടെ വായ പൂര്‍ണമായും തകര്‍ന്നിരുന്നു.

ക്ഷണമോ വെള്ളമോ കഴിക്കാന്‍ കഴിയാതെ ദിവസങ്ങളോളം ആന വേദന കൊണ്ടുപുളഞ്ഞു. ഒരാഴ്ചത്തെയെങ്കിലും പഴക്കമുള്ള മുറിവിലെ പുഴുക്കളെ ഒഴിവാക്കാനും ഈച്ചശല്യമില്ലാതാക്കാനും വെള്ളിയാറിലെ വെള്ളത്തില്‍ തുമ്പിയും വായും മുക്കി നില്‍ക്കെ മേയ് 27-നാണ് കാട്ടാന ചരിഞ്ഞത്.

സൈലന്റ്വാലി വനമേഖലയില്‍നിന്ന് പുറത്തിറങ്ങിയ ആനയാണിതെന്നാണ് കരുതുന്നത്. മേയ് 25-ന് രാവിലെയാണ് തിരുവിഴാംകുന്ന് അമ്പലപ്പാറയിലെ വെള്ളിയാര്‍പ്പുഴയില്‍ കാട്ടാനയെ അവശനിലയില്‍ കണ്ടെത്തിയത്. അവശനിലയിലായ ആനയെ രണ്ട് കുങ്കിയാനകളെ കൊണ്ടുവന്ന് ആനയെ കരയ്ക്കെത്തിക്കാന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെടുകയായിരുന്നു.

സംഭവത്തെത്തുടര്‍ന്ന് തിരുവിഴാംകുന്ന് ഫോറസ്റ്റ് സ്റ്റേഷന്‍ കേസ് രജിസ്റ്റര്‍ചെയ്ത് അന്വേഷണം തുടങ്ങി. ശ്വാസകോശത്തില്‍ വെള്ളം കയറിയതാണ് മരണകാരണമെന്നാണ് റിപ്പോര്‍ട്ട്.ആന ഒരു മാസം ഗര്‍ഭിണിയായിരുന്നതായി ഡോ. ഡേവിഡ് എബ്രഹാം പറഞ്ഞു.

കാട്ടാന ചരിഞ്ഞത് സംബന്ധിച്ച് സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ മോഹനകൃഷ്ണന്റെ സാമൂഹികമാധ്യമത്തിലെ പോസ്റ്റ് വൈറലായിരുന്നു. തുടര്‍ന്ന് ദേശീയ മാധ്യമങ്ങളിലും വിഷയം വാര്‍ത്തയാകുകയും ചെയ്തു.

സ്‌ഫോടക വസ്തു കടിച്ച് വായ് തകര്‍ന്ന് ഗര്‍ഭിണിയായ കാട്ടാന മരിച്ച സംഭവത്തില്‍ കുറ്റക്കാരെ കണ്ടെത്തി കര്‍ശന നടപടി സ്വീകരിക്കുമെന്ന് വനംമന്ത്രി കെ. രാജു അറിയിച്ചിട്ടുണ്ട്. തികച്ചും ദാരുണമായ സംഭവമാണുണ്ടായതെന്നും ആനയെ വേദനയില്‍ നീറി മരിക്കാന്‍ വിട്ടവര്‍ മാപ്പര്‍ഹിക്കുന്നില്ലെന്നും മന്ത്രി പറഞ്ഞു.

Top