അഴിമതി: കോഴിക്കോട് എം.പി എം.കെ രാഘവനെതിരെ പൊലീസ് കേസെടുത്തു

കണ്ണൂര്‍:കോഴിക്കോട് എം.പി എം.കെ രാഘവനെതിരെ കണ്ണൂര്‍ ടൗണ്‍ പൊലീസ് കേസെടുത്തു. അഗ്രീന്‍കോ സഹകരണ സൊസൈറ്റി ചെയര്‍മാനായിരിക്കെ ലക്ഷങ്ങളുടെ ക്രമക്കേട് നടത്തിയെന്ന ഓഡിറ്റ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. 2002- മുതല്‍ 2013 വരെ എം.കെ രാഘവന്‍ ചെയര്‍മാനായിരിക്കെ 77 കോടി ബാധ്യത വരുത്തിയെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

എം.കെ രാഘവന് പുറമെ മാനേജിങ് ഡയറക്ടര്‍മാര്‍ ആയിരുന്നവര്‍ക്കെതിരെയും കേസുണ്ട്. സഹകരണ സംഘമായ അഗ്രീന്‍കോയുടെ ആദ്യ മാനേജിങ് ഡയറക്ടറായിരുന്ന ബൈജു രാധാകൃഷ്ണന്‍ ഉന്നിച്ച പരാതിയിലാണ് കേസ് എടുത്തിരിക്കുന്നത്.2002 മുതല്‍ 2013 വരെ അഗ്രീന്‍കോയുടെ ചെയര്‍മാനായിരുന്നു എം.കെ രാഘവന്‍. ഈ കാലയളവില്‍ വിറ്റഴിച്ച ഉല്‍പ്പന്നങ്ങള്‍ക്കും വരവു ചെലവുകള്‍ക്കും രേഖകള്‍ സൂക്ഷിച്ചില്ലെന്നതാണ് പ്രധാന പരാതി. ക്രമരഹിതമായ ഇടപെടലുകള്‍ നടന്നു. ഇതിലൂടെ സ്ഥാപനത്തിന്റെ ബാധ്യത 77 കോടി രൂപയായതായും അന്വേഷണ റിപ്പോര്‍ട്ടിലുണ്ട്. ഓഡിറ്റ് റിപ്പോര്‍ട്ടിലൂടെയാണ് ഇവ പുറത്തുവന്നത്. സ്ഥാപനത്തിന്റെ മൊത്തം വായ്പകളും, നിക്ഷേപങ്ങള്‍ക്ക് നല്‍കേണ്ട പലിശയും കുടിശ്ശികയും എല്ലാം ചേര്‍ത്താണ് ഇത്.

സഹകരണ വിജിലന്‍സ് ഡിവൈഎസ്പിയായരുന്ന മാത്യു രാജ് കള്ളിക്കാടന്‍ ആണ് അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കിയത്. ഇതിന്റെ അടിസ്ഥാനത്തിലാണ് ഗൂഢാലോചന, വഞ്ചന തുടങ്ങിയ വകുപ്പുകള്‍ ചേര്‍ത്ത് ടൗണ്‍ പൊലീസ് കേസെടുത്തത്.

അതേസമയം കോഴിക്കോട് എം.പിയായ എം.കെ രാഘവന്‍ വീണ്ടും മത്സരിക്കുമെന്ന് ഉറപ്പിച്ചിരിക്കെയാണ് കേസ് ഉയര്‍ന്നു വന്നിരിക്കുന്നത്

Top