പാക് വിമാനകമ്പനിയുടെ പേരെഴുതിയ ബലൂണ്‍ കശ്മീരില്‍; പൊലീസ് കേസെടുത്തു

ന്യൂഡല്‍ഹി: പാകിസ്ഥാന്‍ സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള യാത്രവിമാനക്കമ്പനിയുടെ പേരെഴുതിയ ബലൂണ്‍ വിമാനം ജമ്മു കശ്മീരില്‍ തകര്‍ന്നു വീണു. കാറ്റു നിറച്ചിട്ടുള്ള കളിപ്പാട്ട വിമാനമാണ് നിലത്തുവീണത്. ജമ്മു കശ്മീരിലെ ഹിരാനഗറില്‍ ചൊവ്വാഴ്ച വൈകീട്ടാണ് സംഭവമുണ്ടായത്.

പാകിസ്ഥാന്‍ ഇന്റര്‍നാഷണല്‍ എയര്‍ലൈന്‍സ് എന്നതിന്റെ ചുരുക്കപ്പേരായ പിഐഎ എന്നെഴുതിയ ബലൂണാണ് സോത്ര ചാക് ഗ്രാമത്തിനു അടുത്ത് നിലംപതിച്ചത്. വിമാനത്തിന്റെ രൂപമുള്ള ബലൂണിന് വെളുപ്പും പച്ചയുമാണ് നിറം. പരിശോധനയ്ക്കായി ബലൂണ്‍ കസ്റ്റഡിയിലെടുത്തതായി ജമ്മു കശ്മീര്‍ പൊലീസ് അറിയിച്ചു.

ജമ്മു കശ്മീരിലെ കത്വ ജില്ലയില്‍പ്പെട്ട പ്രദേശമാണ് ഹിരാനഗര്‍. ഇന്ത്യ, പാക് സൈന്യങ്ങള്‍ തമ്മില്‍ നിരന്തരം ഏറ്റുമുട്ടല്‍ നടക്കുന്ന പ്രദേശങ്ങളിലൊന്നാണിത്. നിയന്ത്രണരേഖയില്‍ നിന്ന് കിലോമീറ്ററുകള്‍ മാത്രം അകലെയാണ് ഈ പ്രദേശം. എന്നാല്‍ ഈ ബലൂണ്‍ ആരാണ് പറത്തി വിട്ടതെന്നോ എങ്ങനെയാണ് ഇവിടെയെത്തിയതെന്നോ സംബന്ധിച്ചുള്ള വിവരങ്ങള്‍ പുറത്തു വന്നിട്ടില്ല.

ബലൂണ്‍ കണ്ട പ്രദേശവാസികളാണ് പോലീസില്‍ വിവരമറിയിച്ചത്. സംഭവത്തില്‍ പോലീസ് അന്വേഷണം തുടരുകയാണ്.

Top