സിനിമാസ്‌റ്റൈല്‍ കിഡ്‌നാപ്പ് ; പദ്ധതി പൊളിച്ച് രക്ഷകരായി പൊലീസ്

KIDNAPP

റാന്നി: സിനിമാ സ്റ്റൈലില്‍ തട്ടിക്കൊണ്ടുപോയി വിലപേശുന്ന സംഘത്തിന്റെ പിടിയില്‍ നിന്നും യുവാക്കളെ രക്ഷപ്പെടുത്തി പൊലീസ്. തട്ടിക്കൊണ്ടുപോയി വീട്ടുകാരെ ഭീഷണിപ്പെടുത്തി പണം തട്ടുന്ന സംഘത്തില്‍നിന്ന് റാന്നി സ്വദേശികളായ രണ്ടു യുവാക്കളെയാണ് റാന്നി പൊലീസ് മലപ്പുറത്ത് എത്തി രക്ഷിച്ചത്.

ഐത്തല കൊച്ചേത്ത് സണ്ണിയുടെ മകന്‍ ഷിജി (27), താഴത്തേതില്‍ മോനച്ചന്റെ മകന്‍ ജിക്കുമോന്‍ (27) എന്നിവരെയാണു മലപ്പുറത്തു തിരൂരിലെ വഴിയരികില്‍ ഉപേക്ഷിച്ച നിലയില്‍ പൊലീസ് കണ്ടെത്തിയത്.

ശനിയാഴ്ച വൈകിട്ട് ബാറില്‍ മദ്യപിച്ച ശേഷം പുറത്തിറങ്ങിയ യുവാക്കളെ തട്ടിക്കൊണ്ടുപോയി രണ്ടു ദിവസമായി വിലപേശുകയായിരുന്നു. വീട്ടുകാരെ ഫോണില്‍ ബന്ധപ്പെട്ടു ലക്ഷങ്ങളാണു സംഘം ആവശ്യപ്പെട്ടത്. ഇരുവരുടെയും വീട്ടുകാര്‍ അതിനു വഴങ്ങാതിരുന്നതോടെ ഒടുവില്‍ 10,000 രൂപയെങ്കിലും തരണമെന്നായി. എന്നാല്‍ ഇതും വീട്ടുകാര്‍ വിസമ്മതിച്ചു.

ഇതോടെയാണു രാത്രിയില്‍ തിരൂരിനു സമീപം റോഡരികില്‍ സംഘം യുവാക്കളെ ഉപേക്ഷിച്ചു മുങ്ങിയത്. യുവാക്കളെ തട്ടിക്കൊണ്ടുപോയതു മുതല്‍ വിവരങ്ങള്‍ ശേഖരിച്ചുവന്ന പൊലീസ് ഉടനെ മലപ്പുറത്തേക്കു തിരിക്കുകയായിരുന്നു.

സംഘത്തിലെ ഒരാളുടെ ഫോണ്‍ നമ്പര്‍ കൈവശമാക്കിയ പൊലീസ് ഈ നമ്പര്‍ കേന്ദ്രീകരിച്ച് അന്വേഷണം തുടങ്ങിയതോടെ പിടിക്കപ്പെടുമെന്ന സംശയത്തില്‍ സംഘം യുവാക്കളെ വഴിയിലുപേക്ഷിക്കാന്‍ നിര്‍ബന്ധിതരാകുകയായിരുന്നുവെന്നും കൂടുതല്‍ അന്വേഷണം നടക്കുകയാണെന്നും പൊലീസ് പറഞ്ഞു.

Top