പീഡനക്കേസ്: ഇമാമിനായുള്ള അന്വേഷണം ബംഗലൂരുവിലേക്ക് വ്യാപിപ്പിക്കുന്നു

തിരുവനന്തപുരം: പോസ്‌കോ കേസില്‍ പ്രതിയായ ഇമാം ഷെഫീക്ക് അല്‍ ഖാസ്മിക്ക് വേണ്ടി ബംഗലൂരുവില്‍ തെരച്ചില്‍ നടത്താനൊരുങ്ങി കേരളാ പൊലീസ്. അന്വേഷണത്തിനായി ഷഫീഖ് അല്‍ ഖാസിമിയുടെ സഹോദരന്‍ അല്‍ അമീനൊപ്പം പൊലീസ് ബംഗലൂരുവിലേക്ക് തിരിച്ചു.

ഇമാം ബംഗലൂരുവില്‍ ഒളിവില്‍ കഴിയുന്നുണ്ടെന്ന നിഗമനത്തിലാണ് പൊലീസ് അന്വേഷണം അങ്ങോട്ട് വ്യാപിപ്പിച്ചത്. കേസെടുത്തതിന് തൊട്ടുപിന്നാലെ ഇമാം ബെംഗളൂരുവിലേക്ക് കടന്നതായി സഹോദരങ്ങള്‍ സമ്മതിച്ചു. പെരുമ്പാവൂര്‍ സ്വദേശിയായ സഹോദരന്‍ നൗഷാദിനൊപ്പമാണ് ഇമാം എന്നാണ് പൊലീസിന് കിട്ടിയ സൂചന. നൗഷാദും ഒളിവിലാണ്.

കൊച്ചിയില്‍ വാഹനം ഉപേക്ഷിച്ച ശേഷമാണ് ഇമാം ഷെഫീക്ക് അല്‍ ഖാസ്മി ഒളിവില്‍ പോയത്. ഇമാമിനെ ഒളിവില്‍ പോകാന്‍ സഹായിച്ച മൂന്ന് സഹോദരങ്ങളെ കൊച്ചിയില്‍ നിന്നും പൊലീസ് പിടികൂടിയിരുന്നു. അല്‍ -അമീന്‍,അന്‍സാരി, ഷാജി എന്നിവരില്‍ നിന്നാണ് ഒളിവിലുള്ള ഇമാനെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചത്. മറ്റൊരു സഹോദരനായ പെരുമ്പാവൂര്‍ സ്വദേശി നൗഷാദാണ് ഇമാം ഷെഫീക്ക് അല്‍ കാസിമിനെ സഹായിക്കുന്നതെന്നാണ് പൊലീസിനെ ലഭിച്ചിരിക്കുന്ന വിവരം.

അതേസമയം ഇന്നലെ പിടിയിലായവര്‍ പൊലീസിനെ തെറ്റിദ്ധരിപ്പിക്കാനും ശ്രമിച്ചു. ഇന്നോവ കാര്‍ പെരുമ്പാവൂരില്‍ ഉപേക്ഷിച്ചെന്നായിരുന്നു ഇവരുടെ മൊഴി. പെരുമ്പാവൂര്‍ പൊലീസ് അന്വേഷണം നടത്തിയെങ്കിലും വാഹനം കണ്ടെത്തിയില്ല. ഒടുവില്‍ വെററില മൊബിലിറ്റി ഹബ്ബിലെ പാര്‍ക്കിംഗ് സ്ഥലത്തുനിന്നാണ് വാഹനം കണ്ടെത്തിയത്.

പൊലീസിന്റെ ഭാഗത്ത് നിന്ന് കൂടുതല്‍ സമ്മര്‍ദ്ദം ഉണ്ടാവുകയാണ് എങ്കില്‍ കോടതിയിലോ, അന്വേഷണ ഉദ്യോഗസ്ഥനു മുന്നോട ഇമാം വൈകാതെ കീഴടങ്ങാനുള്ള സാധ്യതയുമുണ്ട് എന്നാണ് വിവരം.

Top