എഐ ക്യാമറക്ക് പിന്നാലെ കേരളത്തിൽ വന്ന മാറ്റം വിവരിച്ച് പൊലീസ് സര്‍ജൻ; പങ്കുവച്ച് ഗതാഗത മന്ത്രി

തിരുവനന്തപുരം: ഗതാഗത നിയമലംഘനങ്ങൾ തടയാനായി എ ഐ ക്യാമറകള്‍ സ്ഥാപിച്ചതിന് ശേഷം സംസ്ഥാനത്തെ റോഡുകളിലുണ്ടായ മാറ്റത്തെ പ്രകീർത്തിച്ചുള്ള തൃശൂർ മെഡിക്കൽ കോളജ് ഫോറൻസിക് മേധാവിയും പൊലീസ് സര്‍ജന്നുമായ ഡോ. ഉന്മേഷ് എ കെയുടെ ഫേസ്ബുക്ക് കുറിപ്പ് ശ്രദ്ധനേടുന്നു. എ ഐ ക്യാമറകൾക്ക് ഇത്രയ്ക്കും ഒരു ഗുണകരമായ പ്രതിഫലനം ഉണ്ടാക്കാൻ സാധിക്കുമെന്ന് ആദ്യം കരുതിയിരുന്നില്ലെന്ന് പറഞ്ഞുകൊണ്ടാണ് ഉന്മേഷ് കുറിപ്പ് തുടങ്ങുന്നത്. എന്നാൽ ഇപ്പോൾ വാഹനമോടിക്കുമ്പോൾ കാണുന്ന ചില കാഴ്ച്ചകൾ ആശ്വാസകരമാണെന്ന് അദ്ദേഹം വിവരിച്ചു. മിക്ക ഇരുചക്രവാഹനക്കാരും ഹെൽമെറ്റ് ഉപയോഗിക്കുന്നു എന്നുള്ളത് വളരെയധികം ശ്രദ്ധേയമാണെന്നും ഉന്മേഷ് കുറിച്ചിട്ടുണ്ട്. ഗതാഗത മന്ത്രി ആന്റണി രാജുവടക്കമുള്ളവർ ഉന്മേഷിന്റെ കുറിപ്പ് പങ്കുവച്ചിട്ടുണ്ട്.

