നടന്‍ ബാലയുടെ പരാതിയില്‍ യൂട്യൂബര്‍ അജു അലക്സിനെതിരെ പൊലീസ് കേസെടുത്തു

കൊച്ചി: നടന്‍ ബാലയുടെ പരാതിയില്‍ യൂട്യൂബര്‍ അജു അലക്സിനെതിരെ പൊലീസ് കേസെടുത്തു. സോഷ്യല്‍ മീഡിയയിലൂടെ തന്നെ അപകീര്‍ത്തിപ്പെടുത്തുന്നുവെന്ന ബാലയുടെ പരാതിയിലാണ് നടപടി. തന്റെ പക്കല്‍ നിന്ന് പണം തട്ടിയെടുക്കാനാണ് ശ്രമമെന്നും ബാല പരാതിയില്‍ ഉന്നയിച്ചിട്ടുണ്ട്. കോടതിയുടെ നിര്‍ദ്ദേശം കൂടി പരിഗണിച്ചാണ് പൊലീസ് കേസടുത്തത്.ബാലയുടെ വിശദമായ മൊഴി പോലീസ് ഇന്ന് രേഖപ്പെടുത്തിയേക്കും.

യുട്യൂബര്‍ അജു അലക്സിനെതിരെ നടന്‍ ബാല നേരത്തെ വക്കീല്‍ നോട്ടിസ് അയച്ചിരുന്നു. വീടുകയറി ആക്രമിച്ചെന്ന പ്രസ്താവന പിന്‍വലിച്ച് മൂന്ന് ദിവസത്തിനുള്ളില്‍ ഖേദം പ്രകടിപ്പിച്ചില്ലെങ്കില്‍ നിയമനടപടിയുമായി മുന്നോട്ട് പോകുമെന്നായിരുന്നു ബാല പറഞ്ഞത്.

അതേസമയം, യുട്യൂബര്‍ അജു അലക്സിനെ ഫ്ളാറ്റില്‍ അതിക്രമിച്ചു കയറി ഭീഷണിപ്പെടുത്തിയെന്ന പരാതിയില്‍ നടന്‍ ബാലയുടെ വീട്ടിലെത്തി പൊലീസ് കഴിഞ്ഞ ദിവസം മൊഴിയെടുത്തിരുന്നു. ഫ്ളാറ്റിനുള്ളില്‍ അതിക്രമിച്ചു കയറി ബാല തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി എന്നാണ് പരാതി. അജുവിന്റെ സുഹൃത്ത് മുഹമ്മദ് അബ്ദുല്‍ ഖാദര്‍ ആണ് പരാതിക്കാന്‍. തനിക്കെതിരെ അജു അലക്സ് വിഡിയോ ചെയ്തതിലുള്ള വിരോധമാണ് ബാലയുടെ പ്രവര്‍ത്തിക്ക് കാരണമെന്നാണ് എഫ്ഐആര്‍.

Top