തനുശ്രീ ദത്തയുടെ പരാതി; നാന പടേക്കറിനെതിരെ കേസെടുത്തു

മുംബൈ: നടി തനുശ്രീ ദത്തയുടെ പരാതിയില്‍ നാന പടേക്കറിനെതിരെ പൊലീസ് കേസെടുത്തു. ബുധനാഴ്ച തനുശ്രീയുടെ മൊഴി പൊലീസ് രേഖപ്പെടുത്തിയിരുന്നു. പടേക്കര്‍ ഉള്‍പ്പെടെ നാല് പേര്‍ക്കെതിരെയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.

2008ല്‍ ഹോണ്‍ ഓകെ പ്ലീസ് എന്ന സിനിമയുടെ സെറ്റില്‍ വെച്ചാണ് തനുശ്രീക്കു നേരേ പടേക്കര്‍ മോശമായി പെരുമാറിയത്. ഇത് എതിര്‍ക്കുകയും സംവിധായകന്‍ വിവേകിനോട് പരാതി പറയുകയും ചെയ്തിരുന്നു. എന്നാല്‍ ഇതോടെ കരുതിക്കൂട്ടി അപമാനിക്കാന്‍ ശ്രമം നടത്തുകയായിരുന്നെന്ന് തനുശ്രീ നേരത്തെ ആരോപിച്ചിരുന്നു.

സൂപ്പര്‍താരങ്ങള്‍ക്ക് വേണ്ടപ്പെട്ടവനാണ് അയാള്‍. സ്ത്രീകളോടുളള അയാളുടെ പെരുമാറ്റം വളരെ മോശമാണ്. അയാള്‍ സ്ത്രീകളെ ഉപദ്രവിക്കുകയും മോശമായ പദപ്രയോഗങ്ങള്‍ നടത്തുകയും ചെയ്യുന്നത് പരസ്യമായ കാര്യമാണ്. കൂടെയുളള സ്ത്രീകളെ അയാള്‍ ക്രൂരമായി മര്‍ദിക്കാറുണ്ട്. ലൈംഗികമായി ഉപയോഗിക്കാറുണ്ട്. സ്ത്രീകളോട് ഒട്ടും മര്യാദയില്ലാതെ പെരുമാറുന്നവനാണെന്ന് അറിയാമായിരുന്നിട്ടും ആരും അയാളെ ചോദ്യം ചെയ്യാറില്ല. പത്രങ്ങളിലോ ചാനലുകളിലോ അയാളെപ്പറ്റി ഒരു വരി പോലും വരില്ല.

ഇവരെപ്പറ്റിയൊക്കെ അണിയറയില്‍ ഗോസിപ്പുകള്‍ ഉയരും എന്നാല്‍ ആരും ഇവര്‍ക്കെതിരെ ഒന്നും ചെയ്യില്ല. കാരണം അവരുടെയെല്ലാം പിആര്‍ ടീം അത്ര ശക്തമാണ്. ഗ്ലാമര്‍ റോളുകള്‍ ചെയ്യുന്ന ഒരാള്‍ ജീവിതത്തിലും അങ്ങനെയാകണമെന്ന ഒരു തരം നിര്‍ബന്ധമാണെന്നും തനുശ്രീ ആരോപിച്ചു. പടേക്കറിനെതിരെയുള്ള വെളിപ്പെടുത്തലുകള്‍ക്ക് ശേഷം പടേക്കര്‍ നടിക്ക് നോട്ടീസയച്ചു. എന്നാല്‍ ബോളിവുഡ് താരങ്ങളുടെ പിന്തുണ തനുശ്രീയ്ക്കാണ്. തുടര്‍ന്നാണ് നടി പൊലീസില്‍ കേസ് നല്‍കിയത്.

Top