ഡോ. ഉന്മേഷിന്റെ കുറിപ്പ്

ഏകദേശം മൂന്നുമാസങ്ങൾക്ക് മുൻപ് ഈ വിഷയവുമായി ബന്ധപ്പെട്ട് ഫേസ്ബുക്കിൽ കുറച്ചുവരികൾ എഴുതിയിട്ടപ്പോൾ ഞാൻ പോലും എ.ഐ ക്യാമറകൾക്ക് ഇത്രയ്ക്കും ഒരു ഗുണകരമായ പ്രതിഫലനം ഉണ്ടാക്കാൻ സാധിക്കുമെന്ന് കരുതിയതല്ല..!!
ഇപ്പോൾ വാഹനമോടിക്കുമ്പോൾ കാണുന്ന ചില കാഴ്ച്ചകൾ പലപ്പോഴും ആശ്വാസകരമാണ് എന്നത് പറയാതെ വയ്യ…
മിക്ക ഇരുചക്രവാഹനക്കാരും (റൈഡറും പുറകിലെ യാത്രക്കാരനുമടക്കം) ഹെൽമെറ്റ് ഉപയോഗിക്കുന്നു എന്നുള്ളത് വളരെയധികം ശ്രദ്ധേയമാണ്…
പക്ഷേ, നഗരത്തിൽ നിന്നും അകലെയുള്ള റോഡുകളിൽ ഹെൽമെറ്റ് ഒരു അലങ്കാരവസ്തു മാത്രം ആക്കുന്ന ആ ഉദാസീനമനോഭാവം ഇപ്പോഴും നിലനിൽക്കുന്നു എന്നുള്ളത് ഏറെ ദുഖകരമാണ്…
സത്യത്തിൽ കഴിഞ്ഞ മൂന്നു മാസങ്ങളുടെ സ്ഥിതിവിവര കണക്കെടുക്കുമ്പോൾ റോഡപകടങ്ങളിൽ മരണപ്പെട്ട കേസുകളിലെ പോസ്റ്റുമോർട്ടങ്ങളുടെ എണ്ണവും ഗണ്യമായ തോതിൽ കുറഞ്ഞിരുന്നു എന്നത് ഞങ്ങൾ ശ്രദ്ധിച്ചിരുന്നു.
അത്തരം കേസുകൾ കുറയുമ്പോഴുള്ള ഏറ്റവും സന്തോഷകരമായ കാര്യം നമ്മുടെ നാട്ടിലെ യുവാക്കളുടെ മരണനിരക്കിൽ കുറവ് വരുന്നു എന്നുള്ള യാഥാർഥ്യമാണ്.
കാരണം റോഡപകടങ്ങളിൽ സാധാരണയായി അധികവും കണ്ടുവന്നിരുന്നത് മോട്ടോർസൈക്കിളുമായി ബന്ധപ്പെട്ട അപകടങ്ങളും അതിൽ കൂടുതലായും ഉൾപ്പെടുന്നത് യുവാക്കളും ആണെന്നതാണ്.
എന്നാലും, ഇപ്പോഴും അത്തരം അപകടങ്ങൾ ഉണ്ടാകുന്നില്ല എന്നു പറയാൻ കഴിയില്ല; മരണങ്ങളും…
അതേസമയം,
അത്തരം മരണങ്ങളുമായി ബന്ധപ്പെട്ട സാഹചര്യങ്ങളുടെ ചരിത്രം ചികയുമ്പോൾ മനസ്സിലാകുന്ന ഒരു വസ്തുത ഇന്നും ഒരു വിഭാഗം ജനങ്ങളെങ്കിലും ഹെൽമെറ്റ് എന്ന സുരക്ഷാകവചത്തിന് അധികം പ്രാധാന്യം നൽകിയിട്ടില്ല എന്നുള്ള യാഥാർഥ്യമാണ്…
ക്യാമെറയെ തെറ്റിദ്ധരിപ്പിക്കാൻ വേണ്ടിമാത്രമായി അലസമായി തലയിൽ വെയ്ക്കുന്ന ഹെൽമെറ്റ് ഒന്നുറപ്പിച്ചുവയ്ക്കാൻ ശ്രദ്ധിക്കുകയാണെങ്കിൽ ഇനിയും മരണനിരക്ക് കുറയ്ക്കാൻ സാധിക്കുമായിരുന്നു എന്നാണ് എന്റെ അഭിപ്രായം.
പലരും ഉപയോഗിക്കുന്നത് ഗുണനിലവാരമുള്ള ഹെൽമെറ്റ് തന്നെയാണെങ്കിലും,
തലയിൽ ധരിക്കുന്ന ഹെൽമെറ്റിന്റെ സ്ട്രാപ്പ് ഉറപ്പിക്കാൻ പലപ്പോഴും അവർ മിനക്കെടാറില്ല എന്നതാണ് സത്യം…
വീട്ടിൽനിന്നും അടുത്ത ജംങ്ഷനിലെ സൂപ്പർമാർക്കറ്റ് വരെ പോകാൻ ഹെൽമെറ്റിന്റെ ആവശ്യം ഇല്ലെന്ന് വിശ്വസിക്കുന്ന ഭൂരിഭാഗം ജനങ്ങളോടുമായി പറയാനുള്ള ഒരു കാര്യമുണ്ട്…
വെറും 20 കി.മീ/മണിക്കൂർ എന്ന വേഗത്തിലാണ് നിങ്ങൾ മോട്ടോർസൈക്കിൾ ഓടിക്കുന്നതെങ്കിലും ഒന്നു നിയന്ത്രണം തെറ്റി വീണ് റോഡിൽ തലയിടിച്ചാൽ തീരാവുന്നതേ ഉള്ളൂ നിങ്ങളുടെ ജീവിതം എന്നു മറക്കാതിരിക്കുക.
നിങ്ങൾ എത്ര ശ്രദ്ധിച്ചു വാഹനം ഓടിക്കുന്ന ആളാണെങ്കിലും എതിരെ വരുന്ന വാഹനത്തിന്റെ ഡ്രൈവറുടെ ഒരുനിമിഷത്തെ അശ്രദ്ധ മതിയാകും നിങ്ങളുടെ ജീവിതം അനിശ്ചിതാവസ്ഥയിൽ എത്തിച്ചേരാൻ…
നിയമലംഘനങ്ങൾ മൂലം ഒടുക്കേണ്ടിവരുന്ന പിഴയിൽ നിന്നും രക്ഷിക്കുക എന്നതല്ല ഹെൽമെറ്റിന്റെ കർത്തവ്യം…
അപ്രതീക്ഷിതമായി തലയ്ക്ക് ഉണ്ടാകാവുന്ന ഇത്തരം ആഘാതങ്ങളെ ചെറുക്കുക എന്നതാണ് ഹെൽമെറ്റിന്റെ പ്രധാനലക്ഷ്യം എന്നത് മറക്കാതിരിക്കുക…
അതുകൊണ്ട്,
ഇരുചക്രവാഹനം ഉപയോഗിക്കുമ്പോൾ എല്ലായ്പ്പോഴും ഹെൽമെറ്റ് ധരിക്കുവാൻ ശ്രദ്ധിക്കുക…
മാത്രമല്ല, ശരിയായ രീതിയിൽ അതു ധരിക്കുന്നതിന് മടി കാണിക്കാതിരിക്കുക…
നിങ്ങളുടെ തലയുടെ സുരക്ഷ നിങ്ങളുടെ ഉത്തരവാദിത്വമാണ്…
നിങ്ങളുടെ മാത്രം.

Top