പൊലീസുകാരെ എസ്എഫ്‌ഐക്കാര്‍ മര്‍ദിച്ച സംഭവം :അറസ്റ്റ് വൈകുന്നതില്‍ പൊലീസ് വീഴ്ച്ചയെന്ന് റിപ്പോര്‍ട്ട്

തിരുവനന്തപുരം: പൊലീസിന് എസ്എഫ്‌ഐക്കാരുടെ മര്‍ദനമേറ്റ സംഭവത്തില്‍ അറസ്റ്റ് വൈകുന്നതില്‍ പൊലീസിന് വീഴ്ചയെന്ന് റിപ്പോര്‍ട്ട്. പ്രതികളെ തിരിച്ചറിഞ്ഞ് ഒരു ദിവസം കഴിഞ്ഞിട്ടും ആരെയും പിടികൂടാനായിട്ടില്ല. തിരുവനന്തപുരം നഗരമധ്യത്തില്‍ പൊലീസുകാരെ കൂട്ടം ചേര്‍ന്ന് മര്‍ദിച്ച എസ്.എഫ്.ഐക്കാരെ സംരക്ഷിച്ച് പൊലീസ് രംഗത്തെത്തിയത് വലിയ പ്രതിഷേധങ്ങള്‍ക്ക് വഴിവച്ചിരുന്നു.

അക്രമമുണ്ടായ ശേഷവും പൊലീസ് നിര്‍ജീവമായെന്ന് രഹസ്യാന്വേഷണ വിഭാഗത്തിന്റെ കണ്ടെത്തല്‍. രക്ഷപെടാന്‍ അവസരമൊരുക്കിയത് പൊലീസ് വീഴ്ചയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. സംഭവം നടന്ന് മണിക്കൂറുകളായിട്ടും പ്രതികളെ തിരിച്ചറിയാനായിട്ടില്ലെന്ന വിശദീകരണമാണ് പൊലീസ് നല്‍കുന്നത്.

സിഗ്‌നല്‍ ലംഘിച്ച ബൈക്ക് തടഞ്ഞതിന്റെ പേരില്‍ ട്രാഫിക് ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരെ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ കഴിഞ്ഞ ദിവസമാണ് നടുറോഡില്‍ ക്രൂരമായി മര്‍ദിച്ചത്. എസ്എപി ക്യാമ്പിലെ പൊലീസുകാരായ വിനയചന്ദ്രന്‍, ശരത്, എന്നിവര്‍ക്കാണു മര്‍ദനമേറ്റത്. തിരുവനന്തപുരത്തു പാളയം യുദ്ധസ്മാരകത്തിനു സമീപത്തുവച്ചു ബുധനാഴ്ച വൈകിട്ടാണ് മര്‍ദനമേറ്റത്. ആക്രമണത്തില്‍ പരുക്കേറ്റ പൊലീസുകാര്‍ തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

ബൈക്ക് തടഞ്ഞതിന്റെ പേരില്‍ തര്‍ക്കമുണ്ടായ ഉടന്‍ യൂണിവേഴ്‌സിറ്റി കോളേജിനു സമീപത്തുനിന്ന് എത്തിയ യുവാക്കള്‍ പൊലീസുകാരെ ആക്രമിക്കുകയായിരുന്നു. അക്രമികളെ പൊലീസ് കസ്റ്റഡിയിലെടുത്തെങ്കിലും സ്ഥലത്തെത്തിയ എസ്എഫ്‌ഐ നേതാക്കള്‍ ഇവരെ പൊലീസ് കസ്റ്റഡിയില്‍നിന്ന് ഇറക്കിക്കൊണ്ടുപോവുകയായിരുന്നു.

യൂണിഫോമിലായിരുന്ന പൊലീസുകാരെ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ മര്‍ദിക്കുന്നതു സഹപ്രവര്‍ത്തകരായ പൊലീസുകാരും നാട്ടുകാരും നോക്കിനില്‍ക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു.

Top