ജാനുവിന് കോഴ; കെ സുരേന്ദ്രനെതിരെ കേസെടുത്ത് പൊലീസ്

കല്‍പറ്റ: സി.കെ. ജാനുവിന് 50 ലക്ഷം രൂപ കോഴ നല്‍കിയെന്ന ആരോപണത്തില്‍ ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രനെതിരെ കേസ് രജിസ്റ്റര്‍ ചെയ്ത് പൊലീസ്. ജെ.ആര്‍.പിയുടെ മുന്‍ സംസ്ഥാന അധ്യക്ഷയും സുല്‍ത്താന്‍ ബത്തേരി മണ്ഡലത്തില്‍ എന്‍ഡിഎയുടെ ബിജെപി സ്ഥാനാര്‍ത്ഥിയായിരുന്ന സി കെ ജാനുവും കേസില്‍ പ്രതിയാണ്.

കല്‍പ്പറ്റ കോടതി നല്‍കിയ നിര്‍ദ്ദേശപ്രകാരമാണ് പൊലീസ്‌കേസ് രജിസ്റ്റര്‍ ചെയ്തത്. ജാനുവിനെ എന്‍.ഡി.എയിലെത്തിക്കാനും സുല്‍ത്താന്‍ ബത്തേരി മണ്ഡലത്തില്‍ സ്ഥാനാര്‍ഥിയാക്കാനും രണ്ടു തവണയായാണ് സുരേന്ദ്രന്‍ പണം കൈമാറിയത്. വ്യാഴാഴ്ചയാണ് സുരേന്ദ്രനെതിരെ കേസ് എടുക്കാന്‍ സുല്‍ത്താന്‍ ബത്തേരി സ്‌റ്റേഷന്‍ ഓഫീസരറോട് കല്‍പ്പറ്റ ഫസ്റ്റ്ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് കോടതി നിര്‍ദ്ദേശിച്ചത്.

എം.എസ്.എഫ്. സംസ്ഥാന പ്രസിഡന്റ് പി.കെ. നവാസ് പരാതി നല്‍കിയതിന് പിന്നാലെയായിരുന്നു നടപടി. ജാനുവിന് പണം നല്‍കിയതിന് തെളിവായി സുരേന്ദ്രനുമായുള്ള ഫോണ്‍ സംഭാഷണങ്ങളുടെ ശബ്ദരേഖ കഴിഞ്ഞദിവസങ്ങളില്‍ ജെ.ആര്‍.പി ട്രഷറര്‍ പ്രസീത പുറത്തുവിട്ടിരുന്നു. ഈ ആരോപണങ്ങളെ അടിസ്ഥാനമാക്കിയാണ് നവാസ് പരാതി നല്‍കിയത്.

Top