ദുരിതാശ്വാസം: വ്യാജവാര്‍ത്ത പ്രചരിപ്പിച്ച ഒരാള്‍ അറസ്റ്റില്‍; രജിസ്റ്റര്‍ ചെയ്തത് 27 കേസുകള്‍

തിരുവനന്തപുരം: കേരളത്തെ കണ്ണീരിലാഴ്ത്തിയ കാലവര്‍ഷക്കെടുതിക്ക് പിന്നാലെ ദുരിതാശ്വാസപ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് സാമൂഹികമാധ്യമങ്ങളിലൂടെ വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിച്ചതിന് രജിസ്റ്റര്‍ ചെയ്ത കേസുകളുടെ എണ്ണം 27 ആയി.

സാമൂഹ്യമാധ്യമങ്ങളിലെ കുപ്രചരണം നടത്തിയ ഒരാളെ അറസ്റ്റ് ചെയ്തിട്ടുമുണ്ട്. സംസ്ഥാന പൊലീസ് മേധാവി ലോകനാഥ് ബെഹ്‌റയാണ് ഇക്കാര്യം അറിയിച്ചത്. തിരുവല്ല പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ ഇരവിപേരൂര്‍ പൊയ്കപ്പാടി കാരിമലയ്ക്കല്‍ വീട്ടില്‍ തമ്പിയുടെ മകന്‍ രഘു(48) ആണ് അറസ്റ്റിലായത്.

തിരുവനന്തപുരം സിറ്റി, തിരുവനന്തപുരം റൂറല്‍, പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, തൃശൂര്‍ സിറ്റി, മലപ്പുറം, വയനാട് എന്നിവിടങ്ങളില്‍ രണ്ടു വീതവും കൊല്ലം സിറ്റി, കൊല്ലം റൂറല്‍, ഇടുക്കി, എറണാകുളം സിറ്റി, എറണാകുളം റൂറല്‍, തൃശൂര്‍ റൂറല്‍, പാലക്കാട്, കോഴിക്കോട് സിറ്റി, കോഴിക്കോട് റൂറല്‍, കണ്ണൂര്‍, കാസര്‍ഗോഡ് എന്നിവിടങ്ങളില്‍ ഒന്ന് വീതവും കേസുകളാണ് വ്യാജവാര്‍ത്തകളുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെയുള്ള അന്വേഷണവും മറ്റു നിയമനടപടികളും ഊര്‍ജ്ജിതപ്പെടുത്തിയതായി ലോകനാഥ് ബെഹ്‌റ അറിയിച്ചു. രജിസ്റ്റര്‍ ചെയ്ത കേസുകള്‍ സംബന്ധിച്ച് സൈബര്‍ സെല്‍, സൈബര്‍ ഡോം, ഹൈടെക് സെല്‍ എന്നിവ വിശദമായി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Top