police-released-nadir

കണ്ണൂര്‍: മാവോയിസ്റ്റ് ബന്ധം ആരോപിച്ച് കണ്ണൂര്‍ ആറളം പൊലീസ് അറസ്റ്റ് ചെയ്ത നദീറിനെ വിട്ടയച്ചു. വേണ്ടത്ര തെളിവുകള്‍ ലഭ്യമാകാത്തതിനെ തുടര്‍ന്നാണ് വിട്ടയക്കുന്നത് എന്നാണ് പൊലീസ് വിശദീകരണം. കേസില്‍ അന്വേഷണം തുടരുമെന്നും പൊലീസ് അറിയിച്ചു.

അറസ്റ്റ് നടപടികള്‍ നിര്‍ത്താന്‍ എസ്.പി. നിര്‍ദ്ദേശം നല്‍കിയിരുന്നു. പൊലീസ് നടപടിക്കെതിരെ വി.എസ് അച്ചുതാനന്ദനും, കോടിയേരി ബാലകൃഷ്ണനും രംഗത്ത് വന്നിരുന്നു.

ദേശീയഗാനത്തെ അപകീര്‍ത്തിപ്പെടുത്തിയെന്ന കേസില്‍ പ്രതിചേര്‍ക്കപ്പെട്ട നാടകപ്രവര്‍ത്തകനും എഴുത്തുകാരനുമായ കമല്‍സിയെ കാണാന്‍ ആശുപത്രിയിലെത്തിയപ്പോഴായിരുന്നു നദീറിനെ മെഡിക്കല്‍ കോളേജ് പൊലീസ് പിടികൂടിയത്.

തുടര്‍ന്ന് ആറളം പൊലീസിന് കൈമാറുകയായിരുന്നു. ഇന്നലെ രാത്രി ആറളത്തെത്തിയ നദീറിന്റെ തെളിവെടുപ്പ് നടത്തിയെന്നാണ് പൊലീസ് അവകാശപ്പെടുന്നത്. ഇന്നലെ രാത്രി തന്നെ നദീറിന്റെ അറസ്റ്റ് രേഖപ്പെടുത്തി. രാജ്യദ്രോഹ കുറ്റം ചുമത്തിയാണ് നദീറിന്റെ അറസ്റ്റ് രേഖപ്പെടുത്തിയിരുന്നത്.

കേസന്വേഷിക്കുന്ന ഇരിട്ടി ഡിവൈഎസ്പി ഇക്കാര്യം സ്ഥിരീകരിച്ചിട്ടുമുണ്ട്. ആറളം വിയറ്റ്‌നാം കോളനിയിലെ ആദിവാസികളെ പോലീസ് സ്റ്റേഷനിലേക്ക് വിളിച്ച് വരുത്തുകയും ഇവര്‍ നദീറിനെ തിരിച്ചറിഞ്ഞെന്നുമാണ് പൊലീസ് പറഞ്ഞത്‌.

2016 മാര്‍ച്ചിലാണ് നദീറിനെതിരെ യുഎപിഎ ചുമത്തിയതെന്നാണ് പൊലീസ് പറയുന്നത്. എന്നാല്‍ 2016 മാര്‍ച്ചില്‍ നദീര്‍ ഉള്‍പ്പെടെ ആറംഗ സംഘം കാടുകയറിയെന്നും അവിടെ ആദിവാസികളെ ആയുധം കാണിച്ച് ഭിഷണിപ്പെടുത്തിയെന്നും കാട്ടുതീ എന്ന പുസ്തകം വിതരണം ചെയ്‌തെന്നുമാണ് ഇയാള്‍ക്കെതിരെ പൊലീസ് ചുമത്തിയിട്ടുള്ള കുറ്റം.

Top