പൊലീസ് സംരക്ഷണയില്‍ സ്ത്രീകള്‍ വന്നതില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് കൊട്ടാരം

sabarimala

പത്തനംതിട്ട: പൊലീസ് സംരക്ഷണയില്‍ സ്ത്രീകളെ കൊണ്ടു വന്നതില്‍ ഗൂഢാലോചനയുണ്ടെന്നും സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്നും പന്തളം കൊട്ടാരം അറിയിച്ചു. പരികര്‍മ്മികളോട് വിശദീകരണം ചോദിച്ച ബോര്‍ഡിന്റെ നടപടി ദൗര്‍ഭാഗ്യകരമെന്നും പരികര്‍മ്മികള്‍ക്ക് ആചാരം പാലിക്കുവാന്‍ അവകാശമുണ്ടെന്നും പന്തളം കൊട്ടാരം അറിയിച്ചു.

ഇതിനിടെ, യുവതി ശബരിമലയില്‍ പ്രവേശിച്ചുവെന്ന സംശയത്തില്‍ പ്രതിഷേധം ശക്തമായിരുന്നു. എന്നാല്‍ 50 വയസിനു മുകളില്‍ പ്രായമുള്ള സ്ത്രീയാണ് പ്രവേശിച്ചതെന്ന് പൊലീസ് പിന്നീട് അറിയിച്ചു. തമിഴ്‌നാട് സ്വദേശി ലതയാണ് ശബരിമലയില്‍ എത്തിയത്. ഇവരെ തടയുവാന്‍ സമരക്കാര്‍ ശ്രമിച്ചിരുന്നു. എന്നാല്‍ പൊലീസ് സുരക്ഷയില്‍ സ്ത്രീയും കുടുംബവും ശബരിമലയില്‍ ദര്‍ശനം നടത്തി.

ശരണം വിളികളുമായിട്ടായിരുന്നു നടപ്പന്തലില്‍ സമരക്കാര്‍ പ്രതിഷേധം നടത്തിയത്. തനിക്കു 55 വയസുണ്ടെന്ന് തീര്‍ത്ഥാടക പറഞ്ഞെങ്കിലും സമരക്കാര്‍ പ്രതിഷേധം ശക്തമാക്കുകയായിരുന്നു.

അതേസമയം, ശബരിമലയില്‍ യുവതികള്‍ പ്രവേശിച്ചാല്‍ നട അടച്ചിടുമെന്ന് തന്ത്രി കണ്ഠരര് രാജീവര് പറഞ്ഞിരുന്നു. നട അടച്ചിടാന്‍ തന്ത്രിയ്ക്ക് അവകാശമുണ്ടെന്ന് മേല്‍ ശാന്തിയും വ്യക്തമാക്കിയിരുന്നു.

എന്നാല്‍ ശബരിമലയില്‍ യുവതികള്‍ പ്രവേശിച്ചാല്‍ നടയടക്കുമെന്ന തന്ത്രിയുടെ നിലപാടിനെതിരെ ദേവസ്വം ബോര്‍ഡംഗം കെ.പി ശങ്കര്‍ദാസ് രംഗത്തെത്തിയിരുന്നു. ആചാരങ്ങള്‍ ലംഘിച്ചാല്‍ നടയടയ്ക്കുമെന്ന കണ്ഠരര് രാജീവരുടെ സമീപനത്തോട് യോജിപ്പില്ലെന്നും പരികര്‍മ്മികളുടെ പ്രതിഷേധം ക്ഷേത്രത്തിന് കളങ്കം വരുത്തി എന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

Top