വിദേശവനിതയുടെ മൃതദേഹം തിടുക്കത്തില്‍ സംസ്‌ക്കരിച്ചതിനു പിന്നില്‍ ദുരൂഹതയുണ്ടെന്ന് വി മുരളീധരന്‍

v-muralidharan

തിരുവനന്തപുരം: വിദേശവനിതയുടെ മൃതദേഹം തിടുക്കത്തില്‍ സംസ്‌ക്കാരം നടത്തിയതില്‍ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് ബി.ജെ.പി ദേശീയ നിര്‍വാഹക സമിതി അംഗം വി.മുരളീധരന്‍ എം.പി രംഗത്ത്.

വിദേശ വനിതയുടെ മൃതദേഹം സ്വന്തം രാജ്യത്തേക്ക് കൊണ്ടു പോകാനനുവദിച്ചില്ലെന്നും തിടുക്കത്തില്‍ ശവസംസ്‌കാര ചടങ്ങ് നടത്തിയതും അവരുടെ ഭര്‍ത്താവ് ആന്‍ഡ്രൂസിനേയും സഹോദരി ഇല്‍സിയേയും തിടുക്കപ്പെട്ട് തിരിച്ചയക്കുന്നതിനു പിന്നിലും ദുരൂഹതയുണ്ടെന്ന് ആരോപിച്ചാണ് വി.മുരളീധരന്‍ എം.പി രംഗത്തെത്തിയത്.

വിദേശവനിതയെ കാണാതായത് മുതല്‍ പൊലീസ് നടത്തിയ അന്വേഷണം സംബന്ധിച്ച് ഇല്‍സി പരാതി പറയുകയും സ്വന്തം നിലയില്‍ അവര്‍ തന്നെ അന്വേഷണം നടത്തിയതുമാണ്. കോവളത്തുനിന്ന് മൃതദേഹം കണ്ടെത്തിയതിനു ശേഷവും പൊലീസിന്റെ അന്വേഷണം ശരിയായ നിലയില്‍ ആയിരുന്നില്ലെന്ന് ആന്‍ഡ്രൂസും ഇല്‍സിയും പറഞ്ഞതാണ്.

മുഖ്യമന്ത്രിയെ കാണാന്‍ അനുവദിച്ചില്ലെന്നുള്ള പരാതിയും അവര്‍ ഉയര്‍ത്തിയിരുന്നു. പക്ഷേ, ഇല്‍സ തന്റെ അഭിപ്രായങ്ങള്‍ പെട്ടെന്നു മാറ്റിയതിനു പിന്നിലും ദുരൂഹതയുണ്ടെന്നും പൊലിസിന്റെ ഉന്നതതല ഇടപെടലാണ് ഇതിനു പിന്നിലെന്നു സംശയമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

സര്‍ക്കാരിന് ചീത്തപ്പേരുണ്ടാകാതിരിക്കാന്‍ ആന്‍ഡ്രൂസിനേയും ഇല്‍സിയേയും ഭീഷണിപ്പെടുത്തിയതായി സംശയിക്കേണ്ടിയിരിക്കുന്നുവെന്നും മയക്കുമരുന്നു കേസിലും മറ്റും കുടുക്കുമെന്നും സര്‍ക്കാരിനെതിരേ നല്ലവാക്കുപറഞ്ഞ് എത്രയും പെട്ടെന്ന് തിരിച്ചപോകണമെന്നുമുള്ള ഭീഷണിക്കു മുന്നില്‍ അവര്‍ വഴങ്ങുകയായിരുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

മൃതദേഹം വിദേശത്തുകൊണ്ടുപോയി വീണ്ടും പോസ്റ്റുമോര്‍ട്ടം നടത്തുകയോ കേരള സര്‍ക്കാരിനെ വെട്ടിലാക്കുന്ന തെളിവുകള്‍ പുറത്തുവരികയോ ചെയ്യാതിരിക്കാനാണ് ശാന്തി കവാടത്തില്‍തന്നെ കത്തിച്ചുകളയുന്നതിനുള്ള ഈ തീരുമാനമെന്നും വി.മുരളീധരന്‍ പറഞ്ഞു.

Top