ദുരിതാശ്വാസ പ്രവര്‍ത്തനം; മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ അവലോകന യോഗം തുടങ്ങി

Pinarayi Vijayan

തിരുവനന്തപുരം: സംസ്ഥാനത്തെ ദുരിതാശ്വാസ പ്രവര്‍ത്തനം വിലയിരുത്തുവാന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ പ്രത്യേക അവലോകന യോഗം ആരംഭിച്ചു. ജില്ലാ കളക്ടര്‍മാരും ഉന്നത പൊലീസ് മേധാവിമാരും യോഗത്തില്‍ പങ്കെടുക്കുന്നതാണ്.
ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെയും പുനര്‍നിര്‍മാണങ്ങളുടെയും പുരോഗതിയാണ് ഇന്നു ചേര്‍ന്ന അവലോകന യോഗത്തിലെ ചര്‍ച്ചാ വിഷയം.

പ്രളയത്തില്‍ മുങ്ങിപ്പോയ കേരളത്തിന്റെ പുനര്‍ നിര്‍മ്മാണത്തിന് ആവശ്യമായ എല്ലാ കാര്യങ്ങളും ചെയ്ത് വരികയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. പരിസ്ഥിതിയ്ക്ക് പ്രധാന്യം നല്‍കുന്ന നയങ്ങളായിരിക്കും സര്‍ക്കാര്‍ സ്വീകരിക്കുകയെന്നാണ് അദ്ദേഹം അറിയിച്ചത്.

നമ്മുടെ കരുത്ത് നമ്മള്‍ തിരിച്ചറിയേണ്ട സമയമാണിതെന്നും ലോകമെങ്ങുമുള്ള മലയാളികളാണ് കേരളത്തിന്റെ കരുത്തെന്നും മലയാളികള്‍ ഒരുമാസത്തെ ശമ്പളം നല്‍കിയാല്‍ കേരളം കരകയറുമെന്നും തുക പലഗഡുക്കളായി നല്‍കിയാല്‍ മതിയെന്നും പ്രവാസി മലയാളികള്‍ക്ക് ഇക്കാര്യത്തില്‍ നിര്‍ണ്ണായക പങ്കുണ്ടാകുമെന്നും എല്ലാവരുടെയും സഹായം തേടുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു.

നിലവിലെ ആരോപണങ്ങള്‍ കാര്യമാക്കുന്നില്ലെന്നും ദുരിതബാധിതരെ സഹായിക്കേണ്ട എല്ലാ നടപടികളും സഹായങ്ങളും സ്വീകരിക്കുമെന്നും നിലവിലെ ആശയക്കുഴപ്പങ്ങള്‍ മാറുന്നതിനുള്ള എല്ലാ കാര്യങ്ങളും ചെയ്യുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

Top