മദ്യലഹരിയില്‍ പൊലീസുകാര്‍ക്ക് നേരെ അസഭ്യ വര്‍ഷം, റിട്ട. എസ്.ഐയും ഡ്രൈവറും അറസ്റ്റില്‍

prison

കട്ടപ്പന: മദ്യലഹരിയില്‍ പൊലീസ് ഉദ്യോഗസ്ഥരെ അസഭ്യം പറയുകയും സ്റ്റേഷനില്‍ ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്ത റിട്ട. എസ്.ഐയും ഡ്രൈവറും അറസ്റ്റില്‍.

റിട്ട. എസ്.ഐ കട്ടപ്പന താണോലില്‍ ദേവസ്യ, വണ്ടി ഓടിച്ച പന്തപ്പള്ളില്‍ റെജി എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. വ്യാഴാഴ്ച വൈകീട്ട് ഏഴോടെയാണ് സംഭവം.

മദ്യപിച്ചശേഷം അണക്കരയില്‍നിന്ന് ഇരുവരും കട്ടപ്പനക്ക് വരുകയായിരുന്നു. വരുന്ന വഴിക്ക് വഴിയരികില്‍ നിന്ന കാല്‍നടക്കാരെ ദേവസ്യ അസഭ്യം പറഞ്ഞു. നാട്ടുകാര്‍ വിവരം വണ്ടന്മേട് പൊലീസില്‍ അറിയിച്ചു.

പൊലീസ് വാഹനത്തിനു കൈകാട്ടി തടയാന്‍ ശ്രമിച്ചിട്ടും നിര്‍ത്തിയില്ല. പിന്നീട് കട്ടപ്പന ട്രാഫിക് പൊലീസ് പാറക്കടവില്‍ വാഹനം തടയുകയായിരുന്നു. ഈ സമയം ഓടിക്കൂടിയ നാട്ടുകാരുടെ സാന്നിധ്യത്തില്‍ മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥരെ ഉള്‍പ്പെടെ ദേവസ്യ അസഭ്യം പറഞ്ഞു. ഇതോടെ ട്രാഫിക് പൊലീസ് ഇരുവരെയും കസ്റ്റഡിയിലെടുത്ത് സ്‌റ്റേഷനിലെത്തിച്ചു.

തുടര്‍ന്നും അസഭ്യവര്‍ഷം തുടര്‍ന്നതോടെ കട്ടപ്പന പൊലീസിന് കൈമാറുകയായിരുന്നു. മദ്യപിച്ച് ബഹളമുണ്ടാക്കിയതിന് ദേവസ്യക്കെതിരെയും മദ്യപിച്ച് വാഹനമോടിച്ചതിന് റെജിക്കെതിരെയും കേസെടുത്തിട്ടുണ്ട്.

Top