പാലക്കാട് കുത്തേറ്റ് ചികിത്സയില്‍ കഴിഞ്ഞ യുവമോര്‍ച്ച നേതാവ് മരിച്ച സംഭവത്തില്‍ രാഷ്ട്രീയമില്ലെന്ന് പൊലീസ്

പാലക്കാട്: പാലക്കാട് തരൂരില്‍ കുത്തേറ്റ് ചികിത്സയില്‍ കഴിഞ്ഞ യുവമോര്‍ച്ച നേതാവ് മരിച്ച സംഭവത്തില്‍ രാഷ്ട്രീയമില്ലെന്ന് പൊലീസ്. യുവമോര്‍ച്ച തരൂര്‍ പഞ്ചായത്ത് സെക്രട്ടറി അരുണ്‍കുമാറാണ് മരിച്ചത്. കേസിലെ ആറു പ്രതികളെ പൊലീസ് പിടികൂടി. കൊലപാതകത്തിന് പിന്നില്‍ സിപിഎം, ഡിവൈഎഫ്‌ഐ പ്രവര്ര്‍ത്തകരെന്ന് ബിജെപി ആരോപിച്ചിരുന്നു.

സമുദായ ക്ഷേത്ര ഉത്സവത്തിനിടെയുണ്ടായ സംഘര്‍ഷം കൊലപാതകത്തില്‍ കലാശിച്ചു എന്നാണ് പാലക്കാട് എസ്പി ആര്‍. വിശ്വനാഥ് അറിയിച്ചത്. ഇതില്‍ ഗൂഢാലോചനയില്ല. പെട്ടന്നുള്ള പ്രകോപനമാണ് കൊലപാതക കാരണമെന്നും അദ്ദേഹം പറഞ്ഞു.

പഴമ്പലക്കാട്ടെ സമുദായ ക്ഷേത്ര ഉത്സവത്തിനിടെയുണ്ടായ തര്‍ക്കത്തെ ത്തുടര്‍ന്ന് ഈമാസം രണ്ടിനാണ് യുവമോര്‍ച്ച തരൂര്‍ പഞ്ചായത്ത് സെക്രട്ടറി അരുണ്‍കുമാറിന് കുത്തേറ്റത്. അയല്‍വാസികളവും ബന്ധുക്കളുമായ കൃഷ്ണദാസ്, ജയേഷ്,സന്തോഷ്, മണികണ്ഠന്, രമേശ്, മിഥുന്‍, നിഥിന്‍ എന്നിവരായിരുന്നു പ്രതികള്‍. നെഞ്ചിന് കുത്തേറ്റ അരുണ്‍ നെന്മാറയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കേ ഇന്ന് ഉച്ചയോടെയാണ് മരിച്ചത്. നിഥിനൊഴികെയുള്ള പ്രതികളെ ആലത്തൂര്‍ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പ്രതികളിലൊരാളായ മിഥുന്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനാണ്. അരുണ്‍ കുമാറിനെ കൊലപ്പെടുത്തിയത് സിപിഎം ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരാണെന്ന് ബിജെപി ആരോപിച്ചു. നാളെ ആലത്തൂര്‍ താലൂക്കിലും പെരിങ്ങോട്ട് കുറിശ്ശി, കോട്ടായി പഞ്ചായത്തിലും ഹര്‍ത്താലിന് ആഹ്വാനം ചെയ്യുകയും ചെയ്തു

ബിജെപി ആരോപണം സിപിഎം നിഷേധിച്ചു. ഉത്സവത്തിനിടെയുണ്ടായ സംഘര്‍ഷത്തെ രാഷ്ട്രീയവത്കരിക്കുന്ന ബിജെപി നിലപാട് അപലപനീയമെന്ന് ജില്ലാ സെക്രട്ടറി ഇ.എന്‍. സുരേഷ് ബാബു പറഞ്ഞു. അരുണ്‍കുമാറിന്റെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്ക് ശേഷം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും.

Top