പാര്‍ലമെന്റ് അതിക്രമം; പ്രതികളെത്തിയത് 2 പദ്ധതികളുമായി, പ്ലാന്‍ എ ‘സ്വയം തീ കൊളുത്താന്‍’

ഡല്‍ഹി: കഴിഞ്ഞ ദിവസം നടന്ന പാര്‍ലമെന്റ് അതിക്രമ സംഭവത്തില്‍ പ്രതികള്‍ പ്ലാന്‍ എ, പ്ലാന്‍ ബി എന്നിങ്ങനെ 2 പദ്ധതികള്‍ തയ്യാറാക്കിയിരുന്നതായി പൊലീസ്. സ്വയം തീകൊളുത്താനായിരുന്നു ഇവര്‍ ആദ്യം പദ്ധതി തയ്യാറാക്കിയതെന്ന് ദില്ലി പൊലീസിന്റെ വെളിപ്പെടുത്തല്‍. സഭയ്ക്ക് അകത്തും പുറത്തും ഇതിന് പദ്ധതിയിട്ടു. എന്നാല്‍ ദേഹത്ത് പുരട്ടാന്‍ ജെല്‍ കിട്ടാത്തതിനാല്‍ ഈ പദ്ധതി ഉപേക്ഷിക്കുകയായിരുന്നു. പിന്നീടാണ് രണ്ടാമത്തെ പദ്ധതിയായ പുക ആക്രമണം ഇവര്‍ പാര്‍ലമെന്റിന് അകത്തും പുറത്തും നടപ്പിലാക്കിയത്. പാര്‍ലമെന്റ് ആക്രമണത്തിന്റെ മുഖ്യ സൂത്രധാരനായ ലളിത് ഝായാണ് പൊലീസിന് ഇക്കാര്യം മൊഴി നല്‍കിയത്.

പാര്‍ലമെന്റ് അതിക്രമത്തിലൂടെ പ്രതികള്‍ ശ്രമിച്ചത് അരാജകത്വം സൃഷ്ടിക്കാനെന്ന് ഡല്‍ഹി പൊലീസ് വ്യക്തമാക്കിയിരുന്നു. കൂടുതല്‍ പേരെ ഉള്‍പ്പെടുത്തി പ്രതിഷേധം നടത്താന്‍ ശ്രമം നടന്നു. കേസില്‍ കസ്റ്റഡിയിലുള്ള മഹേഷിനും ഗൂഢാലോചനയില്‍ വ്യക്തമായ പങ്കുള്ളതായി പൊലീസ് വ്യക്തമാക്കുന്നു. തെളിവെടുപ്പിനായി ലോക്‌സഭാ അധികൃതരെ സമീപിക്കാനാണ് ദില്ലി പൊലീസിന്റെ നീക്കം.

കേസില്‍ കസ്റ്റഡിയിലുള്ള മഹേഷ് നീലവുമായി നിരന്തരം ആശയ വിനിമയം നടത്തിയെന്നാണ് ഡല്‍ഹി പൊലീസ് പറയുന്നത്. മറ്റൊരു പ്രതി ലളിത് ഫോണുകള്‍ ഉപേക്ഷിച്ചത് ഹരിയാന രാജസ്ഥാന്‍ അതിര്‍ത്തിയിലാണെന്നാണ് സംശയം. ഡല്‍ഹിയിലെ ഒരു ഹോട്ടലിലും പ്രതികള്‍ താമസിച്ചുവെന്നും കണ്ടെത്തിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ജൂലായില്‍ സംഘം മൈസൂരില്‍ ഒത്തുകൂടിയിരുന്നുവെന്ന് പൊലീസ് പറയുന്നു. ഷൂവില്‍ അറയുണ്ടാക്കി ഒളിപ്പിച്ചാല്‍ കണ്ടെത്തില്ലെന്ന പദ്ധതി മനോരഞ്ജന്റേതായിരുന്നു. അമോള്‍ ഷിന്‍ഡേ മുംബൈയില്‍ നിന്ന് 1200 രൂപക്ക് സ്‌മോക്ക് ഗണ്‍ വാങ്ങിയെന്നുമാണ് ഡല്‍ഹി പൊലീസ് കണ്ടെത്തിയിരിക്കുന്നത്.

Top