സനൽകുമാർ ശശിധരനെതിരെ തെളിവുണ്ടെന്ന് പൊലീസ്, ജാമ്യം വേണ്ടെന്ന് സംവിധായകൻ

കൊച്ചി: നടി മഞ്ജു വാര്യരുടെ പരാതിയിൽ സംവിധായകൻ സനൽകുമാർ ശശിധരനെതിരെ തെളിവുണ്ടെന്ന് പൊലീസ്. മഞ്ജു വാര്യരെ സനൽകുമാർ ഭീഷണിപ്പെടുത്തിയതിന് തെളിവുണ്ട്. ഇയാളുടെ മൊബൈൽഫോൺ പിടിച്ചെടുത്തുവെന്നും കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ സി എച്ച് നാഗരാജു പറഞ്ഞു.

സനൽകുമാറിന്റെ മൊബൈൽഫോൺ പൊലീസ് പരിശോധിച്ചു. അന്വേഷണവുമായി സനൽകുമാർ സഹകരിക്കുന്നില്ലെന്നും പൊലീസ് വ്യക്തമാക്കി. അതേസമയം, തന്റെ അറസ്റ്റ് നിയമവിരുദ്ധമാണെന്നും, സ്‌റ്റേഷൻ ജാമ്യം വേണ്ടെന്നുമാണ് സനൽകുമാർ ശശിധരൻ പറയുന്നത്.

കോടതിയിൽ ചില കാര്യങ്ങൾ പറയാനുണ്ട്. അതിനാലാണ് സ്റ്റേഷൻ ജാമ്യം വേണ്ടെന്ന് പറയുന്നത്. തന്നെ കോടതിയിൽ ഹാജരാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. തന്റെ ജീവന് ഭീഷണിയുണ്ടെന്നും സനൽകുമാർ പറഞ്ഞു.

മഞ്ജുവിന്റെ ജീവന് ഭീഷണിയുണ്ടെന്നാണ് താൻ പറഞ്ഞത്. അതിന്റെ പിറ്റേന്നാണ് അറസ്റ്റുണ്ടായത്. താൻ പറഞ്ഞതിനോട് മഞ്ജു പ്രതികരിച്ചിട്ടില്ല. മഞ്ജു ജീവനോടെയുണ്ടോ എന്ന് പോലും അറിയില്ല. മഞ്ജുവിനെ ശല്യപ്പെടുത്തിയിട്ടില്ല. സന്ദേശങ്ങൾ അയച്ചിട്ടുണ്ട്. മഞ്ജുവിനെ കാണാൻ ഒരുപാട് വട്ടം ശ്രമിച്ചെങ്കിലും നടന്നില്ലെന്നും സനൽകുമാർ ശശിധരൻ പറയുന്നു.

നടി മഞ്ജു വാര്യരുടെ പരാതിയെത്തുടർന്ന് എളമക്കര പൊലീസാണ് തിരുവനന്തപുരത്തു നിന്നും സംവിധായകൻ സനൽകുമാർ ശശിധരനെ അറസ്റ്റ് ചെയ്തത്. സമൂഹമാധ്യമങ്ങളിലൂടെ അപമാനിച്ചതിനാണ് സനൽ കുമാർ ശശിധരനെതിരെ മഞ്ജു വാര്യർ പരാതി നൽകിയത്. തനിക്കെതിരെ തുടർച്ചയായി അപവാദം പ്രചരിപ്പിച്ചെന്നും പിന്തുടർന്ന് ഭീഷണിപ്പെടുത്തി എന്നും പരാതിയിൽ പറയുന്നു.

Top