പത്ത് യുവതികള്‍ കയറിയെന്ന പൊലീസ് റിപ്പോര്‍ട്ട് ശരിയായിരിക്കാമെന്ന് കടകംപള്ളി സുരേന്ദ്രന്‍

kadakampally-surendran

തിരുവനന്തപുരം: ശബരിമലയില്‍ കൂടുതല്‍ സ്ത്രീകള്‍ കയറിയെന്ന റിപ്പോര്‍ട്ട് ശരിയാകാമെന്ന് ദേവസ്വംമന്ത്രി കടകംപള്ളി സുരേന്ദ്രന്‍. പത്ത് യുവതികള്‍ കയറിയെന്ന പൊലീസ് റിപ്പോര്‍ട്ട് ശരിയായിരിക്കാം. വിശ്വാസികളായ ആക്ടിവിസ്റ്റുകള്‍ ശബരിമല കയറുന്നതില്‍ എതിര്‍പ്പില്ലെന്നും അദ്ദേഹം പറഞ്ഞു.

അടുത്തിടെ ശബരിമലയില്‍ എത്തിയവര്‍ക്ക് പ്രത്യേക ലക്ഷ്യങ്ങളില്ലെന്നും കടകംപള്ളി വ്യക്തമാക്കി.

അതേസമയം ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയായി മുഖ്യമന്ത്രി പെരുമാറരുതെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. കേരളത്തിലെ അക്രമങ്ങളുടെ ഉത്തരവാദിത്തം ബിജെപിക്കും സിപിഎമ്മിനും ആണെന്നും കേരളത്തെ യുദ്ധഭൂമിയാക്കാനുള്ള ആഹ്വാനമാണ് മുഖ്യമന്ത്രി നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.

കിളിമാനൂരില്‍ ഇന്നലെ മുഖ്യമന്ത്രി നടത്തിയ പ്രസംഗം അക്രമം ആളികത്തിക്കാനുള്ള ശ്രമമാണ്. മുഖ്യമന്ത്രിയുടെ പൈലറ്റ് വാഹനമിടിച്ച് പരിക്കേറ്റ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ ജാമ്യമില്ല കുറ്റം ചുമത്തി കേസെടുത്തത് ഫാസിസ്റ്റ് നടപടി. മുഖ്യമന്ത്രി തന്നെയാണ് ഇതിനുള്ള ഉത്തരവ് കൊടുത്തിരിക്കുന്നതെന്നും മുല്ലപ്പള്ളി ആരോപിച്ചു.

കോട്ടയത്ത് സമാധാനപരമായി ജാഥ നടത്തിയ ഉമ്മന്‍ചാണ്ടി, തിരുവഞ്ചൂര്‍ ഉള്‍പ്പടെയുള്ള നേതാക്കള്‍ക്കെതിരെ ഉണ്ടായ പൊലീസ് അതിക്രമം ന്യായീകരിക്കാനാകാത്തതാണെന്നും പ്രകോപനത്തിന്റെ ഭാഷാ ആരെയും സഹായിക്കില്ലെന്നും ജനുവരി ഏഴിന് പാര്‍ട്ടി ബ്‌ളോക്ക് ആസ്ഥാനങ്ങളില്‍ സമാധാന സംഗമം നടത്തുമെന്നും മുല്ലപ്പള്ളി വ്യക്തമാക്കി.

Top