‘ബലംപ്രയോഗിച്ച് കട അടപ്പിക്കുന്നവരെ അറസ്റ്റ് ചെയ്യും’; പോപുലർ ഫ്രണ്ട് ഹർത്താലിന് കർശനസുരക്ഷയുമായി പൊലീസ്

തിരുവനന്തപുരം: പോപ്പുലർ ഫ്രണ്ട് പ്രഖ്യാപിച്ച ഹർത്താലിൽ കർശന സുരക്ഷയുമായി പൊലീസ്. ഹർത്താൽ ദിനമായ വെള്ളിയാഴ്ച ക്രമസമാധാനപാലനത്തിന് ആവശ്യമായ നടപടികൾ സ്വീകരിക്കാൻ സംസ്ഥാന പൊലീസ് മേധാവി അനിൽ കാന്ത് എല്ലാ ജില്ലാ പൊലീസ് മേധാവിമാർക്കും നിർദേശം നൽകി. അക്രമത്തിൽ ഏർപ്പെടുന്നവർ, നിയമലംഘകർ, കടകൾ നിർബന്ധമായി അടപ്പിക്കുന്നവർ എന്നിവർക്കെതിരെ കേസെടുത്ത് ഉടനടി അറസ്റ്റ് ചെയ്യും. സമരക്കാർ പൊതുസ്ഥലങ്ങളിൽ കൂട്ടംകൂടാതിരിക്കാൻ പൊലീസ് ശ്രദ്ധ ചെലുത്തും. ആവശ്യമെങ്കിൽ കരുതൽ തടങ്കലിനും നിർദ്ദേശിച്ചിട്ടുണ്ട്.

സംസ്ഥാനത്തെ മുഴുവൻ പൊലീസ് സേനാംഗങ്ങളെയും ക്രമസമാധാനപാലത്തിനായി നിയോഗിക്കും. ജില്ലാ പൊലീസ് മേധാവിമാരുടെ നിയന്ത്രണത്തിലുളള സുരക്ഷാക്രമീകരണങ്ങളുടെ മേൽനോട്ട ചുമതല റേഞ്ച് ഡി.ഐ.ജിമാർ, സോണൽ ഐ.ജിമാർ, ക്രമസമാധാന വിഭാഗം എഡിജിപി എന്നിവർക്കാണ്. ദേശീയ-സംസ്ഥാന നേതാക്കളുടെ അറസ്റ്റിൽ പ്രതിഷേധിച്ചാണ്

സംസ്ഥാനത്ത് നാളെ പോപ്പുലർ ഫ്രണ്ട് ഹർത്താൽ പ്രഖ്യാപിച്ചത്. ദേശീയ-സംസ്ഥാന നേതാക്കളെ എൻഐഎ അന്യായമായി അറസ്റ്റ് ചെയ്തത് ഭരണകൂട ഭീകരതയുടെ ഭാഗമാണെന്നും സംസ്ഥാന കമ്മിറ്റി വിലയിരുത്തി. കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് എതിർശബ്ദങ്ങളെ നിശ്ശബ്ദമാക്കാനുള്ള ആർഎസ്എസ് നിയന്ത്രിത ഫാഷിസ്റ്റ് സർക്കാരിൻറെ ഭരണകൂട വേട്ടക്കെതിരെ വെള്ളിയാഴ്ച സംസ്ഥാനത്ത് ഹർത്താൽ നടത്തുമെന്നും സംസ്ഥാന കമ്മിറ്റി വാർത്താകുറുപ്പിലൂടെ അറിയിച്ചു. രാവിലെ ആറു മുതൽ വൈകീട്ട് ആറുവരെയാണ് ഹർത്താൽ. ഹർത്താൽ വിജയിപ്പിക്കാൻ എല്ലാ ജനാധിപത്യ വിശ്വാസികളും രംഗത്തുവരണമെന്നും പിഎഫ്ഐ ജനറൽ സെക്രട്ടറി എ അബ്ദുൽ സത്താർ ആവശ്യപ്പെട്ടു. ഇന്ന് സംസ്ഥാനത്തുടനീളം പോപ്പുലർ ഫ്രണ്ട് നേതാക്കളുടെ വീട്ടിലും ഓഫിസിലും റെയ്ഡ് നടത്തിയിരുന്നു. അറസ്റ്റിൽ പ്രതിഷേധിച്ച് സംസ്ഥാനത്തുടനീളം ഇന്നും നാളെയും പ്രകടനങ്ങൾ നടത്താനും സാധ്യതയുണ്ട്.

പോപ്പുലർ ഫ്രണ്ട് ദേശീയ സംസ്ഥാന നേതാക്കളായ പതിനെട്ട് പേരെ കൊച്ചിയിൽനിന്ന് അറസ്റ്റ് ചെയ്തിരുന്നു. ദേശീയ സെക്രട്ടറി നസറുദ്ദീൻ എളമരം അടക്കം മുതി‍ർന്ന നേതാക്കളാണ് അറസ്റ്റിലായത്. ഇവരിൽ എട്ട് പേരെ ദില്ലിയിലേക്ക് കൊണ്ടുപോയി. പത്ത് പേരുടെ അറസ്റ്റ് കൊച്ചി എൻഐഎ യൂണിറ്റ് രേഖപ്പെടുത്തി. ഇവരെ കൊച്ചിയിലെ എൻഐഎ കോടതിയിൽ ഹാജരാക്കും. കേരളത്തിൽ ഇന്ന് നടന്ന പരിശോധനകളിൽ നിരവധിപ്പേരെ കസ്റ്റഡിയിലെടുത്തിരുന്നെങ്കിലും ആദ്യമായാണ് അറസ്റ്റ് രേഖപ്പെടുത്തുന്നത്.

Top