police to sabotage kalabhavan mani’s case

തൃശൂര്‍: കലാഭവന്‍ മണിയുടെ മരണവുമായി ബന്ധപ്പെട്ട കേസ് അട്ടിമറിക്കാന്‍ പോലീസ് നീക്കം.മണിയുടെ ശരീരത്തിലെ മെഥനോള്‍ സാന്നിധ്യം ബിയര്‍ കഴിച്ചതില്‍ നിന്നാകാമെന്ന തരത്തില്‍ അന്വേഷണ സംഘത്തിന്റേതായി പുറത്ത് വരുന്ന നിഗമനം കേസ് അട്ടിമറിക്കാനുളള നീക്കത്തിന്റെ സൂചനയാണ്.

ചാരായം മണിയുടെ പാടിയിലെ വസതിയിലെത്തിച്ചതായി വ്യക്തമാകുകയും ഇതുസംബന്ധമായി വാരന്തരപ്പള്ളി സ്വദേശിയെ അടക്കം പ്രതിയാക്കി കേസെടുത്തിട്ടും മണിയും കൂട്ടുകാരും ചാരായം കഴിച്ചിട്ടില്ലെന്ന കണക്കുകൂട്ടലിലേക്ക് അന്വേഷണസംഘം പോവുന്നത് ദുരൂഹത ഉയര്‍ത്തുന്നതാണ്. ചാരായ നിരോധനമുള്ള സംസ്ഥാനത്ത് മണിയുടെ വസതിയിലെത്തിച്ച ചാരായം ‘ചുമ്മാ ഷോയ്ക്ക്’ വാങ്ങിവെച്ചതുപോലെയാണ് ഇപ്പോഴത്തെ പോലീസ് നടപടി.

കേരളത്തില്‍ ഇതുവരെയുണ്ടായ വ്യാജമദ്യ ദുരന്തങ്ങളില്‍ എല്ലാറ്റിലും മെഥനോള്‍ സാന്നിധ്യം സ്ഥിരീകരിച്ചിട്ടുള്ളതാണ്. ബിയര്‍ കഴിച്ചാല്‍ ഒരാള്‍ മരിക്കുമെന്ന പോലീസിന്റെ ഇപ്പോഴത്തെ നിഗമനങ്ങളും യുക്തിക്ക് നിരക്കാത്തതാണ്.ഗുരുതരമായ കരള്‍രോഗമുള്ള മണിയുടെ ശരീരത്തില്‍ ചാരായം എങ്ങനെ എത്തി എന്ന് പരിശോധിക്കുന്നതിന് പകരം കൂടെയുണ്ടായിരുന്നവരുടെ മൊഴിക്കനുസരിച്ച് അന്വേഷണം അവസാനിപ്പിക്കാനുള്ള നീക്കമാണ് അണിയറയില്‍ നടക്കുന്നത്.

ചാരായം കഴിച്ചാണ് മണി മരിച്ചതെന്ന് വന്നാല്‍ മദ്യം ഒഴിച്ച് നല്‍കിയവരും കുടിപ്പിച്ചവരുമെല്ലാം പ്രതിയാകുമെന്നതിനാല്‍ ചില ഇടപെടലുകള്‍ അന്വേഷണ സംഘത്തിന് മേലുണ്ടെന്നും ആരോപണമുണ്ട്.സംഭവ ദിവസം ഒറ്റപകലും രാത്രിയും കൊണ്ട് പതിനഞ്ചോളം ബിയര്‍ മണി കുടിച്ചതായാണ് പൊലീസിന്റെ ‘കണ്ടെത്തല്‍’.

ചോര ഛര്‍ദ്ദിച്ചനിലയില്‍ കണ്ടെത്തിയിട്ടും ആശുപത്രിയില്‍ പോവാന്‍ കൂട്ടാക്കാതെ വാശിപിടിച്ച മണിക്ക് ആശുപത്രിയിലെത്തുന്നത് വരെ ആരോഗ്യത്തിന് കുഴപ്പമൊന്നും ഉണ്ടായിരുന്നില്ലെന്ന് ഒപ്പമുണ്ടായിരുന്ന ഡോക്ടര്‍ വ്യക്തമാക്കിയിരുന്നു. ബലമായി തന്നെയാണ് ആ അവസ്ഥയില്‍ സുഹൃത്തുക്കള്‍ അദ്ദേഹത്തെ ആശുപത്രിയിലെത്തിച്ചിരുന്നത്.

മെഥനോളിന്റെയും മറ്റും സാന്നിധ്യം മണിയുടെ ശരീരത്തില്‍ സ്ഥിരീകരിച്ചതിനാലാണ് അമൃത ഹോസ്പിറ്റല്‍ അധികൃതര്‍ വിവരം ചേരാനല്ലൂര്‍ പൊലീസിനെ രേഖാമൂലം അറിയിച്ചത്. കാക്കനാട്ടെ രാസപരിശോധനയില്‍ ആദ്യം കണ്ടെത്തിയതായി പറഞ്ഞ കീടനാശിനിയുടെ സാന്നിധ്യത്തെക്കുറിച്ച് ഇപ്പോള്‍ ലാബ് അധികൃതര്‍ മലക്കം മറിഞ്ഞതും ഏറെ സംശയങ്ങള്‍ക്കിട നല്‍കുന്നതാണ്.

ഓരോ വിഷപദാര്‍ത്ഥത്തിന്റെയും അളവ് പരിശോധിക്കാന്‍ ഹൈദരാബാദിലെ കേന്ദ്രസര്‍ക്കാര്‍ ലാബിനോട് പൊലീസ് ആവശ്യപ്പെട്ടിരിക്കെയാണ് മുന്‍ നിലപാട് ലഘൂകരിച്ച് കാക്കനാട്ടെ ലാബ് അധികൃതര്‍ ഇപ്പോല്‍ രംഗത്ത് വന്നിരിക്കുന്നതെന്നതും ശ്രദ്ധേയമാണ്. അന്വേഷണ സംഘത്തിന്റെയും ലാബ് അധികൃതരുടെയും ഈ മലക്കം മറിച്ചില്‍ തന്നെയാണ് ബന്ധുക്കള്‍ക്ക് പോലും അന്വേഷണത്തില്‍ വിശ്വാസം നഷ്ടപ്പെടാന്‍ കാരണമായിട്ടുള്ളത്.

ചാരായമാണ് മരണകാരണമെന്ന് തെളിഞ്ഞാല്‍ അത് യുഡിഎഫ് സര്‍ക്കാറിന് തിരഞ്ഞെടുപ്പ് കാലത്ത് ദോഷമാകുമെന്നതിലാണ് ബിയറില്‍ കുറ്റം ആരോപിച്ച് കേസ് ഒതുക്കാന്‍ ശ്രമം നടക്കുന്നതെന്നാണ് പുറത്ത് വരുന്ന വിവരം. മദ്യനിരോധനത്തെത്തുടര്‍ന്ന് സംസ്ഥാനത്ത് വ്യാജചാരായ വാറ്റ് തടയാന്‍ നടപടി സ്വീകരിച്ചുവെന്ന സര്‍ക്കാര്‍ വാദത്തിന് ഏറ്റ തിരിച്ചടിയാണ് ചാരായം മണിയുടെ വസതിയിലേക്ക് കൊണ്ടുപോയതായ മൊഴി.

Top