കണ്ണൂരിൽ കറുത്ത മാസ്ക്കിനും വസ്ത്രത്തിനും വിലക്കില്ലെന്ന് പൊലീസ്

കണ്ണൂർ: മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് കണ്ണൂരിൽ പരിപാടികളിൽ പങ്കെടുക്കാനെത്തുമ്പോൾ കറുത്ത മാസ്കിനും കറുത്ത വസ്ത്രങ്ങൾക്കും വിലക്കില്ലെന്ന് പൊലീസ്. പൊതുജനങ്ങളുടെ കറുത്ത മാസ്ക് അഴിപ്പിക്കില്ലെന്നും കറുത്ത നിറമുള്ള വസ്ത്രം ധരിക്കുന്നതിനും വിലക്കില്ലെന്നും പൊലീസ് അറിയിച്ചു.

ഗസ്റ്റ് ഹൗസിൽ നിന്നും മുഖ്യമന്ത്രി രാവിലെ ഒൻപത് മണിയോടെ തളിപ്പറമ്പിലേക്ക് എത്തും. 10.30ന് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക് പോളിസി ആൻഡ് ലീഡർഷിപ്പ് കോളജ് ഉദ്ഘാടന പരിപാടിയിൽ പങ്കെടുക്കാനാണ് അദ്ദേഹം എത്തുക. എഴുന്നൂറിലധികം പൊലീസുകാരെയാണ് സുരക്ഷയ്ക്കായി വിന്യസിച്ചിട്ടുള്ളത്. കരിങ്കൊടി പ്രതിഷേധം ഒഴിവാക്കാൻ പഴുതടച്ച സുരക്ഷ ഒരുക്കും.

മുഖ്യമന്ത്രി എത്തുന്ന സ്ഥലങ്ങളിൽ കനത്ത പ്രതിഷേധങ്ങൾക്കും അക്രമങ്ങൾക്കും സാധ്യതയുണ്ടെന്ന് പോലീസ് ഇന്റലിജൻസ് വിഭാഗം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. മുഖ്യമന്ത്രിയുള്ള ജില്ലയിൽ അതത് പൊലീസ് മേധാവികൾ സുരക്ഷാ ക്രമീകരണങ്ങൾ വിലയിരുത്തും. മുഖ്യമന്ത്രിക്ക് ഒപ്പമുള്ള സ്ഥിരം സുരക്ഷാഗാർഡുകൾക്ക് പുറമേ അധികമായി കമാൻഡോകളെ പ്രത്യേകമായി നിയോഗിച്ചിട്ടുണ്ട്.

Top