പൊലീസുകാരെ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ നടുറോഡില്‍ ക്രൂരമായി മര്‍ദിച്ചു

തിരുവനന്തപുരം:സിഗ്‌നല്‍ ലംഘിച്ച ബൈക്ക് തടഞ്ഞതിന്റെ പേരില്‍ ട്രാഫിക് ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരെ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ നടുറോഡില്‍ ക്രൂരമായി മര്‍ദിച്ചു. എസ്എപി ക്യാമ്പിലെ പൊലീസുകാരായ വിനയചന്ദ്രന്‍, ശരത്, എന്നിവര്‍ക്കാണു മര്‍ദനമേറ്റത്. തിരുവനന്തപുരത്തു പാളയം യുദ്ധസ്മാരകത്തിനു സമീപത്തുവച്ചു ബുധനാഴ്ച വൈകിട്ടാണ് മര്‍ദനമേറ്റത്. ആക്രമണത്തില്‍ പരുക്കേറ്റ പൊലീസുകാര്‍ തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

ബൈക്ക് തടഞ്ഞതിന്റെ പേരില്‍ തര്‍ക്കമുണ്ടായ ഉടന്‍ യൂണിവേഴ്‌സിറ്റി കോളേജിനു സമീപത്തുനിന്ന് എത്തിയ യുവാക്കള്‍ പൊലീസുകാരെ ആക്രമിക്കുകയായിരുന്നു. അക്രമികളെ പൊലീസ് കസ്റ്റഡിയിലെടുത്തെങ്കിലും സ്ഥലത്തെത്തിയ എസ്എഫ്‌ഐ നേതാക്കള്‍ ഇവരെ പൊലീസ് കസ്റ്റഡിയില്‍നിന്ന് ഇറക്കിക്കൊണ്ടുപോവുകയായിരുന്നു.

യൂണിഫോമിലായിരുന്ന പൊലീസുകാരെ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ മര്‍ദിക്കുന്നതു സഹപ്രവര്‍ത്തകരായ പൊലീസുകാരും നാട്ടുകാരും നോക്കിനില്‍ക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.

Top