പത്തനംതിട്ടയിൽ വ്യാപാരിയെ കൊന്ന കേസിലെ പ്രതികൾ കൊടുംകുറ്റവാളികളെന്ന് പോലീസ്

പത്തനംതിട്ട : മൈലപ്രയിൽ മോഷണ ശ്രമത്തിനിടെ വ്യാപാരിയെ കഴുത്തുഞെരിച്ചു കൊലപ്പെടുത്തിയ സംഭവത്തിൽ ഒരാൾ കൂടി കസ്റ്റഡിയിൽ. പ്രതികൾ കവർന്നെടുത്ത വ്യാപാരിയുടെ സ്വർണമാല പണയം വയ്ക്കാൻ സഹായിച്ച ആളെയാണ് കസ്റ്റഡിയിലെടുത്തത്. അതേസമയം വ്യാപാരിയെ കൊലപ്പെടുത്തിയ കേസിലെ പ്രതികൾ കൊടുംകുറ്റവാളികളാണെന്ന് എസ്.പി. പറഞ്ഞു.

പിടിയിലായ മുരുകൻ ജർമൻ യുവതിയെ പീഡിപിച്ച കേസിലടക്കം 20 കേസുകളിൽ പ്രതിയാണ്. മധുര സ്വദേശിയായ സുബ്രഹ്മണ്യൻ അഞ്ചുകേസുകളിലും പ്രതിയാണ്. തമിഴ്നാട് സ്വദേശി മുത്തുകുമാരനായി അന്വേഷണം തുടരുകയാണെന്നും അദ്ദേഹം അറിയിച്ചു. മുരുകനെയും സുബ്രഹ്മണ്യനെയും എആർ ക്യാംപിൽ ചോദ്യം ചെയ്തുവരികയാണ്.

സംഭവത്തിൽ തമിഴ്നാട് സ്വദേശികളായ രണ്ട് പേരും പത്തനംതിട്ട സ്വദേശിയായ ഒരാളും പിടിയിലായിരുന്നു. തമിഴ്നാട് സ്വദേശികളായ രണ്ടു പേരെ തെങ്കാശിയില്‍ നിന്നാണ് കസ്റ്റഡിയിലെടുത്തത്. മൂന്നാമന്‍ പത്തനംതിട്ട കുലശേഖരപതി സ്വദേശിയായ ഹാരിബ് എന്ന ഓട്ടോറിക്ഷാ ഡ്രൈവറാണ്. കൊലപാതകം നടന്ന് എട്ട് ദിവസത്തിനകമാണ് പ്രതികളെ പിടികൂടിയത്. വ്യാപാരിയായ ജോർജ് ഉണ്ണുണ്ണിയെ കൊലപ്പെടുത്തി ഒൻപത് പവന്‍റെ മാലയും പണവുമാണ് പ്രതികൾ കവർന്നത്. പ്രതികള്‍ സഞ്ചരിച്ച ഓട്ടോറിക്ഷ നഗരത്തിൽ നിന്ന് തന്നെ പൊലീസ് കണ്ടെത്തിയിരുന്നു.

മറ്റൊരു കേസില്‍ ഉൾപ്പെട്ട് ജയില്‍ കഴിയവേയാണ് ഓട്ടോ ഡ്രൈവറായ ഹാരിബ്- സുബ്രഹ്മണ്യനെയും മുരുകനെയും പരിചയപ്പെടുന്നത്. തുടർന്ന് മൂവരും ഗൂഢാലോചന നടത്തിയാണ് 70 കാരനെ കൊലപ്പെടുത്തി സ്വർണവും പണവും അപഹരിച്ചതെന്ന് പൊലീസ് പറഞ്ഞു. കടയിലെ സിസിടിവിയുടെ ഹാര്‍ഡ് ഡിസ്ക്ക് എടുത്തുമാറ്റി വൻ ആസൂത്രണത്തിലൂടെയാണ് പ്രതികൾ കൃത്യം നടത്തിയത്.

30ന് വൈകിട്ടാണു പുതുവേലിൽ ജോർജ് ഉണ്ണൂണ്ണിയെ മൈലപ്രയിലെ കടയിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. മോഷണത്തിനിടെയാണു കൊലപാതകമെന്നു പൊലീസ് സ്ഥിരീകരിച്ചിരുന്നു. കഴുത്തുഞെരിച്ചു കൊല്ലാൻ ഉപയോഗിച്ച 2 കൈലി മുണ്ടുകളും ഷർട്ടും പൊലീസ് കണ്ടെടുത്തിരുന്നു. സംഭവം നടന്ന ദിവസം ഉച്ചയ്ക്കു രണ്ടിനും വൈകിട്ട് ആറിനുമിടയിൽ മൈലപ്ര മേഖലയിൽ സംശയകരമായി കണ്ട വാഹനങ്ങളുടെ ദൃശ്യങ്ങൾ പൊലീസ് പ്രത്യേകം പരിശോധിച്ചു. ഇവയിൽനിന്നു ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് 3 പേരെ ചോദ്യംചെയ്യാനായി തിങ്കളാഴ്ച പുലർച്ചെ കസ്റ്റഡിയിലെടുത്തത്.

മൈലപ്രയിലും പരിസരത്തും അതിഥിത്തൊഴിലാളികൾ താമസിക്കുന്ന വീടുകളിലും പൊലീസ് പരിശോധന നടത്തിയിരുന്നു. ആക്രി കടകൾ ഉൾപ്പെടെ ഒട്ടേറെ വ്യാപാര സ്ഥാപനങ്ങളിലും പൊലീസ് എത്തി. പ്രദേശവാസികളുടെ മൊഴികളും രേഖപ്പെടുത്തി. ജില്ലാ പൊലീസ് മേധാവി വി.അജിത്തിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് അന്വേഷണത്തിനു നേതൃത്വം നൽകുന്നത്.

Top