കിടപ്പുമുറിയില്‍ ചാരായ വാറ്റ്; 170 ലിറ്റര്‍ വാഷും വാറ്റുപകരണങ്ങളും പിടികൂടി

മലപ്പുറം: മലപ്പുറത്ത് കിടപ്പുമുറിയിലെ ചാരായ വാറ്റ് പൊലീസ് പിടികൂടി. മലപ്പുറം വാഴക്കാട് സ്വദേശി സുബ്രമണ്യന്റെ വീടിനകത്ത് നിന്നാണ് ആന്റി നാര്‍കോട്ടിക് സ്‌പെഷ്യല്‍ ആക്ഷന്‍ ഫോഴ്‌സും വാഴക്കാട് പോലീസും ചേര്‍ന്ന് 170 ലിറ്റര്‍ വാഷും വാറ്റുപകരണങ്ങളും പിടികൂടിയത്.

ജില്ലാ പോലീസ് സുപ്രണ്ടിനും ആന്റി നാര്‍ക്കോട്ടിക് ഡിവൈഎസ്പിക്കും രഹസ്യവിവരം ലഭിച്ചിതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ചാരായ വാറ്റ് പിടികൂടിയത്.

വീട്ടിലും സമീപത്തും നടത്തിയ പരിശോധനയില്‍ ആദ്യം ഒന്നും കണ്ടെത്തിയില്ല. പിന്നീട് വിശദമായി പരിശോധിച്ചപ്പോഴാണ് വാറ്റുപകരണം കിട്ടിയത്. തുടര്‍ന്ന് വീണ്ടും നടത്തിയ പരിശോധനയില്‍ കട്ടിലിനടിയില്‍ പുതുതായി ചാണകം മെഴുകിയത് ശ്രദ്ധയില്‍പെടുകയായിരുന്നു. അത് പരിശോധിച്ചപ്പോഴാണ് കുഴിച്ചിട്ട നിലയില്‍ വാഷ് കണ്ടെത്തിയത്. 70 ലിറ്റര്‍ വാഷ് വീട്ട് മുറ്റത്ത് പശുക്കള്‍ക്ക് പുല്ലിടുന്ന സ്ഥലത്ത് കുഴിച്ചിട്ട നിലയിലും പിടികൂടി.

പ്രതി സംഭവസ്ഥലത്ത് വെച്ച് തന്നെ ഓടി രക്ഷപ്പെട്ടു. ഓടി രക്ഷപ്പെട്ട പ്രതിക്കായി തെരച്ചില്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്.

Top