എആര്‍ ക്യാമ്പിലെ പൊലീസുകാരന്റെ മരണം; ഏഴ് പൊലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍

പാലക്കാട്: പാലക്കാട് എആര്‍ ക്യാമ്പിലെ പൊലീസ് ഉദ്യോഗസ്ഥന്‍ കുമാര്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഏഴ് പൊലീസുകാരെ സസ്പെന്‍ഡ് ചെയ്തു.

റഫീക്ക് എം, ഹരിഗോവിന്ദ്, മഹേഷ്, മുഹമ്മദ് ആസാദ് , ശ്രീജിത്ത് വൈശാഖ് , ജയേഷ് എന്നിവരെയാണ് സസ്പെന്‍ഡ് ചെയ്തത്. അന്വേഷണം ക്രൈംബ്രാഞ്ച് ഏറ്റെടുക്കണമെന്ന് എസ്പി അറിയിച്ചു.

കേസില്‍ സ്പെഷ്യല്‍ ബ്രാഞ്ച് അന്വേഷണ റിപ്പോര്‍ട്ട് തൃശൂര്‍ ഡി.ഐ.ജിക്ക് കൈമാറിയിരുന്നു. സ്പെഷ്യല്‍ ബ്രാഞ്ച് ഡി.വൈ.എസ്.പി കെ.സുന്ദരന്‍ നടത്തിയ അന്വേഷണ റിപ്പോര്‍ട്ടായിരുന്നു ഡി.ഐ.ജിക്ക് കൈമാറിയത്. ജാതി വിവേചനം ഉള്‍പ്പെടെ ഉള്ളവ ഉണ്ടായിട്ടുണ്ടോ എന്നറിയാന്‍ വിശദമായ അന്വേഷണം വേണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

അതേസമയം കേസില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് ഭാര്യ സജിനി ആവശ്യപ്പെട്ടിരുന്നു. നിലവിലെ അന്വേഷണത്തില്‍ തങ്ങള്‍ തൃപ്തരല്ലെന്നും ജുഡീഷ്യല്‍ അന്വേഷണമാണ് വേണ്ടതെന്നും അവര്‍ പറഞ്ഞിരുന്നു.

കുമാറിന്റെ ആത്മഹത്യക്കുറിപ്പില്‍ പരാമര്‍ശിക്കുന്ന പൊലീസുദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കണം എന്നാവശ്യപ്പെട്ട് ജില്ലാ പൊലീസ് മേധാവിയെ കാണാനെത്തിയപ്പോള്‍ ആണ് സജിനി അന്വേഷണത്തിലെ അതൃപ്തി അറിയിച്ചിരുന്നത്. പരാതിയില്‍ അന്വേഷണം നടത്തി ഉചിതമായ നടപടി സ്വീകരിക്കുമെന്ന് പാലാക്കാട് ജില്ലാ പൊലീസ് മേധാവി കുമാറിന്റെ കുടുംബത്തിന് ഉറപ്പു നല്‍കുകയും ചെയ്തിരുന്നു.

ജോലിസ്ഥലത്തെ അവഹേളനവും അധിക്ഷേപവും കാരണം ജീവിക്കാന്‍ വയ്യെന്നാണ് കത്തില്‍ കുമാര്‍ സൂചിപ്പിക്കുന്നത്. കഴിഞ്ഞ 25 ന് രാത്രിയാണ് ഒറ്റപ്പാലം ലക്കിടി റെയില്‍വേ സ്റ്റേഷന് സമീപത്ത് കുമാറിനെ ട്രെയിന്‍ തട്ടി മരിച്ചനിലയില്‍ കാണപ്പെട്ടത്.

Top