NIT പ്രൊഫസറുടെ അക്കൗണ്ട് വിവരംതേടി പോലീസ്;പ്രൊഫസർക്കെതിരെ പ്രതിഷേധം ശക്തം

കാലിക്കറ്റ് എൻ.ഐ.ടി. പ്രൊഫസർ ഷൈജ ആണ്ടവനെതിരെ പ്രതിഷേധം ശക്തമാകുന്നു. ഷൈജ ആണ്ടവൻ്റെത് രാഷ്ട്രദ്രോഹ നിലപാടാണെന്ന് എ.ബി.വി.പി. ദേശീയ നിർവാഹക സമിതി അംഗം യദുകൃഷ്ണ പറഞ്ഞു. ഗോഡ്സെയെ പിന്തുണച്ച പ്രൊഫസർക്കെതിരെ നടപടി ആവശ്യപ്പെട്ട് എ.ബി.വി.പി. പ്രവർത്തകർ എൻ.ഐ.ടിക്ക് മുന്നിൽ ഗോഡ്സെയുടെ ചിത്രം കത്തിച്ചു പ്രതിഷേധിച്ചു. രാഷ്ട്രപിതാവിനെ കൊലപ്പെടുത്തിയ രാജ്യദ്രോഹിയായ ഗോഡ്സയെയാണ് പ്രൊഫസർ പിന്തുണച്ചത്. ആർ.എസ്.എസിൻ്റെ ശാഖകൾ സന്ദർശിച്ച ആളാണ് ഗാന്ധിജി. ഗാന്ധിവധവുമായി ആർ.എസ്.എസിന് ബന്ധമില്ല. യു.ജി.സിയ്ക്കും എൻ.ഐ.ടി. ഡയറക്ടർക്കും പ്രൊഫസർക്കെതിരെ പരാതി നൽകിയെന്നും യദു കൃഷ്ണ പറഞ്ഞു.

പ്രൊഫസറുടെ എഫ്.ബി. കമൻ്റിനെതിരെ കെ.എസ്.യു. ഗോഡ്സെയെ പ്രതീകാത്മകമായി തൂക്കിലേറ്റി പ്രതിഷേധിച്ചു. കെ.എസ്.യു. ജില്ലാ പ്രസിഡൻ്റ് സൂരജിൻ്റെ നേതൃത്വത്തിലാണ് പ്രതിഷേധം നടത്തിയത്.

അതേസമയം ഷൈജാ ആണ്ടവൻ്റെ അക്കൗണ്ട് വിവരങ്ങൾ തേടി കുന്ദമംഗലം പോലീസ് ഫേസ്ബുക്കിനെ സമീപിച്ചു. അക്കൗണ്ട് വിവരങ്ങളും ഐ.പി. അഡ്രസും ഉൾപ്പടെയുള്ള വിവരങ്ങൾക്കായാണ് ഫേസ്ബുക്കിനെ സമീപിച്ചത്. പ്രൊഫസറുടെ വിവരങ്ങൾ ആവശ്യപ്പെട്ട് എൻ.ഐ.ടി. ഡയറക്ടർക്കും പോലീസ് കത്ത് നൽകിയിട്ടുണ്ട്. എസ്.എഫ്.ഐ. നൽകിയ പരാതിയിൽ പ്രൊഫസർക്കെതിരെ കുന്ദമംഗലം പോലീസ് 153ആം വകുപ്പ് പ്രകാരം കേസ് എടുത്തിരുന്നു.

ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനത്തിൽ ‘ഹിന്ദു മഹാസഭ പ്രവർത്തകനായ നാഥുറാം വിനായക് ഗോഡ്സെ ഭാരതത്തിലെ ഒരുപാടുപേരുടെ ഹീറോ’ എന്ന കുറിപ്പോടെ കൃഷ്ണരാജ് എന്ന പ്രൊഫൈലിൽനിന്നു പോസ്റ്റുചെയ്ത ഗോഡ്സെയുടെ ചിത്രത്തിനുതാഴെയാണ് ഷൈജ ആണ്ടവൻ കമൻറിട്ടത്. ‘ഗോഡ്സെ ഇന്ത്യയെ രക്ഷിച്ചതിൽ അഭിമാനമുണ്ട്’ എന്നായിരുന്നു കമൻറ്. സംഭവം വിവാദമായതോടെ ഇവർ കമന്റ്‌ ഡിലീറ്റ് ചെയ്തു.

Top