അറസ്റ്റിലായ കല്ലട ബസ് കമ്പനിയുടെ ജീവനക്കാരെ ഇന്ന് തെളിവെടുപ്പിന് എത്തിക്കും

കൊച്ചി : യാത്രക്കാരെ ആക്രമിച്ചതിന് അറസ്റ്റിലായ സുരേഷ് കല്ലട ബസ് കമ്പനിയുടെ ജീവനക്കാരെ ഇന്ന് തെളിവെടുപ്പിന് എത്തിക്കും. സംഭവം നടന്ന കൊച്ചി വൈറ്റിലയിലെ സുരേഷ് കല്ലട ഓഫീസിന് സമീപത്താകും തെളിവെടുപ്പ് നടത്തുക.

അന്വേഷണ ചുമതലയുള്ള തൃക്കാക്കാര അസിസ്റ്റന്റ് കമ്മീഷണറുടെ നേതൃത്വത്തില്‍ പ്രതികളെ ഇന്നലെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തിരുന്നു. അക്രമത്തില്‍ കൂടുതല്‍ പേര്‍ ഉള്‍പ്പെട്ടതായി ഇരകളായവരുടെ മൊഴിയുണ്ട്.

കഴിഞ്ഞ ഞായറാഴ്ച പുലര്‍ച്ചെ നാലിനാണ് സുരേഷ് കല്ലട കമ്പനിയുടെ ബസില്‍ ബെംഗളൂരുവിലേക്ക് പുറപ്പെട്ട യാത്രക്കാരെ, അതേ കമ്പനിയുടെ ജീവനക്കാര്‍ ബസില്‍ കയറി ക്രൂരമായി മര്‍ദിച്ചത്. വഴിയില്‍ കേടായ ബസിന് പകരം ബസ് ആവശ്യപ്പെട്ടതായിരുന്നു കാരണം.

Top