എഐസിസി ആസ്ഥാനത്ത് പൊലീസ് സന്നാഹം; ഭയപ്പെടുത്താൻ ശ്രമിക്കേണ്ടെന്ന് കോൺഗ്രസ്

ഡൽഹി: എ ഐ സി സി ആസ്ഥാനത്തും കോൺഗ്രസ് ദേശീയ അധ്യക്ഷ സോണിയ ഗാന്ധിയുടെയും രാഹുൽ ഗാന്ധിയുടെയും വസതികളിലും പൊലീസെത്തിയതോടെ പ്രതിഷേധം കടുപ്പിച്ച് കോൺഗ്രസും. എഐസിസി ആസ്ഥാനവും നേതാക്കളുടെ വസതികളും പോലീസ് വളഞ്ഞിരിക്കുന്നുവെന്ന് ജയ്റാം രമേശ് ട്വീറ്റ് ചെയ്തതിന് പിന്നാലെയാണ് നേതാക്കളും പ്രവർത്തകരും ഇവിടേക്ക് എത്തിയത്. വിലക്കയറ്റത്തിനെതിരെ മറ്റന്നാൾ കോൺഗ്രസ് നടത്താൻ നിശ്ചയിച്ച പ്രതിഷേധത്തിന് പോലീസ് അനുമതി നിഷേധിച്ചെന്ന് നേതാക്കൾ കുറ്റപ്പെടുത്തി. അറസ്റ്റ് ചെയ്ത് ജയിലിലിട്ടാലും പ്രതിഷേധം നടത്തുമെന് അജയ് മാക്കൻ വ്യക്തമാക്കി. ഏത് നടപടിയേയും നേരിടാൻ സജ്ജമാണെന്നും നേതാക്കൾ പറഞ്ഞു.

വിലക്കയറ്റം മുഖ്യ വിഷയമാക്കി സർക്കാരിനെതിരെ പ്രതിഷേധവുമായി കോൺഗ്രസ് മുന്നോട്ട് പോകുമ്പോൾ, നാഷണൽ ഹെറാൾഡ് കേസിന്റെ കുരുക്കിൽ നേതാക്കളെ സമ്മർദ്ദത്തിലാക്കുകയാണ് കേന്ദ്രസർക്കാർ. കേസുമായി ബന്ധപ്പെട്ട് സോണിയാ ഗാന്ധിയുടെയും രാഹുൽ ഗാന്ധിയുടെയും ചോദ്യം ചെയ്യലിന് പിന്നാലെ ഡൽഹിയിലെ നാഷണൽ ഹെറാൾഡ് ഓഫീസ് എൻഫോഴ്സ്മെന്റ് വിഭാഗം സീൽ ചെയ്തു. ഈ ഓഫീസ് ഇനി തുറക്കാൻ എൻഫോഴ്സ്മെന്റിന്റെ അനുമതി നിർബന്ധമാകും.

 

 

Top