Police resuffle; protest against Nalini netto

തിരുവനന്തപുരം: ആഭ്യന്തര പ്രിന്‍സിപ്പല്‍ സെക്രട്ടറിയും മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുമായ നളിനി നെറ്റോക്കെതിരെ ഇടത് നേതൃത്വത്തില്‍ അമര്‍ഷം.

ഭരണത്തില്‍ ഇടപെടല്‍ നടത്താതെ പിണറായി സര്‍ക്കാരിന്റെ സുഗമമായ പ്രവര്‍ത്തനത്തിനായി സിപിഎം തന്നെ മാറി നില്‍ക്കുന്ന സാഹചര്യത്തില്‍ ഈ ‘അനുകൂല’ സാഹചര്യം നളിനി നെറ്റോ ദുരുപയോഗം ചെയ്യുകയാണെന്നാണ് ആക്ഷേപം.

നാല് ഡിജിപിമാരെ എഡിജിപിമാരായി തരംതാഴ്ത്താന്‍ സര്‍ക്കാര്‍ എടുത്ത തീരുമാനം വിവേചനമാണെന്ന് ചൂണ്ടിക്കാട്ടി ഇടത് നേതൃത്വത്തോട് പരാതിപ്പെട്ട ഉന്നതര്‍ ഇതേരൂപത്തില്‍ നേരത്തെ ഉദ്യോഗക്കയറ്റം കിട്ടിയ ഐഎഎസുകാരുടെ കാര്യത്തില്‍ ‘നിയമം’ ബാധകമാക്കാത്തത് ഐഎഎസുകാരിയായ ആഭ്യന്തര സെക്രട്ടറിയുടെ സ്വാര്‍ത്ഥ താല്‍പര്യമാണെന്ന് ചൂണ്ടിക്കാട്ടിയിരുന്നു.

മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയെ സ്വാധീനിച്ച് കളങ്കിതരായ ഐപിഎസുകാര്‍ ഉള്‍പ്പെടെയുള്ളവര്‍ തന്ത്രപ്രധാനമായ തസ്തികകളില്‍ കയറി പറ്റുന്നതിലും ഇടതുപക്ഷത്തെ പ്രബല വിഭാഗത്തിന് അമര്‍ഷമുണ്ട്. എല്ലാം സുതാര്യമായി നടക്കണമെന്ന് പറഞ്ഞ മുഖ്യമന്ത്രിക്ക് സ്വന്തം വകുപ്പില്‍ തന്നെ ഇക്കാര്യം നടപ്പാക്കാന്‍ പറ്റാത്ത സാഹചര്യമാണ് ഉള്ളതെന്ന ആക്ഷേപം ഘടകകക്ഷിയായ സിപിഐ അടക്കമുള്ളവര്‍ക്കുമുണ്ട്.

അഴിമതിക്കാരും ആരോപണ വിധേയരുമായ ഐഎഎസ്-ഐപിഎസ് ഉദ്യോഗസ്ഥരെ തന്ത്രപ്രധാനമായ തസ്തികകളില്‍ നിയമിക്കരുതെന്നാണ് സിപിഐയുടെ നിലപാട്. സിപിഐ കൈകാര്യം ചെയ്യുന്ന റവന്യു വകുപ്പില്‍ ജില്ലാ കളക്ടര്‍മാരടക്കമുള്ള ഐഎഎസ് ഉദ്യോഗസ്ഥരുടെ നിയമനത്തില്‍ കളങ്കിതരെ ഒരു കാരണവശാലും നിയമിക്കേണ്ടതില്ലെന്ന് പാര്‍ട്ടി നേതൃത്വം തീരുമാനിച്ചിട്ടുണ്ട്.
പാര്‍ട്ടി പറയുന്നതിനപ്പുറം ഒരു നിയമനവും സിപിഐ മന്ത്രിമാരുടെ വകുപ്പുകളില്‍ നടക്കില്ലെന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ ഇതിനകം വ്യക്തമാക്കിയിട്ടുണ്ട്.

അതേസമയം, അഴിമതിക്കാര്‍ക്കെതിരെ കടുത്ത നിലപാട് സ്വീകരിക്കാന്‍ വിജിലന്‍സിനെ കൂട് തുറന്നു വിട്ട മുഖ്യമന്ത്രിയുടെ സ്വന്തം വകുപ്പില്‍ തന്ത്രപ്രധാനമായ ഇടങ്ങളില്‍ വിജിലന്‍സ് കേസില്‍ പ്രതികളായ നിരവധി ഐപിഎസ് ഉദ്യോഗസ്ഥര്‍ക്കാണ് ഇപ്പോള്‍ നിയമനം നല്‍കിയിരിക്കുന്നത്. ഇത് സര്‍ക്കാരിന്റെ ഉദ്ദേശ്യശുദ്ധിയെ ചോദ്യം ചെയ്യുന്നതായിപ്പോയെന്ന അഭിപ്രായം നേതൃത്വത്തിലും ശക്തമാണ്.

