15 ലക്ഷം രൂപ വിലമതിക്കുന്ന 300 കിലോ പാന്‍മസാല പിടികൂടി; പ്രതി ഒളിവില്‍

അടൂര്‍: തുവയൂര്‍ വടക്ക് ഭാഗത്തുള്ള വീട്ടില്‍ നിന്ന് 15 ലക്ഷം രൂപ വിലമതിക്കുന്ന 300 കിലോ നിരോധിത പാന്‍മസാല ഉല്‍പന്നങ്ങള്‍ എക്‌സൈസ് സംഘം പിടികൂടി. ഇതു സൂക്ഷിച്ചിരുന്ന ഗൃഹനാഥന്‍ ഓടി രക്ഷപ്പെട്ടു. തുവയൂര്‍ വടക്ക് കോട്ടറമുക്ക് ശാന്തിനിവാസില്‍ ഓമനക്കുട്ടന്റെ വീടിന്റെ മുറ്റത്തും കാറിലുമായി സൂക്ഷിച്ചിരുന്ന പുകയില ഉല്‍പന്നങ്ങളാണ് പിടികൂടിയത്.

വിവിധ കടകളില്‍ ചില്ലറ വില്‍പനയ്ക്കായി വിതരണം ചെയ്യാന്‍ എത്തിച്ചതായിരുന്നു ഇവ. മണക്കാല ഭാഗത്ത് വാഹനപരിശോധന നടത്തുന്നതിനിടെ ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് കാറിലും മുറ്റത്തുമായി കവറിനുള്ളില്‍ സൂക്ഷിച്ചിരുന്ന 15,000 പായ്ക്കറ്റുകള്‍ കണ്ടെടുത്തത്.

കസ്റ്റഡിയില്‍ എടുത്ത കാറില്‍ നിന്ന് 13,000 രൂപയും കണ്ടെടുത്തു. എക്‌സൈസ് എത്തിയതറിഞ്ഞപ്പോള്‍ ഓമനക്കുട്ടന്‍ കടന്നുകളഞ്ഞു.അസിസ്റ്റന്റ് എക്‌സൈസ് കമ്മിഷണര്‍ എന്‍.രാജശേഖരന്‍, സിഐ സുരേഷ് വര്‍ഗീസ്, പ്രിവന്റീവ് ഓഫിസര്‍ ഷാജിമോന്‍, ബിനു, വേണുഗോപാല്‍, സിവില്‍ എക്‌സൈസ് ഓഫിസര്‍മാരായ ഹരിഹരന്‍ ഉണ്ണി, സുനില്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന

 

Top