‘ആരൂടെ കണ്ണുപൊത്താനാണ് നിങ്ങള്‍ ശ്രമിക്കുന്നത്’; നിയമലംഘകരുടെ ചിത്രം പങ്കുവെച്ച് പോലീസ്

ട്രാഫിക് നിയമങ്ങള്‍ ലംഘിക്കുന്നവരെ പിടികൂടുന്നതിനായി സംസ്ഥാനത്തുടനീളം സ്ഥാപിച്ചിട്ടുള്ള ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജെന്‍സ് ക്യാമറകള്‍ ഈ മാസം മുതലാണ് പ്രവര്‍ത്തിച്ച് തുടങ്ങിയത്. ക്യാമറ പിഴ ഈടാക്കി തുടങ്ങിയതോടെ ട്രാഫിക് നിയമ ലംഘനങ്ങള്‍ വലിയ തോതില്‍ കുറഞ്ഞിട്ടുണ്ടെന്നാണ് വിലയിരുത്തലുകള്‍. ഇതിനൊപ്പം തന്നെ കണ്‍മുന്നില്‍ കാണുന്ന നിയമലംഘനങ്ങളുടെ ഫോട്ടോ എടുത്ത് മോട്ടോര്‍ വാഹനവകുപ്പും പോലീസും നോട്ടീസ് അയയ്ക്കുകയും ചെയ്യുന്നുണ്ട്.

ട്രാഫിക് നിയമം പാലിക്കേണ്ടതിന്റെ പ്രാധാന്യത്തെ കുറിച്ച് ബോധവത്കരണം നടത്തുമ്പോഴും, ലംഘനങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ കനത്ത പിഴ ഈടാക്കിയിട്ടും ഇത് ആവര്‍ത്തിക്കുന്ന ചിലരേയും നിരത്തുകളില്‍ കാണാന്‍ പറ്റും. അതേസമയം, നിയമലംഘനം ക്യാമറയില്‍ പതിയാതിരിക്കാനുള്ള പൊടിക്കൈകളും അവരുടെ കൈയിലുണ്ട്. ഇത്തരത്തില്‍ പോലീസിന്റെ ക്യാമറയില്‍ പതിഞ്ഞ ഒരു ചിത്രമാണ് കേരള പോലീസ് സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെച്ചിരിക്കുന്നത്.

ആരൂടെ കണ്ണുപൊത്താനാണ് നിങ്ങള്‍ ശ്രമിക്കുന്നതെന്ന തലക്കെട്ടോടെയാണ് പോലീസ് ചിത്രം പങ്കുവെച്ചിരിക്കുന്നത്. ബൈക്ക് ഓടിക്കുന്നയാളും പിന്നില്‍ ഇരിക്കുന്നയാളും ഹെല്‍മറ്റ് വയ്ക്കാതെ ബൈക്കില്‍ പോകുന്നതാണ് ചിത്രം. എന്നാല്‍, സൂക്ഷിച്ച് നോക്കിയാല്‍ പിന്നിലിരിക്കുന്നയാള്‍ കൈകൊണ്ട് വാഹനത്തിന്റെ നമ്പര്‍ പ്ലേറ്റ് മറച്ച് പിടിച്ചിരിക്കുന്നത് കാണാന്‍ സാധിക്കും. പോലീസ് പുറത്തുവിട്ട മൂന്ന് ചിത്രത്തിലും നമ്പര്‍ പ്ലേറ്റ് മറച്ചുപിടിച്ചിരിക്കുന്നത് വ്യക്തമായി കാണാന്‍ സാധിക്കുന്നുണ്ട്.

നിരത്തുകളിലെ ക്യാമറയില്‍ പെടാതിരിക്കാന്‍ ഇരുചക്ര വാഹനങ്ങളുടെ പിന്നില്‍ ഇരുന്ന നമ്പര്‍ പ്ലേറ്റുകള്‍ മറച്ചുപിടിക്കുന്നവരുടെ ശ്രദ്ധയ്ക്ക്. വളരെ അപകടകരമായ അഭ്യാസമാണ് നിങ്ങള്‍ കാണിക്കുന്നത്. പിറകിലേക്ക് മാറിഞ്ഞുവീണ് അപകടം ഉണ്ടാകാനിടയുള്ള ഈ ഉദ്യമം കൊണ്ട് നിങ്ങള്‍ ചെയ്യുന്ന നിയമലംഘനം മറയ്ക്കാന്‍ കഴിയുമെന്നത് നിങ്ങളുടെ വ്യാമോഹം മാത്രമാണെന്ന് വിനീതമായി ഓര്‍മിപ്പിക്കുന്നു എന്ന ഒരു കുറിപ്പും പോലീസ് സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവയ്ക്കുന്നുണ്ട്.

Top