കേന്ദ്ര ഐ.ബി സംഘം ശബരിമലയിൽ , പൊലീസിന്റെ നടപടികൾ നിരീക്ഷിക്കുന്നു

പത്തനംതിട്ട: ശബരിമലയിലെ പ്രശ്‌നങ്ങള്‍ നേരിട്ട് മനസ്സിലാക്കി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കേന്ദ്ര ഇന്റലിജന്‍സ് ബ്യൂറോ (ഐബി) ഉദ്യോഗസ്ഥര്‍ എത്തി. സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തില്‍ ശബരിമലയില്‍ സ്ത്രീകള്‍ പ്രവേശിക്കുന്നത് വലിയ സംഘര്‍ഷമുണ്ടാക്കിയ സാഹചര്യത്തില്‍, സംഭവവികാസങ്ങളെക്കുറിച്ച് കേന്ദ്ര സര്‍ക്കാരിന് നേരിട്ട് റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിനായാണ് സംഘം എത്തിയത്. സംസ്ഥാനത്ത് ക്രമസമാധാനത്തകര്‍ച്ച ഉണ്ടായാല്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്താന്‍ സാധ്യതയുണ്ടെന്ന അഭ്യൂഹങ്ങള്‍ക്കിടെയാണ് ഇന്റലിജന്‍സ് ബ്യൂറോയുടെ ഉന്നത സംഘം ശബരിമലയില്‍ എത്തിയത് എന്നതും ശ്രദ്ധേയമാണ്. ഇന്ന് വ്യാപക അക്രമങ്ങള്‍ ഉണ്ടായ നിലയ്ക്കല്‍, പമ്പ, സന്നിധാനം എന്നിവിടങ്ങളില്‍ നിന്നും വീഡിയോ ദൃശ്യങ്ങളടക്കമുള്ള വിവരങ്ങള്‍ ഐബി ഉദ്യോഗസ്ഥര്‍ ശേഖരിച്ചിട്ടുണ്ട്. കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗാണ് നേരിട്ട് സ്ഥിതിഗതികള്‍ വിലയിരുത്തുന്നത്.

വലിയ അക്രമ സംഭവങ്ങളാണ് ശബരിമലയില്‍ നടന്നു കൊണ്ടിരിക്കുന്നത്. സന്നിധാനത്തേയ്ക്ക് പോകാന്‍ ശ്രമിച്ച ചേര്‍ത്തല സ്വദേശി ലിബി എന്ന യുവതിയെ രാവിലെ തന്നെ പ്രതിഷേധക്കാര്‍ തടഞ്ഞിരുന്നു. ആന്ധ്രാപ്രദേശില്‍ നിന്നെത്തിയ സ്ത്രീ അടങ്ങിയ കുടുംബത്തെയും പ്രതിഷേധക്കാര്‍ മടക്കി അയച്ചു. മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരെയും വ്യാപകമായ ആക്രമണങ്ങളാണ് നടക്കുന്നത്. ന്യൂസ് മിനിറ്റ് റിപ്പോര്‍ട്ടര്‍ സരിത എസ്. ബാലനെ കെഎസ്ആര്‍ടിസി ബസില്‍നിന്നും സമരക്കാര്‍ ഇറക്കിവിട്ടു. ഇരുപതോളം വരുന്ന പുരുഷന്‍മാരാണ് സരിതയെ ബസില്‍നിന്നും പിടിച്ചിറക്കി ആക്രമിക്കാന്‍ ശ്രമിച്ചത്. റിപ്പബ്ലിക് ടിവി ദക്ഷിണേന്ത്യാ ബ്യൂറോ ചീഫ് പൂജ പ്രസന്നയുടെ വാഹനം അടിച്ചു തകര്‍ക്കുകയും അവരെ ആക്രമിക്കുകയും ചെയ്തു. ദേശീയ മാധ്യമങ്ങള്‍ക്ക് നേരെ വ്യാപകമായ ആക്രമണം ഉണ്ടായതിനെത്തുടര്‍ന്ന് ശബരിമല വിഷയം ദേശീയ തലത്തില്‍ തന്നെ അതീവ ഗൗരവമായാണ് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. ഒരു കാരണവശാലും യുവതികളെ ശബരിമലയില്‍ പ്രവേശിപ്പിക്കില്ലെന്ന വാശിയിലാണ് പ്രതിഷേധക്കാര്‍. ഇതിന്, വലിയ വിഭാഗം വിശ്വാസികളുടെയും പിന്തുണയുണ്ട്.

