ഭീകരാക്രമണ ഭീഷണിയെ തുടര്‍ന്ന് സംസ്ഥാനത്ത് കനത്ത ജാഗ്രത ; പൊതുഇടങ്ങൾ പൊലീസ് വലയത്തിൽ

തിരുവനന്തപുരം : ഭീകരാക്രമണ ഭീഷണിയെ തുടര്‍ന്ന് സംസ്ഥാനം കനത്ത ജാഗ്രതയില്‍. റയില്‍വേ, വിമാനത്താവളം, ബസ് സ്റ്റാന്‍ഡ്, മാളുകള്‍ എന്നിവയും പൊലീസ് നിരീക്ഷണത്തിലാണ്, സുരക്ഷ ശക്തമാക്കി. പാര്‍സല്‍ സര്‍വീസുകള്‍ പ്രത്യേകം നിരീക്ഷിക്കും.

ഇന്നലെ രാത്രിയിലാണ് ബെംഗളൂരു സിറ്റി പോലീസ് കമ്മീഷണറുടെ ഓഫീസിലേയ്ക് ഭീഷണി സന്ദേശമെത്തുന്നത്. ലോറി ഡ്രൈവറായ സ്വാമി സുന്ദര്‍ മൂര്‍ത്തിയെന്ന് സ്വയം പരിചയപ്പെടുത്തിയ വ്യക്തിയാണ് ഫോണില്‍ സന്ദേശം നല്‍കിയത്. കേരള, തമിഴ്‌നാട്, കര്‍ണാടക, ഗോവാ, മഹാരാഷ്ട്ര, തെലങ്കാന, ആന്ധ്രാപ്രദേശ്, പുതുച്ചേരി എന്നിസംസ്ഥാനങ്ങളിലെ നഗരങ്ങളില്‍ ഭീകരാക്രമണമുണ്ടാകുമെന്ന് വിവരം ലഭിച്ചിട്ടുണ്ടെന്നായിരുന്നു സന്ദേശം.

ട്രെയിനുകളില്‍ സ്ഫോടനം നടത്തുമെന്നും ഇതിനായി 7 തീവ്രവാദികള്‍ രമേശ്വരത്ത് എത്തിയെന്നുമാണ് ഭീഷണി സന്ദശം ലഭിച്ചത്. ബെംഗലുരു പൊലീസ് നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ സംസ്ഥാനത്ത് അതീവ ജാഗ്രതാ നിര്‍ദ്ദേശമാണ് നല്‍കിയിരിക്കുന്നത്.

സംസ്ഥാനത്ത് എല്ലാ ജില്ലകളിലെയും പൊലീസ് മേധാവികളോട് ജാഗ്രത പാലിക്കാന്‍ ഡിജിപി ലോക്നാഥ് ബെഹ്റ നിര്‍ദ്ദേശം നല്‍കി.

Top