ഇപ്പോഴത്തെ നിയമനങ്ങളില്‍ മിക്കതും സിപിഎം നേതൃത്വത്തിന് അറിവ് പോലുമില്ലാത്ത നിയമനങ്ങളാണ് എന്ന് മാത്രമല്ല, നേരത്തെ പാര്‍ട്ടിയെ ദ്രോഹിച്ചവരും പാര്‍ട്ടി നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടവരും വരെ ഇക്കൂട്ടത്തിലുണ്ട്.

കഴിഞ്ഞ ഇടത് സര്‍ക്കാരുകളുടെ കാലത്ത് ഭരണം എകെജി സെന്റര്‍ കേന്ദ്രീകരിച്ചാണ് നടന്നതെന്ന ആക്ഷേപമാണ് ഉണ്ടായിരുന്നതെങ്കില്‍ ഇത്തവണ അത് മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി കൂടിയായ ആഭ്യന്തര സെക്രട്ടറിയുടെ ഓഫീസ് കേന്ദ്രീകരിച്ചാണെന്ന ആരോപണമാണ് ഉയര്‍ന്നു വരുന്നത്.

പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് മുന്നില്‍ ‘ഹിഡന്‍ അജണ്ടകള്‍’ നടപ്പാക്കി കിട്ടാന്‍ ‘ചില തല്‍പര കക്ഷികള്‍’ ശ്രമിക്കുന്നതായും ആക്ഷേപമുണ്ട്.

മുഖ്യമന്ത്രിക്ക് ഏതെങ്കിലും പ്രത്യേക ഉദ്യോഗസ്ഥനെ എവിടെയെങ്കിലും നിയമിക്കുന്നതിന് പ്രത്യേക താല്‍പര്യങ്ങളൊന്നുമില്ലെന്നിരിക്കെ ‘ഈ അവതാരങ്ങള്‍’ വഴി ചില ഐപിഎസ് ഉദ്യോഗസ്ഥര്‍ സാഹചര്യം മുതലെടുക്കുകയാണത്രെ.

ആഭ്യന്തര സെക്രട്ടറിയുടെ ഇപ്പോഴത്തെ പല നിലപാടുകളിലും ‘ഈ അവതാരങ്ങള്‍’ മുതലെടുപ്പ് നടത്തുന്നുണ്ടെന്നാണ് അണിയറ സംസാരം.

നളിനി നെറ്റോയുടെ സത്യസന്ധതയിലും കര്‍മ്മശേഷിയിലും പരിപൂര്‍ണ്ണ വിശ്വാസമുള്ളത് കൊണ്ടാണ് അവരെ മുഖ്യമന്ത്രി പ്രിന്‍സിപ്പല്‍ സെക്രട്ടറിയാക്കിയിരുന്നത്.

കാബിനറ്റിലെയും മുഖ്യമന്ത്രിയുടെ ഓഫീസിലെയും ഒരു രഹസ്യ തീരുമാനങ്ങളും ചര്‍ച്ചകളും പുറത്ത് പോകാത്ത തരത്തിലും മാധ്യമപ്രവര്‍ത്തകരെയടക്കം അമിതമായി അടുപ്പിക്കാതെയുമാണ് മുഖ്യമന്ത്രിയുടെ ഓഫീസ് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്.

സര്‍ക്കരിന്റെ കോണ്‍ഫിഡന്‍ഷ്യലായ വിവരങ്ങള്‍ മാധ്യമങ്ങള്‍ക്ക് ചോര്‍ത്തി കൊടുക്കുന്ന ഉദ്യോഗസ്ഥരുടെ നടപടി ഗൗരവമായി കാണാന്‍ തന്നെയാണ് തീരുമാനം.

അനാവശ്യമായ ഒരു കാര്യത്തിലും ഇടപെടാതെയാണ് മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പുത്തലത്ത് ദിനേശനടക്കം പാര്‍ട്ടി നിയോഗിച്ചവര്‍ ഇവിടെ പ്രവര്‍ത്തിക്കുന്നത്.

മുഖ്യമന്ത്രി സാക്ഷാല്‍ പിണറായി ആയതിനാല്‍ ബാഹ്യഇടപെടലുകള്‍ക്കും ഈ ഓഫീസില്‍ റെഡ് സിഗ്നലാണ്. ഇതാണ് ഇപ്പോള്‍ ചിലര്‍ ‘വളഞ്ഞ’ വഴിയില്‍ കാര്യസാധ്യത്തിനായി ഉപയോഗപ്പെടുത്തുന്നതത്രെ.

Top