Chennai: Devotees participate in an agitation against the Supreme Court's verdict on Sabarimala Temple, in Chennai, Friday, Oct. 12, 2018. (PTI Photo)  (PTI10_12_2018_1000150B)

സുപ്രീംകോടതി വിധി നടപ്പാക്കുമെന്നാണ് സംസ്ഥാന സര്‍ക്കാരിന്റെ നിലപാട്. ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ സന്നിധാനത്ത് സ്ത്രീകള്‍ക്ക് ആവശ്യമായ എല്ലാവിധ സൗകര്യങ്ങളും ഒരുക്കിക്കൊടുക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. രാവിലെ പൊളിച്ചു മാറ്റിയ സമരപ്പന്തല്‍ വീണ്ടും ഉയര്‍ത്തി ബിജെപിയുടെ നേതൃത്വത്തില്‍ പ്രതിഷേധം കൂടുതല്‍ ശക്തമാക്കിയതോടെയാണ് ആക്രമണങ്ങള്‍ പൊട്ടിപ്പുറപ്പെട്ടത്. വളരെ വൈകാരികമായാണ് ജനങ്ങള്‍ ശബരിമല സ്ത്രീപ്രവേശനത്തോട് പ്രതികരിക്കുന്നത്. അതിനാല്‍, നിലവിലെ സ്ഥിതി വര്‍ഗ്ഗീയ പ്രശ്‌നമായേക്കാമെന്ന് ഇടത് സര്‍ക്കാര്‍ ആശങ്കപ്പെടുന്നുണ്ട്. ഇത് സര്‍ക്കാരിന് വലിയ വെല്ലുവിളിയാണ് ഉയര്‍ത്തുന്നത്. സാഹചര്യം മുതലെടുത്ത് ബിജെപി രാഷ്ട്രീയ മുതലെടുപ്പ് നടത്താനാണ് നോക്കുന്നതെന്ന് കടകംപള്ളി അടക്കമുള്ള ഇടത് നേതാക്കള്‍ ആരോപിച്ചു.

ശബരിമലയിലേയ്ക്ക് കൂടുതല്‍ കമാന്‍ഡോകളെ വിന്യസിച്ചിട്ടുണ്ട്. നിലവില്‍ 700 പൊലീസുകാരാണ് ഇവിടെയുള്ളത്. ഇതിനു പുറമെ 300 പേരെ കൂടി സ്ഥലത്ത് വിന്യസിക്കാനാണ് ശ്രമം. സമരക്കാര്‍ക്ക് നേരെ ലാത്തിച്ചാര്‍ജ്ജ് നടത്തിയ പോലീസ് നടപടിയ്‌ക്കെതിരെ ബിജെപിയും കോണ്‍ഗ്രസും രംഗത്തു വന്നിട്ടുണ്ട്.

103010-pcjtjzlodu-1539489357

അതിനിടെ, വന്‍ ഭക്തജനത്തിരക്കോട് കൂടി തുലാവര്‍ഷ പൂജകള്‍ക്കായി ശബരിമല നടതുറന്നു. സംഘര്‍ഷഭരിതമായ അന്തരീക്ഷത്തില്‍ ആശങ്കയോടെയാണ് ഭക്തര്‍ ശബരിമലയിലേക്ക് എത്തി കൊണ്ടിരിക്കുന്നത്. പ്രതിഷേധക്കാരും സംഘടിതമായി പമ്പയിലേക്ക് എത്തുന്നുണ്ട്.

Top