പൊലീസുകാരില്‍ ചിലര്‍ ആര്‍എസ്എസിന്റെ ഒറ്റുകാരാണെന്ന് പറഞ്ഞിട്ടില്ലെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: പൊലീസുകാരില്‍ ചിലര്‍ ആര്‍എസ്എസിന്റെ ഒറ്റുകാരാണെന്ന് പറഞ്ഞിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അങ്ങനെ ഒരു വിമര്‍ശനം നടത്തിയെന്ന് പറയുന്നത് വസ്തുതാ വിരുദ്ധമാണെന്നും അദ്ദേഹം പറഞ്ഞു.

കുറ്റങ്ങളും വീഴ്ചകളും ഉണ്ടാകുമ്പോള്‍ അത് ചൂണ്ടിക്കാട്ടേണ്ടത് മുഖ്യമന്ത്രിയെന്ന നിലയില്‍ തന്റെ ബാധ്യതയാണെന്നും അത് മാത്രമാണ് ക്രമസമാധാന ചുമതലയുള്ള പൊലീസ് ഉദ്യോഗസ്ഥരുടെ യോഗത്തില്‍ ചെയ്തതെന്നും പിണറായി വിജയന്‍ വ്യക്തമാക്കി.

‘പൊലീസുകാര്‍ സര്‍ക്കാര്‍ തീരുമാനത്തോടൊപ്പവും സംസ്ഥാന താല്‍പര്യത്തിന് ഒപ്പവുമാണ് നില്‍ക്കേണ്ടത്. നിങ്ങളില്‍ ചിലര്‍ക്ക് നെഞ്ചില്‍ കൈവച്ച് പറയാമോ സ്റ്റേറ്റിനൊപ്പം നിന്നുവെന്ന്’ ഇതായിരുന്നു മുഖ്യമന്ത്രിയുടെ വിമര്‍ശനം.

അതേസമയം യൂണിവേഴ്സിറ്റി കോളേജ് സംഭവത്തിന്റെ പേരില്‍ പിഎസ്സിയെ ആക്ഷേപിക്കാന്‍ ശ്രമം നടക്കുകയാണെന്ന് പിണറായി വിജയന്‍ പറഞ്ഞു. പിഎസ്സിയുടെ വിശ്വാസ്യതയെ സംശയിക്കേണ്ട കാര്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

യൂണിവേഴ്സിറ്റി കോളേജിലെ സംഘര്‍ഷത്തിനിടെ വിദ്യാര്‍ത്ഥിയെ കുത്തിപ്പരുക്കേല്‍പ്പിച്ച സംഭവത്തിലെ പ്രതികള്‍ പൊലീസ് റാങ്ക് പട്ടികയിലുള്‍പ്പെട്ടത് വലിയ വിവാദം സൃഷ്ടിച്ചിരുന്നു.

കണ്ണൂര്‍ ആസ്ഥാനമായ കഐപി 4 ബറ്റാലിയനിലെ പോലീസ് കോണ്‍സ്റ്റബിള്‍ നിയമനത്തിനുള്ള റാങ്ക് പട്ടികയിലാണ് പ്രതികള്‍ കൂട്ടത്തോടെ ഇടംപിടിച്ചത്. ജൂലൈ ഒന്നിനാണ് റാങ്ക് ലിസ്റ്റ് പുറത്തുവന്നത്. ഇതേ റാങ്ക് പട്ടികയ്ക്കെതിരെ ഒരുവിഭാഗം പരീക്ഷാര്‍ത്ഥികള്‍ നല്‍കിയ പരാതി അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിന്റെ പരിഗണനയിലുമാണ്.

സിവില്‍ പൊലീസ് ഓഫീസര്‍ കെഎപി നാലാം ബറ്റാലിയന്‍ (കാസര്‍ഗോഡ്) റാങ്ക് ലിസ്റ്റിലാണ് കോളേജ് യൂണിയന്‍ എസ്എഫ്ഐ യൂണിറ്റ് പ്രസിഡന്റ് ശിവരഞ്ജിത്തിന് ഒന്നാം റാങ്കുള്ളത്. 78.33 മാര്‍ക്കാണ് ശിവരഞ്ജിത്തിന് കിട്ടിയത്. രണ്ടാം പ്രതിയായ നസീം പൊലീസ് റാങ്ക് ലിസ്റ്റില്‍ 28-ാം റാങ്കുകാരനാണ്. 65.33 മാര്‍ക്കാണ് നസീമിന് ലഭിച്ചത്.

Top