തൃക്കാക്കര: അശ്ലീല വ്യാജ വീഡിയോ അയച്ചത് വിദേശത്തുനിന്ന്

കൊച്ചി: തൃക്കാക്കരയിലെ എൽഡിഎഫ് സ്ഥാനാർഥിയായിരുന്ന ജോ ജോസഫിന്റേതെന്ന പേരിൽ പ്രചരിപ്പിച്ച വ്യാജ അശ്ലീല വിഡിയോ പ്രതികൾക്ക് ലഭിച്ചത് വിദേശത്തുനിന്നെന്ന് ഉറപ്പിച്ച് പൊലീസ്. സൗദിയിലുള്ള അരൂക്കുറ്റി സ്വദേശിയാണു പ്രതികൾക്ക് വിഡിയോ അയച്ചത്. ഇയാളെ ചോദ്യം ചെയ്യാനുള്ള നടപടികൾ ആരംഭിച്ചതായും പൊലീസ് അറിയിച്ചു.

കേസിൽ അറസ്റ്റിലായ അരൂക്കുറ്റി സ്വദേശികളായ നൗഫൽ, നസീർ എന്നിവർക്കാണ് വിഡിയോ ആദ്യം ലഭിച്ചത്. ഈ ദൃശ്യങ്ങളിൽ എന്തെങ്കിലും സംശയം തോന്നുന്നുണ്ടോ എന്നുള്ള ചോദ്യവുമായി സൗദിയിലുള്ള സുഹൃത്ത് അയച്ച വിഡിയോ ആണ് ജോ ജോസഫിന്റേതെന്ന പേരിൽ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചത്. ഇവരിൽനിന്ന് ലഭിച്ച വിഡിയോ കോട്ടയ്ക്കൽ സ്വദേശി അബ്ദുൽ ലത്തീഫ് വ്യാജ ട്വിറ്റർ അക്കൗണ്ട് ഉണ്ടാക്കി അതിൽ പോസ്റ്റ് ചെയ്യുകയായിരുന്നു.

പ്രവാസിയായ ആൾ ഇത് ഡോക്ടർ ജോ ജോസഫിന്റെ വിഡിയോ ആണ് എന്ന് പറഞ്ഞതിന് ഇതുവരെ തെളിവ് ലഭിച്ചിട്ടില്ല. ദൃശ്യങ്ങളിൽ എന്തെങ്കിലും സംശയം തോന്നുന്നുണ്ടോ എന്നുള്ള ചോദ്യം മാത്രമാണു പ്രതികളുമായി ഇയാൾ നടത്തിയിട്ടുള്ളത്. ഈ ശബ്ദ സന്ദേശം പൊലീസ് കണ്ടെടുത്തു. സൗദിയിലുള്ള ഇയാളുടെ നമ്പരിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും സാധിച്ചിട്ടില്ല.ഇയാളുടെ കുടുംബത്തെ ബന്ധപ്പെട്ട് മൊബൈൽ നമ്പർ ശേഖരിക്കാനാണ് തീരുമാനം. ഈ കേസിൽ ഇതുവരെ 7 പേരാണു പിടിയിലായത്.

Top